Sorry, you need to enable JavaScript to visit this website.

ലക്ഷദ്വീപിനെ അരക്ഷിതരാക്കാന്‍ കാരണം അവർ മുസ്ലിംകളായത് കൊണ്ടു മാത്രം, പോരാട്ടത്തിൽ  അണിചേരുന്നുവെന്ന് ഐ.സി.യു

കൊച്ചി- ലക്ഷദ്വീപിൽ മോഡി സർക്കാർ പരിഷ്‌കാരം എന്ന പേരിൽ കൊണ്ടുവരുന്ന കിരാത നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുകയും ദ്വീപിന് വേണ്ടിയുള്ള പോരാട്ടത്തിൽ അണിചേരുന്നുവെന്നും മലയാളത്തിലെ പ്രമുഖ ട്രോൾ ഗ്രൂപ്പായ ഐ.സി.യു (ഇന്റർനാഷണൽ ചളു യൂണിയൻ). ഇതാദ്യമായാണ് ശക്തമായ രാഷ്ട്രീയ പ്രസ്താവനയുമായി ഐ.സി.യു രംഗത്ത് വരുന്നത്. 
ഐ.സി.യുവിന്റെ രാഷ്ട്രീയ പ്രസ്താവന

നമ്മിൽ പെട്ടവരെന്ന യാതൊരു പരിഗണനയുമില്ലാതെ കശ്മീർ ജനതയെ വരിഞ്ഞുമുറുക്കി പീഡിപ്പിച്ച് ഇല്ലായ്മ ചെയ്യുന്നതുപോലെ, ബിജെപി നിയന്ത്രിക്കുന്ന കേന്ദ്രസർക്കാറിന്റെ അടുത്ത ലക്ഷ്യം ലക്ഷദ്വീപാണ്. അതിനു പിന്നിലെ പ്രധാന കാരണം നൂറുശതമാനവും അതൊരു മുസ്ലീം ജനതയാണെന്നതാണ്. 
രാജ്യത്തെ ജനങ്ങൾ സമാധാനമായും സാഹോദര്യത്തോടെയും കഴിഞ്ഞാൽ തങ്ങളുടെ ഹിന്ദുത്വവർഗ്ഗീയ താല്പര്യങ്ങൾ നടപ്പിലാവില്ലെന്ന് സംഘപരിവാറിനറിയാം. അവ നടപ്പിലാക്കാനുള്ള എളുപ്പവഴിയാണ് മതന്യൂനപക്ഷങ്ങളെ അപരവൽക്കരിച്ച് രാജ്യത്ത് ധ്രുവീകരണം വളർത്തുകയും അങ്ങനെ പുതിയ സംഘർഷസാധ്യതകൾ തുറക്കുകയുമെന്നത്. 
ദ്വീപ് അഡ്മിനിസ്‌ട്രേറ്റർ പ്രഫുൽ ഖോഡ പട്ടേൽ വികസനത്തിനെന്ന വ്യാജേന കൊണ്ടുവരുന്ന ഫാസിസ്റ്റ് ഭരണ പരിഷ്‌ക്കാരങ്ങൾ ആ ദ്വീപുകളിലെ സൈ്വര്യജീവിതം അമ്പേ തകർക്കുകയാണ്. ഒരു വലിയ ഗൂഢലക്ഷ്യം മുന്നിൽ കണ്ട് സാമ്പത്തികമായും സാംസ്‌ക്കാരികമായും മതപരമായും ദ്വീപുനിവാസികളെ അരക്ഷിതരാക്കുക എന്ന ആദ്യ പടിയാണ് അഡ്മിനിസ്‌ട്രേറ്റർ ഇപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. 
അതിനായി ദ്വീപുനിവാസികളെ സർക്കാർ ജോലികളിൽ നിന്നും കൂട്ടത്തോടെ പുറത്താക്കുക, അവർക്ക് തദ്ദേശ കരാർ ജോലികൾ നിഷേധിക്കുക, മൽസ്യബന്ധനം മുഖ്യവരുമാനമായ അവരുടെ തൊഴിൽ സൗകര്യങ്ങൾ ഇല്ലായ്മ ചെയ്യുക, സ്വന്തം ഭൂമിമേലുള്ള അവരുടെ അവകാശങ്ങളെ ദുർബലപ്പെടുത്തുക തുടങ്ങിയ നടപടികൾ നടപ്പിലായിക്കഴിഞ്ഞു. ഒപ്പം, കുറ്റകൃത്യങ്ങൾ കുറവുള്ള ആ ദേശത്ത്, ദുരുപയോഗം ചെയ്യപ്പെടാൻ എളുപ്പമുള്ള ഗുണ്ടാ ആക്ട് പോലൊരു ഇരുതലവാൾ നിയമം കൊണ്ടുവന്ന് അവരെ ഭയപ്പെടുത്തി അസ്വസ്ഥരാക്കുന്നു. മെച്ചപ്പെട്ട മാലിന്യസംസ്‌ക്കരണവും ആരോഗ്യവും എന്ന മുഖപടമിട്ട് ബീഫ് നിരോധിക്കുവാൻ നിയമം കൊണ്ടുവരുന്നു. 
ബീഫ് ഒരു വലിയ രാഷ്ട്രീയ സാംസ്‌ക്കാരിക വിഷയമായ ഇന്ത്യയിൽ, അത് തീൻമേശയിലെ മുഖ്യ ഇനമായ ഒരു ജനതയ്ക്കു മുന്നിലേയ്ക്ക് എന്തിന്റെ പേരിൽ ബീഫ് നിരോധനം ഒളിച്ചുകടത്തിയാലും അതൊരു സാംസ്‌ക്കാരികാധിനിവേശം തന്നെയാണ്. ജനങ്ങളുടെ തീൻമേശയിലേക്കുള്ള ഭരണകൂടത്തിന്റെ എത്തിനോട്ടം മെയിൻലാൻഡും കടന്ന് ദ്വീപുകളിലേയ്ക്ക് എത്തിയിരിക്കുന്നു. 
വിദൂരമായ കപ്പൽച്ചാലിലൂടെ ദ്വീപുമായോ ദ്വീപുനിവാസികളുമായോ യാതൊരു ബന്ധവുമില്ലാത്ത ഒരു കപ്പലിൽ വിദേശികൾ കൊണ്ടുപോയ മയക്കുമരുന്നും ആയുധങ്ങളും പിടിച്ചെടുത്ത സംഭവത്തെ ദ്വീപുമായി കൂട്ടിക്കെട്ടി, അവിടെ ഭീകര പ്രവർത്തനങ്ങൾ നടക്കുന്നുണ്ട് എന്ന വ്യാജപ്രതീതി സൃഷ്ടിച്ച്, അതിന്റെ പേരിലാണ് ദ്വീപിൽ ഗുണ്ടാ ആക്ട് നടപ്പിലാക്കുന്നത്. നമ്മുടെ സഹോദരായ ദ്വീപുനിവാസികളെ ഒരു സുപ്രഭാതത്തിൽ രാജ്യദ്രോഹികളായി ചാപ്പയടിക്കുന്നതിനു തുല്യമാണത്. ഇപ്പോൾ സർക്കാർ ദ്വീപിൽ നടത്തിവരുന്ന അപരവൽക്കരണത്തിനും അതുവഴി ലക്ഷ്യമിടുന്ന ഗൂഢലക്ഷ്യങ്ങളുടെ ഫലപ്രാപ്തിക്കുമെതിരെ ഉണ്ടാവാൻ സാധ്യതയുള്ള സമരശബ്ദങ്ങളെയെല്ലാം അടിച്ചമർത്താനുള്ള മുന്നൊരുക്കം കൂടിയാണത്. 
വർഗ്ഗീയ ലക്ഷ്യങ്ങൾക്കൊപ്പം, മനുഷ്യ ജീവിതങ്ങൾക്ക് യാതൊരു വിലയും കൽപ്പിക്കാത്ത കോർപ്പറേറ്റുകൾക്ക് ദാസ്യപ്പണി ചെയ്തുവരുന്ന കേന്ദ്രസർക്കാറിന്റെ സാമ്പത്തിക താല്പര്യങ്ങളും പുതിയ നടപടികൾക്ക് പിന്നിലുണ്ട്. ബിജെപിയെ സംബന്ധിച്ച് ദ്വീപ് അഡ്മിനിസ്‌ട്രേറ്ററായി പ്രഫുൽ പട്ടേലിനെ നിയമിക്കാനുള്ള ഏറ്റവും വലിയ യോഗ്യതതന്നെ അദ്ദേഹത്തിന്റെ പൂർവ്വ ചരിത്രമാണ്. മുൻപ് തീരദേശസംരക്ഷണമെന്ന പേരിൽ ദാമൻ ദിയുവിന്റെ വലിയൊരു ഭാഗം തീരം ഒഴിപ്പിച്ചെടുത്തയാളാണ് പട്ടേൽ. തദ്ദേശീയരായ മൽസ്യത്തൊഴിലാളി ജനത ജീവിച്ചിരുന്ന ആ മനോഹരതീരം ഇന്ന് ടൂറിസം മേഖലയിൽനിന്ന് പണം വാരുന്ന കോർപ്പറേറ്റുകളുടെ അധീശത്വത്തിലാണ്. 
ഇതേ ഒഴിപ്പിക്കലും അധിനിവേശവും ദ്വീപിലും നടപ്പിലാക്കുകയെന്ന ലക്ഷ്യത്തോടെയാണിപ്പോൾ ദ്വീപിന്റെ തീരത്തെ മൽസ്യത്തൊഴിലാളികളുടെ തൊഴിൽ സൗകര്യങ്ങൾ ഇല്ലായ്മ ചെയ്യുന്നത്. ദ്വീപിലെ കോണ്ട്രാക്ട് പണികളിൽ നിന്ന് തദ്ദേശീയരെ വിലക്കുകയും പകരം ഗുജറാത്തിൽനിന്നുള്ള വൻകിട കോണ്ട്രാക്ടർമാർക്ക് ആ ജോലികൾ ഏൽപ്പിച്ചു നൽകുകയും ചെയ്യുന്ന പ്രഫുൽ പട്ടേൽ മുൻപ് ഗുജറാത്തിലെ ഒരു പ്രമുഖ മരാമത്ത് കോണ്ട്രാക്ടർ ആയിരുന്നുവെന്നതും ഇതിനൊപ്പം കൂട്ടിവായിക്കണം.
ദ്വീപുനിവാസികളെ ഇല്ലായ്മ ചെയ്തുകൊണ്ട്, ടൂറിസം, നിർമ്മാണ മേഖലകളിലെ കോർപ്പറേറ്റുകൾക്ക് ദ്വീപിലേയ്ക്ക് വഴിയൊരുക്കുകയാണ് ലക്ഷ്യമെന്ന് വ്യക്തം. അതിമനോഹരമായ തീരങ്ങളുള്ള ദ്വീപുകളുടെ ടൂറിസം സാധ്യതകൾ തിരിച്ചറിഞ്ഞ്, ജനങ്ങളെ സംരക്ഷിക്കുകയെന്ന പ്രാഥമിക ഉത്തരവാദിത്വം മറന്ന്, യാതൊരു എത്തിക്‌സുമില്ലാതെ ആ തീരങ്ങൾ കച്ചവടമാക്കുകയാണ് അക്ഷരാർത്ഥത്തിൽ സർക്കാർ ചെയ്യുന്നത്. 
രാജ്യത്തേറ്റവും ഫലപ്രദമായി വർഗ്ഗീയതയെ ചെറുത്തുനിൽക്കുന്ന സംസ്ഥാനങ്ങളിലൊന്നായ കേരളവുമായി സാഹോദര്യം പുലർത്തിവരുന്ന ദ്വീപുനിവാസികളെ കേരളവുമായി അകറ്റുക എന്ന ലക്ഷ്യവും ഇതിനിടയിൽ കൂടി നടപ്പിലാക്കി വരുന്നു. പകരം ബിജെപി ഭരിക്കുന്ന കർണാടകയുടെ സ്വാധീനത്തിൽ ദ്വീപിനെ കൊണ്ടുവരുന്നതിലേയ്ക്കായി, ദ്വീപിൽ നിന്ന് കേരളത്തേക്കാൾ മൂന്നിരട്ടി ദൂരക്കൂടുതലുള്ള, ദ്വീപുമായി സാമൂഹ്യ സാംസ്‌ക്കാരിക ബന്ധങ്ങളൊന്നുമില്ലാത്ത മംഗലാപുരത്തേക്ക് മെയിൻലാൻഡുമായുള്ള ബന്ധം മാറ്റാനാണ് നീക്കം. ഇതിനായി ബേപ്പൂരും കൊച്ചിയിലുമുള്ള അഡ്മിനിസ്‌ട്രേഷ്ൻ ഓഫീസുകൾ പൂട്ടുകയാണ്. 
ബിജെപി ആഗ്രഹിച്ചതുപോലെതന്നെ ദ്വീപ് അസ്വസ്ഥമാണ് ഇപ്പോൾ. അതിജീവിക്കുവാനുള്ള പ്രതിഷേധ സ്വരങ്ങളെ രാജ്യവിരുദ്ധമായി പ്രഖ്യാപിച്ച് ഒറ്റപ്പെടുത്തി ഇല്ലായ്മ ചെയ്യാനുള്ള ബിജെപിയുടെ സ്ഥിരം തന്ത്രം നടപ്പിലായി തുടങ്ങിയിട്ടുണ്ട്. അഡ്മിനിസ്‌ട്രേറ്ററോട് പ്രതിഷേധമറിയിച്ച പലരും അറസ്റ്റ് ചെയ്യപ്പെട്ടിരിക്കുന്നു. 
ഭൂമിക്ക് മേലുള്ള അവകാശം, തൊഴിൽ ചെയ്യാനുള്ള അവകാശം, ഇഷ്ടഭക്ഷണം കഴിക്കാനുള്ള അവകാശം, സ്വൈര്യജീവിതത്തിനുള്ള അവകാശം, ആത്മാഭിമാനത്തിനുള്ള അവകാശം, ഇങ്ങനെ മനുഷ്യർക്ക് വേണ്ട അടിസ്ഥാനപരമായ എല്ലാ അവകാശങ്ങളും ദ്വീപിൽ നിഷേധിക്കപ്പെടുകയാണ്. 
ദ്വീപുനിവാസികൾ മലയാളികളാണ്. ഇത് നമുക്കെതിരെയുള്ള അധിനിവേശമാണ്. ഇന്ത്യൻ ഭരണഘടന ഉറപ്പുവരുത്തുന്ന എല്ലാ അവകാശങ്ങളും എല്ലാവരെയും പോലെ ദ്വീപുവാസികൾക്കും കിട്ടേണ്ടതുണ്ട്. ജീവിക്കാൻ പറ്റാത്ത സാഹചര്യങ്ങളൊരുക്കി മറ്റൊരു കാശ്മീരാക്കരുത് ഈ നാടെന്ന് ആ തീരമപ്പാടെ രാജ്യത്തോട് ആവശ്യപ്പെടുന്നുണ്ട്. ആ ആവശ്യത്തോടൊപ്പം നിൽക്കേണ്ട കടമ സഹോദരരെന്ന നിലയിലും കേവലം മനുഷ്യരെന്ന നിലയിലും നമുക്കുണ്ട്.
ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടത്തുന്ന മനുഷ്യാവകാശലംഘനങ്ങളെയും വംശീയ ഉന്മൂലനശ്രമങ്ങളെയും ഐസിയു ശക്തമായി അപലപിക്കുന്നു. അവരുടെ അതിജീവനത്തിനായുള്ള സമരത്തിനു ഐസിയുവിന്റെ ഐക്യദാർഡ്യം അറിയിക്കുന്നു, ആ സമരത്തിൽ സമ്പൂർണമായി പങ്കുചേരുന്നു.
 

Latest News