Sorry, you need to enable JavaScript to visit this website.

എം.ബി.ബി.എസ് പരീക്ഷാത്തട്ടിപ്പ് പുറത്തുവന്നത് ഇങ്ങനെ..

കൊല്ലം- എം.ബി.ബി.എസ് പരീക്ഷാത്തട്ടിപ്പ് പുറത്തുവന്നത് പരീക്ഷയെഴുതിയവര്‍ക്ക് പറ്റിയ അബദ്ധം. 56 പേജുകളുള്ള ഉത്തരക്കടലാസിനുപകരം തട്ടിപ്പിനുപയോഗിച്ച 36 പേജിന്റെ പഴയ ബുക്ക്‌ലെറ്റ് അബദ്ധത്തില്‍ സര്‍വകലാശാലക്ക് അയച്ചതാണ് കെണിയായത്.

ബുക്ക്‌ലെറ്റില്‍ എല്ലാ പേജിലും ബാര്‍ കോഡുണ്ട്. വിദ്യാര്‍ഥിയുടെ രജിസ്റ്റര്‍ നമ്പര്‍ രേഖപ്പെടുത്തുന്ന ഭാഗം കീറി മാറ്റി ഒരു കവറിലും ബാക്കിഭാഗം മറ്റൊരു കവറിലുമാക്കിയാണ് പരീക്ഷാകേന്ദ്രത്തില്‍നിന്ന് സര്‍വകലാശാലയിലേക്ക് അയയ്ക്കുക. മൂല്യനിര്‍ണയം കഴിഞ്ഞ് സ്്‌ലിപ്പുകളും ഉത്തരക്കടലാസുകളിലെ ബാര്‍ കോഡുമായി ഒത്തുനോക്കിയപ്പോള്‍ ഒരു സ്്‌ലിപ്പിന് യോജിച്ച ഉത്തരക്കടലാസ് ഇല്ലെന്നു കണ്ടു. ഒരു ഉത്തരക്കടലാസിന് ചേരുന്ന സ്്‌ലിപ്പും ഉണ്ടായിരുന്നില്ല.

തുടര്‍ന്നു നടത്തിയ പരിശോധനയില്‍ ഒരു കുട്ടിയുടെ ഉത്തരക്കടലാസ് 36 പേജുള്ള പഴയ ബുക്ക്‌ലെറ്റാണെന്ന് കണ്ടെത്തി. വിദ്യാര്‍ഥിയെ വിളിച്ചു വരുത്തിയപ്പോള്‍ താന്‍ എഴുതിയ പേപ്പറല്ലെന്ന് പറഞ്ഞു. ഇയാള്‍ എഴുതിയ മറ്റു പേപ്പറുകള്‍ പരിശോധിച്ചപ്പോള്‍ കൈയക്ഷരം വ്യത്യസ്തമാണെന്നും കണ്ടു. തുടര്‍ന്ന് ഈ കോളേജിലെഴുതിയ 56 പേരുടെയും ഉത്തരക്കടലാസുകള്‍ എടുത്ത് മുന്‍ പരീക്ഷകളിലെ പേപ്പറുകളിലെ കൈയക്ഷരവുമായി ഒത്തുനോക്കി. അപ്പോഴാണ് മൂന്നു കുട്ടികള്‍ക്ക് 95 ശതമാനം മാര്‍ക്കുണ്ടെന്ന് കണ്ടത്. ഇവരുടെ മുന്‍പരീക്ഷകളിലെ കൈയക്ഷരവും ഇതുമായി സാമ്യമില്ലായിരുന്നു. ഇവരെ വിളിച്ചു വരുത്തി ചോദിച്ചപ്പോള്‍ ആദ്യം തങ്ങള്‍ എഴുതിയതാണെന്ന് പറഞ്ഞെങ്കിലും പിന്നീട് തങ്ങളുടെ പേപ്പറല്ലെന്ന് അറിയിച്ചു.

മൂന്നു കുട്ടികള്‍ക്ക് പരീക്ഷാഹാളില്‍ എഴുതാന്‍ 36 പേജിന്റെ പഴയ ബുക്ക്‌ലെറ്റ് നല്‍കുകയും ഇവരുടെ യഥാര്‍ഥ ഉത്തരക്കടലാസില്‍ മറ്റാരോ എഴുതുകയും ചെയ്‌തെന്നാണ് സര്‍വകലാശാലയുടെ അന്വേഷണത്തില്‍ കണ്ടെത്തിയത്. ഉത്തരക്കടലാസ് അയക്കുമ്പോള്‍ ഇവര്‍ എഴുതിയതു മാറ്റി പകരം പുതിയ ബുക്ക്‌ലെറ്റുകള്‍ വച്ചു. പക്ഷേ, ആരുടെയോ അശ്രദ്ധ കൊണ്ട് മറ്റൊരു കുട്ടിയുടെ യഥാര്‍ഥ ഉത്തരക്കടലാസിനു പകരം ഇവരിലൊരാള്‍ പരീക്ഷാ ഹാളില്‍ എഴുതിയ 36 പേജിന്റെ ബുക്ക്‌ലെറ്റ് കവറിലാക്കി അയച്ചു. തട്ടിപ്പില്‍ പങ്കാളിയല്ലാത്ത ഈ കുട്ടിയുടെ യഥാര്‍ഥ ഉത്തരക്കടലാസ് നശിപ്പിച്ചെന്നാണ് കരുതുന്നത്. ഇയാള്‍ക്ക് വീണ്ടും പരീക്ഷയെഴുതാന്‍ അവസരം നല്‍കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. മോഹനന്‍ കുന്നുമ്മല്‍ പറഞ്ഞു.

 

Latest News