Sorry, you need to enable JavaScript to visit this website.

ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ ലംഘിച്ച് സംഘം ചേര്‍ന്ന് ബിരിയാണി ഉണ്ടാക്കി;  15 വാഹനങ്ങളും ബിരിയാണി ചെമ്പും പോലീസ് കസ്റ്റഡിയിലെടുത്തു

മേലാറ്റൂര്‍-  കരുവാരകുണ്ടില്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് മുപ്പതോളം പേര്‍ ചേര്‍ന്ന് ബിരിയാണി വെക്കാനുള്ള ശ്രമം പോലീസ് തടഞ്ഞു. സ്വകാര്യ വ്യക്തിയുടെ പറമ്പിലാണ് സുഹൃത്തുക്കള്‍ ചേര്‍ന്ന് ബിരിയാണി ഉണ്ടാക്കാന്‍ ശ്രമിച്ചത്. പോലീസിനെ കണ്ടതും ഒത്തുകൂടിയവര്‍ ഓടി രക്ഷപെട്ടു. ഇവര്‍ എത്തിയ വാഹനങ്ങളും ബിരിയാണി ചെമ്പും മറ്റ് പാത്രങ്ങളും കരുവാരകുണ്ട് പോലീസ് കസ്റ്റഡിയിലെടുത്തു. 
ട്രിപ്പിള്‍ ലോക്ക്ഡൗണ്‍ പത്താം ദിവസം പിന്നിടുമ്പോഴും ജില്ലയില്‍ രോഗബാധയില്‍ കാര്യമായ കുറവുണ്ടായിട്ടില്ല.  ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് ഇന്നലെ 21.62 ശതമാനമായിരുന്നു. ഹോം ക്വാറന്റീന് ജില്ലാ ഭരണകൂടം പുതിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചിട്ടുണ്ട്. പത്തില്‍ കൂടുതല്‍ അംഗങ്ങളുള്ള വീടുകളില്‍ രോഗം സ്ഥിരീകരിച്ചാല്‍ നിര്‍ബന്ധമായും ഡി.സി.സി., സി.എഫ്.എല്‍.ടി.സി. കേന്ദ്രങ്ങളില്‍ കഴിയണമെന്നതടക്കമുള്ള നിര്‍ദ്ദേശങ്ങളാണ് പുറത്തിറക്കിയിട്ടുള്ളത്.ട്രിപ്പിള്‍ ലോക്ഡൗണില്‍ ഇന്നലെ മുതല്‍ ചെറിയ ഇളവുകള്‍ മലപ്പുറം  ജില്ലാ കലക്ടര്‍ അനുവദിച്ചിട്ടുണ്ട്. വളര്‍ത്തുമൃഗങ്ങള്‍ക്കുള്ള തീറ്റ വില്‍പന നടത്തുന്ന കടകള്‍ക്കും, വളം, കീടനാശിനി, റെയിന്‍ ഗാര്‍ഡ് എന്നിവ വില്‍ക്കുന്ന കടകള്‍ക്കും കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഉച്ചയ്ക്ക് 2 മണി വരെ പ്രവര്‍ത്തിക്കാന്‍ അനുവാദം നല്‍കിയിട്ടുണ്ട്.
 

Latest News