ന്യൂദല്‍ഹി- വളര്‍ത്തു പട്ടിയെ ഹൈഡ്രജന്‍ ബലൂണില്‍ ഉയരത്തില്‍ പറത്തിയ യുട്യൂബര്‍ അറസ്റ്റിലായി. ഗൗരവ് എന്ന യുവാവാണ് പിടിയിലായത്. ഈ 'പട്ടി ഷോ' കാണിച്ച് ഈയിടെ യു ട്യൂബില്‍ അപ്ലോഡ് ചെയ്തതിനു പിന്നാലെ കടുത്ത വിമര്‍ശനങ്ങള്‍ ഗൗരവിനെതിരെ ഉയര്‍ന്നിരുന്നു. മിണ്ടാപ്രാണിയോട് കാണിക്കുന്ന ക്രൂരതയ്‌ക്കെതിരെ പലരും ശബ്ദമുയര്‍ത്തിയതോടെ വിഡിയോ ഡിലീറ്റ് ഡിലീറ്റ് ചെയ്തിരുന്നു. ഒരു പാര്‍ക്കില്‍ തന്റെ വളര്‍ത്തു പട്ടിയായ ഡോളറിനെ ഉപയോഗിച്ചായിരുന്നു ഗൗരവിന്റെ ഷോ. ഹൈഡ്രജന്‍ നിറച്ച കുറെ ബലൂണികള്‍ ഒന്നിച്ചു ഒരു നൂലില്‍ കെട്ടി അത് പട്ടിയുടെ മേല്‍ ബന്ധിച്ചാണ് പട്ടിയെ ഉയരത്തിലേക്ക് ഇയാള്‍ പറത്തി വിട്ടത്. ഇതേ വിഡിയോയില്‍ തന്നെ മറ്റൊരിടത്ത് ഇയാള്‍ പട്ടിയെ ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയുടെ ഉയരത്തില്‍ വരെ പറത്തുന്നുണ്ട്.
യുട്യൂബില്‍ 40 ലക്ഷത്തിലേറെ പ്രേക്ഷകരുള്ള ഗൗരവിനെതിരെ ദല്‍ഹിയിലെ മാളവ്യ നഗര്‍ പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. വിഡിയോ കോലാഹലമുണ്ടാക്കിയതോടെ അത് നീക്കം ചെയ്ത ശേഷം ഗൗരവ് ഒരു ക്ഷമാപണ വിഡിയോയും പുറത്തു വിട്ടിരുന്നു. പട്ടി ഷോ ചിത്രീകരിക്കുന്നതിനു മുമ്പ് എല്ലാ മുന്‍കരുതലുകളും സ്വീകരിച്ചിരുന്നെന്ന് ഇയാള്‍ പറയുന്നു. ഇനി ഇത്തരം വിഡിയോകള്‍ ആവര്‍ത്തിക്കില്ലെന്നും ഗൗരവ് പറഞ്ഞിരുന്നു.