ഫയലുകളിലെ കാലതാമസം നീക്കും- മുഖ്യമന്ത്രി

തിരുവനന്തപുരം- ഫയലുകള്‍ നീക്കുന്നതിലും ഫയലുകളില്‍ തീരുമാനം എടുക്കുന്നതിനും കാലതാമസം ഒഴിവാക്കാന്‍ നടപടിയെടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം ഉണ്ടാക്കി ഇക്കാര്യത്തില്‍ ആലോചന നടത്തണമെന്ന് നിര്‍ദ്ദേശം നല്‍കിയതായും മുഖ്യമന്ത്രി പറഞ്ഞു. വകുപ്പു സെക്രട്ടറിമാരുടെ യോഗം ഓണ്‍ലൈനില്‍ ചേര്‍ന്നത് സംബന്ധിച്ച വിവരങ്ങള്‍ പത്രസമ്മേളനത്തില്‍ പങ്കുവെക്കുകയായിരുന്നു മുഖ്യമന്ത്രി.

സര്‍ക്കാര്‍ നയങ്ങള്‍ നടപ്പാക്കുന്ന ഏറ്റവും സീനിയര്‍ ഉദ്യോഗസ്ഥരാണ് സെക്രട്ടറിമാര്‍. ഫയലുകളുടെ കാര്യത്തില്‍ കൃത്യമായ നിയന്ത്രണചുമതല അവര്‍ക്കാണ്. ഫയലുകള്‍ തീര്‍പ്പാക്കുന്നതില്‍ കാലതാമസം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. ഇത് ഒഴിവാക്കണം. ഒരാളുടെ കൈയില്‍ എത്രസമയം വെക്കാമെന്നതിന് പരിധി നിശ്ചയിക്കണം. ഒരു ഫയല്‍ വളരെയധികം പേര്‍ കാണേണ്ടതുണ്ടോ എന്നതും പരിശോധിക്കണം. ഫയല്‍ നീക്കം, ഫയല്‍ തീരുമാനം എന്നീ കാര്യങ്ങളില്‍ പുതിയ സമീപനം സ്വീകരിക്കേണ്ടതുണ്ട്. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തില്‍ പുതിയ സംവിധാനം ഉണ്ടാക്കി ഇക്കാര്യത്തില്‍ ആലോചന നടത്തണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി.

തീരുമാനങ്ങള്‍ സത്യസന്ധമായി കൈക്കൊള്ളുമ്പോള്‍ അനാവശ്യമായ ഭയപ്പാടും ആശങ്കയും ആര്‍ക്കും ഉണ്ടാകേണ്ടതില്ലെന്ന് യോഗത്തില്‍ വ്യക്തമാക്കി. ഇക്കാര്യത്തില്‍ ഉദ്യോഗസ്ഥര്‍ക്ക് സര്‍ക്കാര്‍ പൂര്‍ണ്ണ സംരക്ഷണം നല്‍കും. എന്നാല്‍ അഴിമതി കാണിച്ചാല്‍ ഒരുതരത്തിലും സംരക്ഷിക്കില്ല. അക്കാര്യത്തില്‍ വിട്ടുവീഴ്ചയില്ല.

 

Latest News