തൃശൂര്‍- കൊടകര കുഴല്‍പ്പണ കേസില്‍ ബി.ജെ.പി നേതാക്കളുടെ ചോദ്യം ചെയ്യല്‍ നടപടികള്‍ തുടരുന്നു. ബി.ജെ.പി സംസ്ഥാന സംഘടനാ ജനറല്‍ സെക്രട്ടറി എം. ഗണേശിനെ തൃശൂര്‍ പോലീസ് ക്ലബില്‍ വച്ചാണ് ചോദ്യം ചെയ്യുന്നത്. അറസ്റ്റിലായ പ്രതികളുടെ മൊഴികളുടെ അടിസ്ഥാനത്തിലും ഫോണ്‍ രേഖകളുടെ അടിസ്ഥാനത്തിലുമാണ് ചോദ്യം ചെയ്യല്‍.
പണത്തിന്റെ ഉറവിടം കണ്ടെത്താനാണ് ചോദ്യം ചെയ്യല്‍. കാറില്‍ കൊണ്ടുപോയ പണം ബി.ജെ.പിയുടേതാണോ എന്നാണ് പോലീസ് അന്വേഷിക്കുന്നത്. കവര്‍ച്ച കേസില്‍ ബി.ജെ.പി നേതാക്കള്‍ക്ക് ബന്ധമില്ലെന്ന് പോലീസ് പറഞ്ഞു.പക്ഷേ, പണത്തിന്റെ ഉറവിടത്തില്‍ ബി.ജെ.പി ബന്ധമുണ്ട്.
നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനുള്ള ഫണ്ടാണ് കൊടകരയില്‍ നഷ്ടപ്പെട്ടതെന്ന് പോലീസിന് വിവരം കിട്ടിയിട്ടുണ്ട്. പരാതിക്കാരനായ ധര്‍മരാജന്‍ സംഭവ ശേഷം വിളിച്ച ഫോണ്‍ കോളുകള്‍ പോലീസ് പരിശോധിച്ച് വരികയാണ്. കേസുമായി ബന്ധപ്പെട്ട് ബി.ജെ.പി ആലപ്പുഴ ജില്ലാ ട്രഷറര്‍ കെ.ജി കര്‍ത്തയെ ചോദ്യം ചെയ്തിരുന്നു.