ഇടുക്കി-തുടര്‍ച്ചയായുണ്ടാകുന്ന ന്യൂനമര്‍ദം മൂലമുളള പെരുമഴ സംസ്ഥാനത്തെ അണക്കെട്ടുകളിലേക്കുളള നീരൊഴുക്ക് ശക്തമാക്കി. കല്ലാര്‍കുട്ടി, ലോവര്‍പെരിയാര്‍, മലങ്കര അണക്കെട്ടുകള്‍ തുറന്നു. കക്കി അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്താണ് കൂടുതല്‍ മഴ ലഭിച്ചത്- 20.7 സെ.മീ. മറ്റ് പ്രധാന അണക്കെട്ടുകളുടെ വൃഷ്ടിപ്രദേശങ്ങളില്‍ ലഭിച്ച മഴ- ഇടുക്കി 5.24 സെ.മീ., പമ്പ 17.4, ഷോളയാര്‍ 7.7, ഇടമലയാര്‍ 8.84, കുണ്ടള 2.46, മാട്ടുപ്പെട്ടി 5.2, കുറ്റ്യാടി 2.9, തരിയോട് 1.14, പൊ•ുടി 8.5, കല്ലാര്‍കുട്ടി 13.7, ലോവര്‍പെരിയാര്‍ 9.1 സെ.മീ. 2336.52 അടിയാണ് ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ്. സംഭരണശേഷിയുടെ 35 ശതമാനമാണിത്.
കല്ലാര്‍കുട്ടി ഡാമിന്റെ രണ്ട് ഷട്ടറുകള്‍ ഉയര്‍ത്തി 180 ക്യുമെക്സ് വെള്ളം പുറത്തേക്ക് ഒഴുക്കി. 455 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 456.6 മീറ്ററാണ് കല്ലാര്‍കുട്ടിയുടെ പരമാവധി ജലനിരപ്പ്. ലോവര്‍ പെരിയാര്‍ പദ്ധതിയുടെ പാംബ്ല ഡാമില്‍ നിന്നും 300 ക്യുമെക്സ് വെള്ളം തുറന്നുവിടുന്നുണ്ട്. മലങ്കര അണക്കെട്ടില്‍ ജലനിരപ്പ് 39.66 മീറ്ററായി ഉയര്‍ന്നു. മൂലമറ്റം വൈദ്യുതി നിലയത്തില്‍ ഉത്പാദനം വര്‍ധിപ്പിച്ചതിനെ തുടര്‍ന്നാണ് ജലനിരപ്പ് ഉയര്‍ന്നത്. ഇതേതുടര്‍ന്ന് അണക്കെട്ടിലെ 6 ഷട്ടറുകളും 40 സെ. മീ. വീതം ഉയര്‍ത്തി.
42.463 ദശലക്ഷം യൂനിറ്റ് വൈദ്യുതി ഉത്പാദിപ്പിക്കാനുള്ള വെള്ളം അണക്കെട്ടുകളില്‍ ഒഴുകിയെത്തി. സംഭരണ ശേഷിയുടെ 34 ശതമാനം വെള്ളം നിലവില്‍ എല്ലാ അണക്കെട്ടുകളിലുമായുണ്ട്. ഇത് കെ.എസ്.ഇ.ബി ഈ കാലയളവില്‍ പ്രതീക്ഷിച്ചതിന്റെ നാലിരട്ടിയാണ്.