സഭ്യതയാണ് സംസ്‌കാരം, ഞാന്‍ പൃഥ്വിക്കൊപ്പം- പ്രിയദര്‍ശന്‍

തിരുവനന്തപുരം- ലക്ഷദ്വീപ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിനെതിരേ നടക്കുന്ന അപകീര്‍ത്തികരമായ പ്രചാരണങ്ങളെ തള്ളി സംവിധായകന്‍ പ്രിയദര്‍ശന്‍. സഭ്യത എന്നത് ഒരു സംസ്‌കാരമാണ്, ഞാന്‍ ആ സംസ്‌കാരത്തോട് ഒപ്പമാണ്. പൃഥ്വിരാജിന് നേരെയുണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ താനും തള്ളിക്കളയുന്നു. ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെയാണ് പ്രിയദര്‍ശന്റെ പ്രതികരണം.


ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

സമൂഹത്തില്‍ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്‌നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവാം. ഒരു ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങള്‍ തുറന്നു പറയാനുള്ള സ്വാതന്ത്ര്യമാണ്. ലക്ഷദീപില്‍ ഇപ്പോള്‍ നടക്കുന്ന പ്രശ്‌നങ്ങളെക്കുറിച്ച് നടന്‍ പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുണ്ടെന്ന് ഞാന്‍ വിശ്വസിക്കുന്നു, തീര്‍ച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവര്‍ ഉണ്ടാകാം, വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യം ഉണ്ട്. എന്നാല്‍ സഭ്യമല്ലാത്ത രീതിയില്‍ അതിനോട് പ്രതികരിക്കുക എന്നാല്‍ അത് ആരു ചെയ്താലും അതിനെ അംഗീകരിക്കാന്‍ വയ്യ. സഭ്യത എന്നത് ഒരു സംസ്‌കാരമാണ്, ഞാന്‍ ആ സംസ്‌കാരത്തോട് ഒപ്പമാണ്. പ്രിഥ്വിരാജിന് നേരെ ഉണ്ടായ സഭ്യമല്ലാത്ത പ്രതികരണത്തെ സംസ്‌കാരവും ജനാധിപത്യബോധവും ഉള്ള എല്ലാവരെയും പോലെ ഞാനും തള്ളിക്കളയുന്നു. ഒരിക്കലും സംഭവിക്കാന്‍ പാടില്ലാത്തതാണ് സംഭവിച്ചത്.
വ്യാപകമായി എതിര്‍പ്പിനെത്തുടര്‍ന്ന് പൃഥ്വിരാജിനെ അവഹേളിക്കുന്ന ലേഖനം ജനം ഓണ്‍ലൈന്‍ പിന്‍വലിച്ചിരുന്നു.

 

Latest News