കോവിഡ്; മലപ്പുറത്ത് ടെസ്റ്റ് പോസിറ്റീവിറ്റിയിൽ കുറവ്

മലപ്പുറം-മലപ്പുറം ജില്ലയിൽ ബുധനാഴ്ച 4,751 പേർക്ക് കോവിഡ് 19 സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റീവിറ്റി നിരക്കിൽ നേരിയ കുറവ് രേഖപ്പെടുത്തി. 21.62 ശതമാനമെന്ന നിലയിലിലെത്തിയതായും അവർ അറിയിച്ചു. കഴിഞ്ഞ ദിവസം ഇത് 26.57 എന്ന നിലയിലായിരുന്നു. അതേസമയം നേരിട്ടുള്ള സമ്പർക്കത്തിലൂടെയുൾപ്പടെ രോഗബാധിതരാകുന്ന സ്ഥിതി ജില്ലയിൽ തുടരുകയാണ്. ട്രിപ്പിൾ ലോക്ഡൗൺ പ്രഖ്യാപിച്ച് ദിവസങ്ങൾ പിന്നിട്ടിട്ടും രോഗികളുടെ എണ്ണത്തിൽ കാര്യമായ കുറവ് രേഖപ്പെടുത്തിയിട്ടെല്ലന്നത് ആശങ്കാജനകമാണ്.
ജില്ലയിൽ ഇന്ന് 4,587 പേർക്കാണ് രോഗികളുമായി നേരിട്ടുള്ള സമ്പർക്കത്തിലൂടെ വൈറസ് ബാധിച്ചത്. 78 പേർക്ക് വൈറസ്ബാധയുണ്ടായതിന്റെ ഉറവിടം ഇതുവരെ കണ്ടെത്താനായിട്ടില്ല. ഇവരെക്കൂടാതെ വിദേശ രാജ്യങ്ങളിൽ നിന്ന് ജില്ലയിലെത്തിയ 21 പേർക്കും ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തിയ 65 പേർക്കും ഇന്ന് രോഗബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിൽ ഇതുവരെ 804 പേരാണ് കോവിഡ് ബാധിതരായി മരണത്തിന് കീഴടിങ്ങിയത്. എന്നാൽ ബുധനാഴ്ച 4,720 പേർ കൂടി രോഗവിമുക്തരായതോടെ ജില്ലയിൽ കോവിഡ് വിമുക്തരായി സാധാരണ ജീവിതത്തിലേക്ക് തിരിച്ചെത്തിയവരുടെ എണ്ണം 2,29,231 ആയി.
66,540 പേരാണ് ജില്ലയിൽ ഇപ്പോൾ നിരീക്ഷണത്തിലുള്ളത്. 44,959 പേരാണ് വിവിധ കേന്ദ്രങ്ങളിലായി ചികിത്സയിലുള്ളത്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളിൽ 1,454 പേരും കോവിഡ് ഫസ്റ്റ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിൽ 275 പേരും 177 പേർ കോവിഡ് സെക്കൻഡ് ലൈൻ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. തദ്ദേശഭരണ സ്ഥാപനങ്ങൾക്കു കീഴിലുള്ള പ്രത്യേക താമസ കേന്ദ്രങ്ങളായ ഡൊമിസിലിയറി കെയർ സെന്ററുളിൽ 943 പേരും ശേഷിക്കുന്നവർ വീടുകളിലും നിരീക്ഷണത്തിൽ കഴിയുന്നു.
ആരോഗ്യജാഗ്രത ഉറപ്പാക്കണം
ജില്ലയിൽ കോവിഡ് ബാധിതരുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ രോഗികളുമായി സമ്പർക്കത്തിലേർപ്പെട്ടവരും സംശയമുള്ളവരും പരിശോധനക്ക് വിധേയരാകണം. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ വാർഡുകൾ അടിസ്ഥാനമാക്കി പ്രത്യേക പരിശോധനാ ക്യാമ്പുകൾ നടന്നു വരികയാണ്. ഈ സൗകര്യം പ്രയോജനപ്പെടുത്താൻ എല്ലാവരും ശ്രദ്ധിക്കണം. ആരോഗ്യ ജാഗ്രത കർശനമായി പാലിക്കുകയെന്നത് ഓരോരുത്തരും സ്വന്തം ഉത്തരവാദിത്തമായി നിറവേറ്റണം. ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങളുണ്ടായാൽ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കൺട്രോൾ സെൽ, ആരോഗ്യ പ്രവർത്തകർ എന്നിവരുമായി ഫോണിൽ ബന്ധപ്പെടണമെന്നും ഒരു കാരണവശാലും നേരിട്ട് ആശുപത്രികളിൽ പോകരുതെന്നും ജില്ലാ മെഡിക്കൽ ഓഫീസർ പറഞ്ഞു. ജില്ലാതല കൺട്രോൾ സെല്ലിൽ വിളിച്ച് ലഭിക്കുന്ന നിർദേശങ്ങൾ പൂർണമായും പാലിക്കണം.
 

Latest News