Sorry, you need to enable JavaScript to visit this website.

ഇത് ഭയപ്പെടുത്തല്‍ തന്ത്രം, ആശങ്കയുണ്ടെന്ന് ട്വിറ്റര്‍

ന്യൂദല്‍ഹി- ഈയിടെ ദല്‍ഹിയിലെ ട്വിറ്ററിന്റെ ഓഫീസില്‍ ദല്‍ഹി പോലീസ് സ്‌പെഷ്യല്‍ സെല്‍ നടത്തിയ റെയ്ഡ് സര്‍ക്കാരിന്റെ ഭയപ്പെടുത്തല്‍ തന്ത്രമാണെന്നും ഇത് ആശങ്കപ്പെടുത്തുന്നതാണെന്നും ട്വിറ്റര്‍. ബിജെപി കോണ്‍ഗ്രസിനെതിരെ ഉന്നയിച്ച ടൂള്‍കിറ്റ് കേസുമായി ബന്ധപ്പെട്ടായിരുന്നു ട്വിറ്ററിന്റെ ദല്‍ഹി, ഗുഡ്ഗാവ് ഓഫീസുകളില്‍ പോലീസ് കയറിയത്. പോലീസിനെ ഉപയോഗിച്ചുള്ള ഈ ഭയപ്പെടുത്തലും ഇന്ത്യയിലെ പുതിയ ഐടി ചട്ടങ്ങളും ആശങ്കപ്പെടുത്തുന്നതാണ്. ഇന്ത്യയിലെ തങ്ങളുടെ ജീവനക്കാരുടെ കാര്യത്തിലും ആശങ്കയുണ്ട്. ഇന്ത്യയിലേയും ലോകത്തെയും പൗരസമൂഹത്തോടൊപ്പം ഈ ആശങ്ക അറിയിക്കുകയാണെന്നും സ്വതന്ത്രവും തുറന്നതുമായ പൊതുചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുന്ന തരത്തില്‍ പുതിയ നിയമങ്ങളില്‍ ചില മാറ്റങ്ങള്‍ ആവശ്യപ്പെടുമെന്നും ട്വിറ്റര്‍ വക്താവ് അറിയിച്ചു. 

ഓഫീസ് റെയ്ഡിനും പുതിയ ഐടി നിയമ വിവാദങ്ങള്‍ക്കുമിടെ ആദ്യമായാണ് ട്വിറ്റര്‍ പ്രതികരിച്ചത്. പൊതുജന താല്‍പര്യം സംരക്ഷിക്കുന്ന ഒരു കൂട്ടായ സമീപനം സ്വീകരിക്കുന്നതിന് ഇന്ത്യയിലെ സര്‍ക്കാരുമായി നിര്‍മാണാത്മക ചര്‍ച്ചകള്‍ തുടരുമെന്നും ട്വിറ്റര്‍ അറിയിച്ചു. സമൂഹ മാധ്യമ പ്ലാറ്റ്‌ഫോമില്‍ പങ്കുവയ്ക്കപ്പെടുന്ന ഉള്ളടക്കത്തിന്റെ പേരില്‍ ചീഫ് കംപ്ലയന്‍സ് ഓഫീസര്‍ ആയി നിയമിക്കപ്പെടുന്ന ആള്‍ മാത്രം ക്രിമിനല്‍ നടപടി നേരിടേണ്ടി വരുന്നത് ആശങ്കപ്പെടുത്തുന്നതാണ്. സജീവ നിരീക്ഷണം നടത്തണമെന്ന ചട്ടവും യൂസര്‍മാരുടെ വിവരങ്ങള്‍ തേടാനുള്ള പൂര്‍ണ അധികാരം സര്‍ക്കാരിനും ഏജന്‍സികള്‍ക്കും ലഭിക്കുന്നതും അപകടകരമായ ഇടപെടലാണ്. ജനാധിപത്യ തത്വങ്ങളുമായി യോജിക്കുന്നതല്ല ഇതെന്നും ട്വിറ്റര്‍ വ്യക്തമാക്കി.

Latest News