സ്‌കൂൾതല ഓൺലൈൻ ക്ലാസ് ആവശ്യം സജീവമാകുന്നു


കാസർകോട് - രണ്ടാം കോവിഡ് തരംഗത്തിനിടയിൽ സംസ്ഥാനത്തെ വിദ്യാലയങ്ങൾ ജൂൺ ഒന്നിന് തന്നെ തുറക്കുമ്പോൾ സ്‌കൂളുകൾ കേന്ദ്രീകരിച്ച് ഓൺലൈൻ ക്ലാസുകൾ നടത്തുന്ന കാര്യം സജീവമായി പരിഗണിക്കണമെന്ന അഭിപ്രായം ശക്തമായി. 
സ്‌കൂളുകളിലെ സ്വന്തം ക്ലാസ് ടീച്ചർ ക്ലാസെടുക്കുന്നത് കുട്ടികൾക്ക്  ആകർഷകമാകുമെന്നും സ്‌കൂളുകൾ അടച്ചുപൂട്ടിയതിനെ തുടർന്ന് വെറുതെയിരിക്കുന്ന മുഴുവൻ അദ്ധ്യാപകരുടെയും സേവനം പ്രയോജനപ്പെടുത്താമെന്നും ചൂണ്ടിക്കാണിക്കുന്നു. കോവിഡ് പ്രതിസന്ധിക്കിടയിലും പൊതുവിദ്യാഭ്യാസ രംഗം കൂടുതൽ മെച്ചപ്പെടുത്തുന്നതിന് വിദ്യാഭ്യാസ വിദഗ്ധർ ശുപാർശ നൽകിയെങ്കിലും സ്‌കൂൾതല ഓൺലൈൻ ക്ലാസുകൾ എന്ന ആശയം വിദ്യാഭ്യാസ വകുപ്പിന്റെ തീരുമാനമായി പുറത്തുവന്നിട്ടില്ല. ഇത് സംബന്ധിച്ച ചർച്ചകൾ നടക്കുകയാണെന്നാണ് വിദ്യാഭ്യാസ വകുപ്പിലെ ഉന്നതർ അറിയിച്ചത്.

വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസുകൾക്ക് ഒപ്പം തന്നെ സ്‌കൂളുകളിലെ സ്വന്തം അദ്ധ്യാപകർ നേരിട്ട് കുട്ടികൾക്ക് ഓൺലൈൻ ക്ലാസെടുക്കുന്ന പഠന രീതി പുതിയ അധ്യയന വർഷത്തിൽ നടപ്പിലാക്കണമെന്നും അതിലൂടെ കേരളത്തിലെ മഹാഭൂരിപക്ഷം കുട്ടികൾക്കും വിദ്യാഭ്യാസം ഉറപ്പുവരുത്താൻ കഴിയുമെന്നുമാണ് വിദഗ്ധർ വിലയിരുത്തുന്നത്. വിക്ടേഴ്സ് ചാനലിലെ കുറെ പേരുടെ ക്ലാസുകൾ മാത്രമാണ് ആസ്വാദ്യകരവും പഠനാർഹവുമായി മാറിയിരുന്നത്. മിക്കവാറും ക്ലാസുകൾ അരോചകവുമായിരുന്നുവെന്ന് ആക്ഷേപമുണ്ടായി. ആരോ എടുക്കുന്ന ക്ലാസുകളോട് കുട്ടികൾ വലിയ താല്പര്യം കാണിച്ചിരുന്നില്ല. പരിചിതനായ അധ്യാപകൻ എടുക്കുന്നതും അപരിചിതനായ അധ്യാപകൻ എടുക്കുന്നതും തമ്മിൽ വലിയ അന്തരമുണ്ട്. ഭാഷ പ്രയോഗത്തിലും ശൈലിയിലും വലിയ പ്രശ്‌നമുണ്ടായി. ടെലിവിഷൻ ചാനലിന് മുമ്പിൽ കുട്ടികൾ ഇരിക്കാതായി. മൊബൈലിൽ ക്ലാസ് കാണുന്നവരിൽ മിക്കവരും രക്ഷിതാക്കൾ അറിയാതെ ഗെയിം കളിക്കുന്ന ഏർപ്പാടുകളുമുണ്ടായി.

ആ സംവിധാനം മുഴുവൻ ഉടച്ചുവാർക്കണമെന്ന അഭിപ്രായവും അധ്യാപകർ പങ്കുവെയ്ക്കുന്നു. ക്ലാസ് കഴിഞ്ഞശേഷം പാഠപുസ്തകം വായിക്കുന്നത് പോലെ റഫറൻസ് മെറ്റിരിയൽ ആയി വിക്ടേഴ്സ് ചാനലിലെ ഓൺലൈൻ ക്ലാസിനെ നിലനിർത്തിയാൽ മതിയെന്നാണ് ഒരഭിപ്രായം. കോവിഡ് രൂക്ഷമായതിനെ തുടർന്ന് പൊതുവിദ്യാലയങ്ങൾ അടച്ചിടേണ്ടി വന്നതിനെ തുടർന്നാണ് കഴിഞ്ഞ ജൂൺ ഒന്ന് മുതൽ വിക്ടേഴ്സ് ചാനലിൽ ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചത്. കേന്ദ്രീകൃത ഓൺലൈൻ ക്ലാസുകൾക്ക് തുടക്കത്തിൽ കിട്ടിയ സ്വീകാര്യത അൽപം കഴിഞ്ഞപ്പോൾ നഷ്ടപ്പെടുകയും സ്വന്തം അധ്യാപകർ ഗൂഗിൾ മീറ്റിലൂടെയും മറ്റും നടത്തിയ ക്ലാസുകൾ കുട്ടികളുടെ പങ്കാളിത്തം കൊണ്ട് നിറയുകയും ചെയ്യുന്ന കാഴ്ച പാഠമാകേണ്ടതാണ്.

 

Latest News