ലഖ്‌നൗ- പൊതുസ്ഥലത്ത് മാസ്‌ക്കിടാത്തതിന് കസ്റ്റഡിയിലെടുത്ത യുവാവിന്റെ കയ്യിലും കാലിലും യുപി പോലീസ് ആണി അടിച്ചു കയറ്റിയതായി റിപോര്‍ട്ട്. ഉത്തര്‍ പ്രദേശിലെ ബറേലി ജില്ലയില്‍ 28കാരനായ തൊഴിലാളിയാണ് പോലീസിനെതിരെ ആരോപണം ഉന്നയിച്ചത്. ബറേലിയിലെ ജോഗി നവാദ സ്വദേശി രഞ്ജിത്തിനാണ് പരിക്കേറ്റത്. അതേസമയം പോലീസ് ഇതു തള്ളി. ഒരു കോണ്‍സ്റ്റബിളിനെ മര്‍ദിച്ച സംഭവത്തില്‍ അറസ്റ്റ് ഒഴിവാക്കാന്‍ രഞ്ജിത്ത് കയ്യിലും കാലിലും സ്വയം മുറിവേല്‍പ്പിച്ചതാണ് എന്നാണ് പോലീസ് വാദം. ഈ സംഭവം ജില്ലാ പോലീസ് ആസ്ഥാനത്തും ബഹളത്തിനിടയാക്കി. കയ്യിലും കാലിലും മുറിവേറ്റ രഞ്ജിത്തിനെ പോലീസ് തന്നെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവിടെ ചികിത്സയിലാണിപ്പോള്‍ യുവാവ്.
മദ്യലഹരിയില്‍ മാസ്‌ക് ധരിക്കാതെ പുറത്തിറങ്ങി നടക്കുന്നതിനിടെ മേയ് 24നാണ് രഞ്ജിത്തിനെ പോലീസ് പിടികൂടിയത്. തടയഞ്ഞ കോണ്‍സ്റ്റബിളിനോട് അപമര്യാദയോടെ പെരുമാറുകയും അടിക്കുകയും ചെയ്ത ശേഷം മുങ്ങുകയായിരുന്നുവെന്നും പോലീസ് പറയുന്നു. പോലീസിനെ ആക്രമിച്ചതിന് രഞ്ജിത്തിനെതിരെ പോലീസ് കേസും രജിസ്റ്റര്‍ ചെയ്തു. തൊട്ടടുത്ത ദിവസം വീട്ടിലെത്തി റെയ്ഡ് നടത്തിയെങ്കിലും പിടികൂടാനായില്ലെന്ന് പോലീസ് പറയുന്നു. ആശുപത്രിയില്‍ സുഖം പ്രാപിച്ചാല്‍ രഞ്ജിത്തിനെ കസ്റ്റഡിയിലെടുക്കുമെന്നും പോലീസ് പറഞ്ഞു.