ന്യൂദല്‍ഹി- സമൂഹ മാധ്യമങ്ങള്‍ ഉള്‍പ്പെടെയുള്ള ഡിജിറ്റല്‍ മാധ്യമങ്ങള്‍ക്ക് കേന്ദ്ര സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ പുതിയ ചട്ടങ്ങള്‍ക്കെതിരെ വാട്‌സാപ്പ് ദല്‍ഹി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഈ ചട്ടങ്ങള്‍ യൂസര്‍മാരുടെ സ്വകാര്യതാ സംരക്ഷണം തകര്‍ക്കുന്നതാണെന്ന് വാട്‌സാപ്പ് പരാതിപ്പെടുന്നു. വാട്‌സാപ്പിലൂടെ അയക്കുന്ന സന്ദേശങ്ങളുടെ യഥാര്‍ത്ഥ ഉറവിടം തിരഞ്ഞു പിടിക്കേണ്ടി വരുന്നതടക്കമുള്ള ചട്ടങ്ങളെയാണ് കമ്പനി ചോദ്യം ചെയ്യുന്നത്. ഇത് ജനങ്ങളുടെ സ്വകാര്യതയ്ക്കുള്ള അവകാശത്തിന്റെ ലംഘനമാകുമെന്നും വാട്‌സാപ്പ് ചൂണ്ടിക്കാട്ടി. എല്ലാ ചാറ്റ് മേസേജുകളുടേയും ഉറവിടം തേടിപ്പിടിക്കുക എന്നാല്‍ വാട്‌സാപ്പിലൂടെ അയക്കുന്ന ഓരോ മെസേജിലും തങ്ങളുടെ വിരലടയാളം പതിപ്പിക്കുന്നതു പോലെയാണ്. ഇത് എന്‍ഡ്-ടു-എന്‍ഡ് എന്‍ക്രിപ്ഷന്‍ എന്ന സ്വകാര്യതാ സംരക്ഷണ സാങ്കേതിക വിദ്യയെ പൊളിക്കലാകും. ഫലത്തില്‍ ഇത് ജനങ്ങളുടെ സ്വകാര്യതയെ അട്ടിമറിക്കലാണ്- ഹര്‍ജിയില്‍ വാട്‌സാപ്പ് ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയില്‍ 40 കോടിയോളം യൂസര്‍മാരുള്ള മെസേജിങ് ആപ്പാണ് വാട്‌സാപ്പ്.
സര്‍ക്കാരിന്റെ പുതിയ ചട്ടങ്ങളില്‍ ഒന്ന് ഇന്ത്യയുടെ ഭരണഘടന ഉറപ്പു നല്‍കുന്ന സ്വകാര്യാ അവകാശങ്ങളെ ലംഘിക്കുന്നതാണെന്ന് ഉത്തരവിടണമെന്ന് ഹര്‍ജിയില്‍ വാട്‌സാപ്പ് ഹൈക്കോടതിയോട് ആവശ്യപ്പെട്ടു. യൂസര്‍മാരുടെ സ്വകാര്യ ലംഘിക്കുന്ന ആവശ്യങ്ങളെ ലോകത്ത് പലയിടത്തും പൗരസമൂഹങ്ങളുമായി ചേര്‍ന്ന് ഞങ്ങള്‍ എതിര്‍ത്തു പോന്നിട്ടുണ്ടെന്നും വാട്‌സാപ്പ് കോടതിയില്‍ പറഞ്ഞു. അതേസമയം ജനങ്ങളുടെ സുരക്ഷ ലക്ഷ്യമിട്ട് ഇന്ത്യന്‍ സര്‍ക്കാരുമായി ചേര്‍ന്ന് പ്രായോഗിക പരിഹാരങ്ങള്‍ക്ക് തുടര്‍ന്നും ശ്രമിക്കുമെന്നും വാട്‌സാപ്പ് വക്താവ് വ്യക്തമാക്കി.