Sorry, you need to enable JavaScript to visit this website.

പാലത്തായി പീഡനക്കേസില്‍ വഴിത്തിരിവ്; ബിജെപി നേതാവ് പെണ്‍കുട്ടിയെ പീഡിപ്പിച്ചതിന് തെളിവ്

കണ്ണൂര്‍- വിവാദമായ കണ്ണൂര്‍ പാലത്തായി പീഡനക്കേസില്‍ വഴിത്തിരിവ്. പാലത്തായിയില്‍ ഒമ്പത് വയസ്സുകാരി പീഡനത്തിന് ഇരയായെന്ന് അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട്. ബി.ജെ.പി പ്രാദേശിക നേതാവും അധ്യാപകനുമായ കുനിയില്‍ പത്മരാജന്‍ നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചതിന് അന്വേഷണ സംഘത്തിന് തെളിവുകള്‍ ലഭിച്ചു.

സ്‌കൂളിലെ ശുചിമുറിയില്‍ അധ്യാപകനായ പത്മരാജന്‍ പീഡിപ്പിച്ചെന്നായിരുന്നു പെണ്‍കുട്ടിയുടെ മൊഴി. പീഡനത്തെ തുടര്‍ന്ന് പെണ്‍കുട്ടിക്ക് രക്തസ്രാവം ഉണ്ടായി. ഈ മൊഴികളുടെ അടിസ്ഥാനത്തില്‍ അന്വേഷണസംഘം ശുചിമുറിയിലെ ടൈലുകളും മണ്ണും ശാസ്ത്രീയ പരിശോധനക്ക് വിധേയമാക്കിയിരുന്നു. ഈ പരിശോധനയിലാണ് ശുചിമുറിയിലെ ടൈലുകളില്‍നിന്ന് രക്തക്കറ കണ്ടെത്തിയത്. ഇതിനൊപ്പം മറ്റു രീതിയിലുള്ള ശാസ്ത്രീയ പരിശോധനകളും അന്വേഷണത്തിന്റെ ഭാഗമായി നടന്നു. കേസില്‍ അധികം വൈകാതെ തന്നെ തലശ്ശേരി പോക്‌സോ കോടതിയില്‍ അന്വേഷണസംഘം കുറ്റപത്രം സമര്‍പ്പിക്കും.

2020 ജനുവരിയിലാണ് ഒമ്പതു വയസ്സുകാരി പീഡനത്തിന് ഇരയായെന്ന് പരാതി പോലീസിന് ലഭിക്കുന്നത്. പാനൂര്‍ പോലീസ് കേസ് അന്വേഷണം ആരംഭിച്ചതോടെ പ്രതി പത്മരാജന്‍ മുങ്ങി. പ്രതിയെ പോലീസ് പിടികൂടാന്‍ വൈകിയതോടെ വലിയ പ്രതിഷേധവും ഉയര്‍ന്നു. കേസ് വലിയ വിവാദവുമായി. സമ്മര്‍ദ്ദം ശക്തമായതോടെ പോലീസ് പത്മരാജനെ അറസ്റ്റ് ചെയ്തു. എന്നാല്‍ പീഡനം നടന്നിട്ടില്ലെന്നും പെണ്‍കുട്ടിയുടെ മൊഴി പരസ്പര വിരുദ്ധമാണെന്നുമായിരുന്നു പോലീസിന്റെ കണ്ടെത്തല്‍. ഇതിനെതിരെ നാട്ടുകാരുടെ നേതൃത്വത്തില്‍ വലിയ പ്രക്ഷോഭം ആരംഭിച്ചതോടെ കേസ് അന്വേഷിക്കാന്‍ സര്‍ക്കാര്‍ ഐ.ജി എസ്. ശ്രീജിത്തിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പെണ്‍കുട്ടി പറഞ്ഞത് വിശ്വസിക്കാന്‍ കഴിയില്ലെന്നായിരുന്നു ഈ അന്വേഷണ സംഘത്തിന്റെയും കണ്ടെത്തല്‍. ഇതിനിടെ പ്രതിപത്മരാജന് അനുകൂലമായ തരത്തില്‍ ഐജി ശ്രീജിത്തിന്റെ ഒരു ശബ്ദരേഖ പുറത്ത് വന്നത് വലിയ വിവാദമായി. തുടര്‍ന്ന് പെണ്‍കുട്ടിയുടെ ബന്ധുക്കള്‍ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു. 

ഹൈക്കേടതി ഉത്തരവ് പ്രകാരം ഐ.ജി. ഇ.ജെ ജയരാജിന്റെ നേതൃത്വത്തില്‍ മൂന്നാമത് പ്രത്യേക അന്വേഷണ സംഘമാണ് കേസില്‍ പ്രതിക്കെതിരെ പുതിയ തെളിവുകള്‍ കണ്ടെത്തിയത്. ഈ സംഘത്തിലുണ്ടായിരുന്ന രണ്ട് വനിതാ ഐപിഎസ് ഓഫീസര്‍മാര്‍ വിശദമായി പെണ്‍കുട്ടിയുടെ മൊഴി എടുത്തിരുന്നു. 
 

Latest News