ദമാം- കിഴക്കൻ പ്രവിശ്യയിലെ അൽകോബാറിൽ സ്വകാര്യ കമ്പനിയിലെ തൊഴിൽ പ്രശ്നത്തിന് പരിഹാരം. കമ്പനിയിലെ 34 വിദേശ തൊഴിലാളികൾക്ക് അൽകോബാർ ലേബർ ഓഫീസിനു കീഴിലെ അനുരഞ്ജന പരിഹാര വിഭാഗം വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും ഈടാക്കി നൽകി. വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളുമായി തൊഴിലാളികൾക്ക് 17,79,155 റിയാലാണ് ഈടാക്കി നൽകിയത്. പ്രശ്ന പരിഹാരം സാധ്യമായ തൊഴിലാളികളിൽ കൂടുതലും ഇന്ത്യക്കാരാണ്. രണ്ടാം സ്ഥാനത്ത് നേപ്പാളികളും ശേഷം മറ്റു രാജ്യക്കാരുമാണ്.
ഈ വർഷം ആദ്യ പാദത്തിൽ അൽകോബാറിലെ പത്തു സ്വകാര്യ കമ്പനികളിലെ തൊഴിൽ പ്രശ്നങ്ങൾക്ക് അൽകോബാർ ലേബർ ഓഫീസിനു കീഴിലെ അനുരഞ്ജന പരിഹാര വിഭാഗം രമ്യമായി പരിഹാരം കണ്ടു. ഈ കേസുകളിൽ 118 തൊഴിലാളികൾക്ക് വേതന കുടിശ്ശികയും സർവീസ് ആനുകൂല്യങ്ങളും ഈടാക്കി നൽകി. ഇവർക്ക് ആകെ 19,93,692 റിയാലാണ് ഈടാക്കി നൽകിയത്. ജനുവരി ഒന്നു മുതൽ മെയ് വരെയുള്ള കാലത്ത് അൽകോബാർ ലേബർ ഓഫീസിനു കീഴിലെ അനുരഞ്ജന പരിഹാര വിഭാഗം തൊഴിലാളികൾക്ക് വേതന കുടിശ്ശികയും ആനുകൂല്യങ്ങളുമായി ആകെ 37,72,847 റിയാലാണ് ഈടാക്കി നൽകിയത്.