Sorry, you need to enable JavaScript to visit this website.

വമ്പന്‍ വിമാനത്തിൽ പ്രവാസി ഒറ്റയ്ക്ക് പറന്നു ദുബായിലേക്ക്, ചെലവ് വെറും 18000 രൂപ

മുംബൈ- കോവിഡ് നിയന്ത്രണങ്ങള്‍ കാരണം പലരാജ്യങ്ങളും യാത്രാ വിമാനങ്ങള്‍ വിലക്കിയതോടെ ലക്ഷങ്ങള്‍ മുടക്കി വിമാനം ചാര്‍ട്ടര്‍ ചെയ്താണ് പലരും യാത്ര ചെയ്യുന്നത്. ലക്ഷങ്ങള്‍ മുടക്കിയുള്ള ഈ യാത്ര സാധാരണക്കാരായ പ്രവാസികള്‍ക്ക് താങ്ങാവുന്നതല്ല. എന്നാല്‍ അത്യപൂര്‍വം സാഹചര്യങ്ങളില്‍ തുച്ഛം പണം മുടക്കി ഇതുപോലെ പറക്കാന്‍ അവസരങ്ങള്‍ വന്നെന്നിരിക്കും. അത്തരമൊരു ഭാഗ്യശാലിയാണ് മുംബൈ സ്വദേശിയും രണ്ടു പതിറ്റാണ്ടോളമായി ദുബായില്‍ പ്രവാസിയുമായ 40കാരന്‍ ഭാവേഷ് ജവേരി. 

മുംബൈയില്‍ നിന്നും ജവേരി മേയ് 19ന് ദുബായിലേക്ക് 360 സീറ്റുകളുള്ള ഒരു വിമാനത്തില്‍ ഏക യാത്രക്കാരനായി ദുബായിലേക്ക് പറന്നു. ആകെ ചെലവ് വെറും 18,000 രൂപ മാത്രം. ലോകത്തിലെ ഏറ്റവും വലിയ ഇരട്ട എഞ്ചിന്‍ യാത്രാ വിമാനമായ ട്രിപ്പിള്‍ സെവന്‍ എന്നു വിളിക്കുന്ന ബോയിങ് 777- എമിരേറ്റ്‌സ് വിമാനത്തില്‍ ആയിരുന്നു ഈ അപൂര്‍വ ആഢംബര യാത്ര. ദുബായിലെ സ്റ്റാര്‍ജെംസ് ഗ്രൂപ്പ് സിഇഒ ആണ് ജവേരി. ഈ വിമാനം മുംബൈയില്‍ നിന്ന് ദുബായിലേക്ക് ചാര്‍ട്ടര്‍ ചെയ്ത് ഒറ്റയ്ക്കു പറക്കാന്‍ 70 ലക്ഷത്തോളം രൂപ ചെലവുണ്ട്. രണ്ടര മണിക്കൂറോളം ദൈര്‍ഘ്യമുള്ള ഈ പറക്കലിന് എട്ടു ലക്ഷം രൂപയുടെ ഇന്ധനം വിമാനത്തിന് കത്തിച്ചു തീര്‍ക്കണം.

പണം കൊണ്ട് നേടാവുന്നതല്ലായിരുന്നു ആ അനുഭവമെന്ന് ജവേരി യാത്രയെ കുറിച്ച് പറയുന്നു. വിമാനത്തിലേക്ക് കാലെടുത്തുവച്ചപ്പോള്‍ കയ്യടിച്ചാണ് ക്രൂ തന്നെ സ്വീകരിച്ചത്. വിമാനമാകെ നടന്നു എല്ലാ കാണിച്ചു തരാമെന്ന് പൈലറ്റായ കമാന്‍ഡര്‍ കോക്പിറ്റില്‍ നിന്ന് ഇറങ്ങി വന്ന് തമാശ പറഞ്ഞു. തന്റെ ഭാഗ്യ നമ്പറായ 18 A ആയിരുന്നു ചോദിച്ചു വാങ്ങിയ സീറ്റ്. താന്‍ ഒരാള്‍ മാത്രമെ യാത്രക്കാരനായി ഉണ്ടായിരുന്നു എന്നതിനാല്‍ വിമാനത്തിലെ പതിവ് അനൗണ്‍സ്‌മെന്റുകളെല്ലാം തന്റെ പേരെടുത്ത് വിളിച്ചായിരുന്നുവെന്നു ജവേരി പറഞ്ഞു. രണ്ടു പതിറ്റാണ്ടിനിടെ 240ഓളം തവണ അങ്ങോട്ടുമിങ്ങോട്ടും പറന്നിട്ടുണ്ട്. പക്ഷെ ജീവിതത്തില്‍ ആദ്യമായിരുന്നു ഒറ്റയ്ക്ക് ഒരു വിമാനത്തില്‍ യാത്ര എന്നും ജവേരി ടൈംസ് ഓഫ് ഇന്ത്യയോട് ദുബായില്‍ നിന്നു നടത്തിയ ടെലിഫോണ്‍ സംഭാഷണത്തില്‍ പറഞ്ഞു. 

ഇന്ത്യയില്‍ നിന്നുള്ള വിമാനങ്ങള്‍ക്ക് യുഎഇ നിയന്ത്രണങ്ങളേര്‍പ്പെടുത്തിയതിനാല്‍ യുഎഇ പൗരന്മാര്‍, ഗോള്‍ഡന്‍ വീസ ഉള്ളവര്‍, നയന്ത്ര പ്രതിനിധികള്‍ എന്നിവര്‍ക്കു മാത്രമെ യാത്രാ അനുമതി ലഭിക്കൂ. ജവേരി ഗോള്‍ഡന്‍ വിസ ഉള്ള ആളാണ്. സാധാരണ ബിസിനസ് ക്ലാസ് ടിക്കറ്റിലാണ് യാത്ര ചെയ്യാറുള്ളത്. ഇപ്പോള്‍ തിരക്കില്ലാത്തതിനാല്‍ ഇക്കോണമി ക്ലാസ് ടിക്കറ്റെടുക്കുകയായിരുന്നുവെന്ന് ജവേരി പറഞ്ഞു.

Latest News