Sorry, you need to enable JavaScript to visit this website.

സൗദിയില്‍ പുതിയ ലെവി തിങ്കളാഴ്ച മുതല്‍; ഇഖാമ പുതുക്കാന്‍ 5550 റിയാല്‍വരെ വേണ്ടിവരും

റിയാദ് -സ്വകാര്യ മേഖലയിലെ വിദേശ തൊഴിലാളികൾക്ക് ബജറ്റിൽ നിർദേശിച്ച പ്രകാരമുള്ള ലെവി അടുത്ത തിങ്കളാഴ്ച  (ജനുവരി ഒന്ന്) മുതൽ നടപ്പിൽ വരുമെന്ന് തൊഴിൽ, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. ഇഖാമ പുതുക്കുന്നതിന്റെ ഭാഗമായ വർക്ക് പെർമിറ്റ് പുതുക്കുമ്പോഴാണ് പുതിയ ലെവി അടയ്‌ക്കേണ്ടതെന്നും നേരത്തെ ഇഖാമ പുതുക്കിയവരും അല്ലാത്തവരും പുതിയ ലെവിയിൽ നിന്ന് ഒഴിവാകില്ലെന്നും മന്ത്രാലയം വാർത്താകുറിപ്പിൽ വ്യക്തമാക്കി.

കൂടുതല്‍ വാര്‍ത്തകള്‍ക്കും വിശകലനങ്ങള്‍ക്കും മലയാളം ന്യൂസ്  ഫേസ്ബുക്ക്, ട്വിറ്റര്‍  ലൈക്ക് ചെയ്യൂ 

വർക്ക് പെർമിറ്റ് ഫീസ് നേരത്തെയുള്ളത് പോലെ എല്ലാവർക്കും 100 റിയാൽ തന്നെയാണ്. അതോടൊപ്പം ഇതുവരെയുണ്ടായിരുന്ന പ്രതിമാസം 200 റിയാൽ വീതം വർഷത്തിൽ അടയ്‌ക്കേണ്ട 2400 റിയാലിനോടൊപ്പം മറ്റൊരു 2400 റിയാൽ കൂടി അടയ്ക്കണം. സ്വദേശി ജീവനക്കാരുടെ എണ്ണത്തേക്കാൾ കുറവുള്ള വിദേശികൾക്ക് 100 റിയാൽ തോതിൽ 1200 റിയാൽ അധികം അടച്ചാൽ മതി. അതായത് സ്വദേശികളേക്കാൾ കൂടുതലുള്ള വിദേശികൾക്ക് ഇഖാമ പുതുക്കാൻ 4800 റിയാൽ ലെവിയും 100 റിയാൽ വർക്ക് പെർമിറ്റ് ചാർജും ജവാസാത്തിന്റെ 650 റിയാലുമടക്കം 2018 ൽ 5550 റിയാലാണ് അടയ്‌ക്കേണ്ടത്. സ്വദേശികൾ കൂടുതലുള്ള സ്ഥാപനങ്ങളാണെങ്കിൽ ജവാസാത്തിന്റെ 650 റിയാലിനൊപ്പം 3600 റിയാൽ അടച്ചാൽ മതി. 2019 ജനുവരി ഒന്നു മുതൽ സ്വദേശികളേക്കാൾ കൂടുതലുള്ള വിദേശികൾക്ക് വർഷത്തിൽ 7200 റിയാലും സ്വദേശികളേക്കാൾ കുറവുള്ള വിദേശികൾക്ക് 6000 റിയാലും 2020 ജനുവരി ഒന്നു മുതൽ സ്വദേശികളേക്കാൾ കൂടുതലുള്ള വിദേശികൾക്ക് വർഷത്തിൽ 9600 റിയാലും സ്വദേശികളുടെ എണ്ണത്തേക്കാൾ കുറവുള്ള വിദേശികൾക്ക് 8400 റിയാലും ലെവിയായി അടയ്‌ക്കേണ്ടിവരും. ഇഖാമ പുതുക്കാൻ ഇതോടൊപ്പം 650 റിയാൽ കൂടി അടയ്ക്കണം. സ്ഥാപനങ്ങൾക്കാണ് ലെവി അടയ്‌ക്കേണ്ട ഉത്തരവാദിത്തമെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

തൊഴിൽ മന്ത്രാലയത്തിന്റെ വെബ് സൈറ്റിലെ സ്ഥാപനത്തിന്റെയോ സ്‌പോൺസറുടെയോ അക്കൗണ്ട് വഴിയാണ് വർക്ക് പെർമിറ്റ് പുതുക്കുന്നതിനുള്ള സദാദ് നമ്പർ ലഭിക്കുക. ഈ മാസം അവസാനം വരെ ലെവിയും വർക്ക് പെർമിറ്റ് ചാർജുമടക്കം 2500 റിയാലാണ് ഓരോ തൊഴിലാളിയുടെ പേരിലും ലഭിക്കുന്നത്. ജനുവരി ഒന്നു മുതൽ പുതിയ ലെവി കൂടി ചേർത്തിട്ടാവും സദാദ് നമ്പർ ലഭിക്കുകയെന്നും എന്നാൽ അതിന് മുമ്പ് സദാദ് നമ്പർ ലഭിച്ചവർക്ക് പഴയ ലെവിയായ 2400 റിയാലും വർക്ക് പെർമിറ്റ് ചാർജായ 100 റിയാലും അടച്ച് ഇഖാമ പുതുക്കുന്നതിനുള്ള നടപടികളിലേക്ക് കടക്കാവുന്നതാണ്. പക്ഷേ ഇഖാമ ജനുവരി ഒന്നിന് മുമ്പ് പുതുക്കിയവരെല്ലാം ജനുവരിക്ക് ശേഷമുള്ള പുതിയ ലെവി അടയ്‌ക്കേണ്ടി വരും. അവർക്ക് ഇഖാമയുടെ അവസാന തീയതി വരെയുള്ള പുതിയ ലെവി അടയ്ക്കാനുള്ള ഇൻവോയ്‌സോ സദാദ് നമ്പറോ മന്ത്രാലയം സ്ഥാപനത്തിന്റെ അക്കൗണ്ട് വഴി അനുവദിക്കും. ഇതിന് മൂന്നു മാസത്തെ കാലാവധിയാണുണ്ടാവുക. അഥവാ എല്ലാ സ്ഥാപനങ്ങളും ഏപ്രിൽ ഒന്നിന് മുമ്പ് തൊഴിലാളികളുടെ പേരിലുള്ള കുടിശ്ശികയുള്ള ലെവി അടച്ചു തീർക്കണം. ഇല്ലെങ്കിൽ സ്ഥാപനത്തിനുള്ള തൊഴിൽ മന്ത്രാലയ സേവനങ്ങൾ മരവിപ്പിക്കും.
നിലവിൽ വർക്ക് പെർമിറ്റിനുള്ള സദാദ് നമ്പറിന്റെ കാലാവധി 14 ദിവസമാണ്. ഡിസംബർ 31 ന് ഇത്തരം സദാദ് നമ്പർ ലഭിച്ചാൽ ജനുവരി 14 വരെ ഉപയോഗിക്കാമെന്നും അതിന് ശേഷം അതിന്റെ കാലാവധി അവസാനിക്കുമെന്നും പിന്നീട് പുതിയ ലെവി പ്രകാരമുള്ള സദാദ് നമ്പറായിരിക്കും ലഭിക്കുകയെന്നും മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Latest News