Sorry, you need to enable JavaScript to visit this website.
Monday , January   17, 2022
Monday , January   17, 2022

സാധ്യതകളുടെ കലവറകൾ  തുറക്കാൻ സാമ്പത്തികശാസ്ത്ര പഠനം

സാമ്പത്തികശാസ്ത്ര പഠനം എന്ന് കേൾക്കുമ്പോൾ തന്നെ മുഖം ചുളിക്കുന്ന സ്വഭാവം മലയാളി വിദ്യാർഥികളിൽ പൊതുവെ കാണാറുണ്ട്. മനസ്സുകൊണ്ട് ആഗ്രഹിച്ച മറ്റു കരിയർ മേഖലകളിൽ പ്രവേശനം ലഭിക്കാത്തവർ മാത്രം തെരഞ്ഞെടുക്കുന്ന ഒരു വിഷയമായാണ് ഇക്കണോമിക്‌സിനെ പലരും കാണുന്നത്. ഈ വിഷയത്തിന്റെ വിശാലതയെക്കുറിച്ചും പഠന സാധ്യതാ വൈപുല്യങ്ങളെക്കുറിച്ചും അവബോധം ഇല്ലാത്തതിനാലാണ് ഇത്തരമൊരു കാഴ്ചപ്പാട് രൂപപ്പെട്ടു വന്നത് എന്നതാണ് വസ്തുത.

മനുഷ്യജീവിതത്തിന്റെ സർവ മേഖലകളെയും നിയന്ത്രിക്കുന്ന ഘടകമായ സമ്പത്തിനെക്കുറിച്ചുള്ള പഠനമെന്ന നിലയിൽ സാമ്പത്തിക ശാസ്ത്ര പഠനം ഏറെ പ്രാധാന്യമർഹിക്കുന്നുണ്ട്. രാജ്യത്തിന്റെയും വ്യവസ്ഥിതിയുടെയും സാമ്പത്തിക അടിത്തറ നിർണയിക്കാനും ഭദ്രമാക്കാനുമുള്ള ഉൾക്കാഴ്ചയോടെയുള്ള പ്രവർത്തനത്തിന് നേതൃത്വം നൽകാൻ സാമ്പത്തിക വിദഗ്ധരുടെ സേവനം അനിവാര്യമാണ്.  

വ്യക്തമായ നിരീക്ഷണപാടവം, പ്രശ്‌നങ്ങൾ കൃത്യമായി അവലോകനം ചെയ്യാനും അതിനുള്ള ഫലപ്രദമായ പരിഹാരം കണ്ടെത്താനുമുള്ള കഴിവ്, സംഖ്യകളോടും സാമ്പത്തിക സൂചികകളോടുമുള്ള താത്പര്യം, ആശയവിനിമയ ശേഷി, ചുറ്റുപാടുകളിലെ സാഹചര്യങ്ങളെക്കുറിച്ചുള്ള അവഗാഹം എന്നിവ ഉള്ളവർക്ക് ഇക്കണോമിക്‌സ് ഒരു കരിയറായി തെരഞ്ഞെടുക്കാവുന്നതാണ്. രാജ്യങ്ങൾ തമ്മിലുള്ള അതിരുകൾ അപ്രസക്തമായിക്കൊണ്ടിരിക്കുന്ന ഇക്കാലത്ത് സാമ്പത്തിക ശാസ്ത്ര മേഖലയിൽ കഴിവുകൾ തെളിയിക്കുന്നവർക്ക് അന്താരാഷ്ട്ര തലത്തിൽ തന്നെ സാധ്യതകൾ കണ്ടെത്താൻ പ്രയാസമുണ്ടാവില്ല. 

ബിരുദതലത്തിൽ സാമ്പത്തികശാസ്ത്രം പഠിക്കുന്നതിനു ഇപ്പോൾ അപേക്ഷ സമർപ്പിക്കാവുന്ന ഒരു പ്രമുഖ സ്ഥാപനമാണ് പൂനെയിലെ ഗോഖലെ ഇൻസ്റ്റിറ്റിയൂട്ട് ഓഫ് പൊളിറ്റിക്‌സ് ആന്റ് ഇക്കണോമിക്‌സ്. സാമ്പത്തിക ശാസ്ത്ര പഠന ഗവേഷണ രംഗത്തെ ഏറ്റവും പഴക്കമുള്ള സ്ഥപങ്ങളിലൊന്നാണിത്. 

ബി.എസ്‌സി ഇക്കണോമിക്‌സിന് പുറമെ വിവിധ വിഷയങ്ങളിൽ ബിരുദാന്തരബിരുദ പഠന സൗകര്യങ്ങളുമുണ്ട്. സാമ്പത്തിക ശാസ്ത്ര സിദ്ധാന്തങ്ങളുടെ അടിസ്ഥാന പാഠം, ലോക  സാമ്പത്തിക ക്രമങ്ങളുമായി ബന്ധപ്പെട്ട് ഈ സിദ്ധാന്തങ്ങളുടെ പ്രായോഗിക വശം, സാമ്പത്തിക അപഗ്രഥന ശേഷിയുടെ പരിശീലനം   എന്നീ തലങ്ങളിൽ ഊന്നിയാവും മുഖ്യ പഠനം. 
60 ശതമാനം മാർക്കോടെ (പട്ടിക വിഭാഗങ്ങൾക്ക് 50%) പ്ലസ് ടു പഠനം പൂത്തിയാക്കിയവർക്കും 2021 ൽ പരീക്ഷ അഭിമുഖീകരിക്കുന്നവർക്കും അപേക്ഷ സമർപ്പിക്കാം. 

GIPE Entrance Examination എന്ന പ്രവേശന പരീക്ഷ വഴിയാണ് ബി.എസ്‌സി ഇക്കണോമിക്‌സിനുള്ള അഡ്മിഷൻ. രണ്ട് മണിക്കൂർ നീണ്ടു നിൽക്കുന്ന പരീക്ഷയിൽ ഓരോ ശരിയുത്തരങ്ങൾക്കും ഒരു മാർക്ക് വീതം ലഭിക്കുന്ന 100  ചോദ്യങ്ങളുണ്ടാവും. തെറ്റുത്തരങ്ങൾക്ക് നെഗറ്റീവ് മാർക്ക് ഇല്ല. ഗണിതശാസ്ത്ര അഭിരുചി, അപഗ്രഥന ശേഷി, യുക്തിചിന്ത, ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം എന്നിവ പരിശോധിക്കപ്പെടും. ജൂൺ 27 ന് നടക്കുന്ന പ്രവേശന പരീക്ഷയിൽ അപേക്ഷ സമർപ്പിക്കുന്നതിനായി http://gipe.ac.in/ എന്ന വെബ്‌സൈറ്റ് വഴി ജൂൺ 18 വരെ അപേക്ഷിക്കാം. കോവിഡ് പ്രതിസന്ധി കാരണം പരീക്ഷാ തിയതിയിൽ മാറ്റങ്ങൾ ഉണ്ടാവാനിടയുണ്ട്. എറണാകുളം അടക്കം 12 പരീക്ഷാ കേന്ദ്രങ്ങളുണ്ട്.

 


ഗോഖലെ ഇൻസ്റ്റിറ്റിയൂട്ടിനു പുറമെ അലീഗഢ് മുസ്‌ലിം സർവകലാശാല, ഡോ. ബി.ആർ. അംബേദ്ക്കർ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്, ബനാറസ് ഹിന്ദു സർവകലാശാല, ജാമിഅ മില്ലിയ്യ ഇസ്‌ലാമിയ്യ, ദൽഹി സർവകലാശാലക്ക് കീഴിലുള്ള വിവിധ കോളേജുകൾ, ആന്ധ്രാപ്രദേശ് കേന്ദ്ര സർവകലാശാല, മറ്റു കേന്ദ്ര സർവകലാശാലകളായ ഇന്ദിരാഗാന്ധി ദേശീയ ട്രൈബൽ സർവകലാശാല, വിശ്വഭാരതി ശാന്തി നികേതൻ (ബംഗാൾ), ഡോ. ഹരിസിംഗ് ഗൗർ വിശ്വ വിദ്യാലയ (മധ്യപ്രദേശ്), ഗുരു ഗാസിദാസ് (ചത്തീസ്ഗഡ്) എന്നിവക്ക് പുറമെ മദ്രാസ് ക്രിസ്ത്യൻ കോളേജ്, ലയോള കോളേജ്, സ്‌റ്റെല്ല മേരീസ് കോളേജ് തുടങ്ങിയ നിരവധി സ്ഥാപങ്ങൾ സാമ്പത്തിക ശാസ്ത്രത്തിൽ ബിരുദതലത്തിൽ പഠനാവസരങ്ങൾ ഒരുക്കുന്നുണ്ട്. 

ഡോ. ബി.ആർ. അംബേദ്ക്കർ സ്‌കൂൾ ഓഫ് ഇക്കണോമിക്‌സ്, തമിഴ്‌നാട്, രാജസ്ഥാൻ, കർണാടക എന്നിവിടങ്ങളിലെ കേന്ദ്ര സർവകലാശാലകൾ, ഹൈദരാബാദ് സർവകലാശാല എന്നിവിടങ്ങളിലെ പഞ്ചവർഷ ഇന്റഗ്രേറ്റഡ് കോഴ്‌സുകൾ തെരഞ്ഞെടുത്താൽ +2 വിനു ശേഷം ബിരുദാനന്തര ബിരുദം കഴിഞ്ഞു പുറത്തിറങ്ങാമെന്ന സൗകര്യമുണ്ട്. 

ദേശീയ തലത്തിലുള്ള ചില സ്ഥാപനങ്ങളിൽ സാമ്പത്തിക ശാസ്ത്രം ബിരുദതലത്തിൽ പഠിക്കാൻ പ്ലസ് ടുവിനു ഗണിതം ഒരു വിഷയമായി പഠിച്ചിരിക്കണമെന്ന വ്യവസ്ഥയുണ്ട് എന്ന കാര്യം പ്രത്യേകം ഓർക്കണം. കേരളത്തിലെ യൂനിവേഴ്‌സിറ്റികളുടെ കീഴിലുള്ള സ്ഥപങ്ങളിലും സാമ്പത്തിക ശാസ്ത്രം പഠിക്കാൻ അവസരമുണ്ട്. പ്രവേശന രീതികളെക്കുറിച്ചും കോഴ്‌സ് ഫീസ്, മറ്റു വിശദ വിവരങ്ങൾ എന്നിവ അറിയുന്നതിനായി അതത് സ്ഥാപങ്ങളുടെ വെബ്‌സൈറ്റ് പരിശോധിക്കാം.
ബിരുദപഠനത്തിന് ശേഷം ഇന്ത്യക്കകത്തും പുറത്തും സാമ്പത്തിക ശാസ്ത്രത്തിലും സമാന മേഖലയിലും ഉപരിപഠനം നടത്താം. 

ഇന്ത്യക്കകത്തും പുറത്തുമുള്ള ശ്രദ്ധേയമായ സ്ഥാപനങ്ങൾ ബിസിനസ് ഇക്കണോമിക്‌സ്, അപ്ലൈഡ് ഇക്കണോമിക്‌സ്, ഇന്റർനാഷനൽ ഇക്കണോമിക്‌സ്, ഇക്കണോമെട്രിക്‌സ്, എൻവയോൺമെന്റൽ ഇക്കണോമിക്‌സ്, മാത്തമാറ്റിക്കൽ ഇക്കണോമിക്‌സ്, അഗ്രിക്കൾച്ചറൽ ഇക്കണോമിക്‌സ്, റൂറൽ ഡെവലപ്‌മെന്റ് ഇക്കണോമിക്‌സ്, ഇൻഡസ്ട്രിയൽ ഇക്കണോമിക്‌സ്, ഫോറിൻ ട്രേഡ്, ഫിനാൻഷ്യൽ മാനേജ്‌മെന്റ്, ഫിനാൻഷ്യൽ ഇക്കണോമിക്‌സ്, ക്വാണ്ടിറ്റേറ്റീവ് ഇക്കണോമിക്‌സ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് ഇൻ ഇക്കണോമിക് അനാലിസിസ്, എനർജി ഇക്കണോമിക്‌സ് തുടങ്ങിയ സവിശേഷമായ മേഖലകളിൽ ഉപരിപഠനത്തിനു അവസരങ്ങൾ നൽകുന്നുണ്ട്.


ഇക്കണോമിക്‌സ് പഠന ശേഷം അനുയോജ്യമായ യോഗ്യതകൾക്കനുസൃതമായി സ്‌കൂൾ, ഹയർ സെക്കന്ററി, കോളേജ്, സർവകലാശാല എന്നിവിടങ്ങളിൽ അധ്യാപകരായി അവസരം തേടുന്നതിന് പുറമെ വിവിധ സർവകലാശാലകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, കേന്ദ്രസംസ്ഥാന മന്ത്രാലയങ്ങൾ എന്നിവിടങ്ങളിൽ ഗവേഷണവും ആലോചിക്കാവുന്നതാണ്. ഉപരിപഠനശേഷം ആർ.ബി.ഐ റിസർച്ച് ഓഫീസർ, സാമ്പത്തിക ഉപദേഷ്ട്ടാവ്/ ആസൂത്രകൻ/ വിശകലന വിദഗ്ധൻ/റെഗുലേറ്ററി ഓഫീസർ, റിസ്‌ക് അനലിസ്റ്റ്, ഇൻവെസ്റ്റ്‌മെന്റ് അനലിസ്റ്റ് എന്നീ തസ്തികളിൽ ജോലിക്ക് ശ്രമിക്കാവുന്നതാണ്. 
വിവിധ ബാങ്കുകൾ, സെബി, നാഷനൽ സാമ്പിൾ സർവേ ഓർഗനൈസേഷൻ, സെൻട്രൽ സ്റ്റാറ്റിസ്റ്റിക്‌സ് ഓർഗനൈസേഷൻ, ഇൻഷുറൻസ് റെഗുലേറ്ററി അതോറിറ്റി, ഇൻഷുറൻസ് കമ്പനികൾ, ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ, ഓയിൽ കോർപറേഷൻ, റെയിൽവേ, ഹൈവെ അതോറിറ്റി, നീതി ആയോഗ്, സോഫ്റ്റ്‌വെയർ കമ്പനികൾ, സ്വകാര്യമേഖലാ സ്ഥാപനങ്ങൾ, എന്നിവിടങ്ങളിലെല്ലാം സാമ്പത്തിക വിദഗ്ധർക്ക് നിരവധി തൊഴിൽ അവസരങ്ങളുണ്ട്. അക്കാദമിക് ജേണലുകൾ, ദിനപത്രങ്ങൾ എന്നിവയിൽ അവലോകന വിദഗ്ധനായും ജോലിക്കായി ശ്രമിക്കാം. ലോക ബാങ്ക്, അന്തരാഷ്ട്ര നാണയ നിധി, ഐ.എൽ.ഒ, ഏഷ്യൻ ഡെവലപ്‌മെന്റ് ബാങ്ക്, മറ്റു അന്താരാഷ്ട്ര സ്ഥാപനങ്ങൾ എന്നിവിടങ്ങളിൽ തൊഴിൽ തേടുന്നവരും ഉണ്ട്. 

ബിരുദപഠനത്തിന് ശേഷം തന്നെ സിവിൽ സർവീസ്, എസ്.എസ്.സിയുടെ കമ്പൈൻഡ് ഗ്രാജുവേറ് ലെവൽ പരീക്ഷ, കേരള അഡ്മിനിസ്‌ട്രേറ്റീവ് സർവീസ് അടക്കമുള്ള കേരള പി.എസ്.സി തസ്തികകൾ, ബാങ്ക് ഓഫിസർ, മറ്റു ഗുമസ്ത തസ്തികകൾ തുടങ്ങിയ ജോലികൾക്ക്/പരീക്ഷകൾക്ക് ശ്രമിക്കാനും അവസരമുണ്ട്. 
ഗോഖലെ ഇൻസ്റ്റിറ്റിയൂട്ട് GIPE പ്രവേശന പരീക്ഷക്ക് അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി: ജൂൺ 18
GIPE പ്രവേശന പരീക്ഷാ തിയതി : ജൂൺ 27 (കോവിഡ്  പശ്ചാത്തലത്തിൽ തീയതി മാറ്റാനിടയുണ്ട്)
വെബ്‌സൈറ്റ് : http://gipe.ac.in/

 

Latest News