ന്യൂദല്‍ഹി- സമൂഹ മാധ്യമങ്ങളുടേയും ഒടിടി, ഓണ്‍ലൈന്‍ വാര്‍ത്താ പോര്‍ട്ടലുകളേയും നിയന്ത്രിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന പുതിയ ഐടി ചട്ടങ്ങള്‍ നിലവില്‍ വന്നു. ഇത് അംഗീകരിക്കാന്‍ മൂന്ന് മാസം സമയം അനുവദിച്ചിട്ടും ഇന്നലെ വരെ പ്രതികരിക്കാതിരുന്ന സമൂഹ മാധ്യമ, ഐടി ഭീമന്‍മാര്‍ അവസാന നിമിഷം സര്‍ക്കാരിനു വഴങ്ങി. പുതിയ ചട്ടങ്ങള്‍ അംഗീകരിക്കുന്നതായി ഫെയ്‌സ്ബുക്കാണ് ആദ്യം പ്രതികരിച്ചത്. കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഐടി നിയമങ്ങളുമായി യോജിച്ചു പോകുമെന്നും എന്നാല്‍ സര്‍ക്കാര്‍ ഇടപെടുന്ന വിഷയങ്ങളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണെന്നും ഫെയ്‌സ്ബുക്ക് പ്രസ്താവനയില്‍ അറിയിച്ചു. അഭിപ്രായങ്ങള്‍ സ്വന്ത്രമായും സുരക്ഷിതമായും ജനങ്ങള്‍ക്ക് പ്രകടിപ്പിക്കാനുള്ള ഇടമായിത്തന്നെ നിലകൊള്ളുമെന്നും ഫെയ്‌സ്ബുക്ക് വ്യക്തമാക്കി.
ഇന്ത്യയിലെ പുതിയ നിയമങ്ങള്‍ അംഗീകരിക്കുമെന്ന് ഗൂഗ്‌ളും വ്യക്തമാക്കി. പ്രാദേശിക നിയമങ്ങള്‍ അനുസരിച്ച് ഉള്ളടക്കം മാനേജ് ചെയ്യുന്ന രീതി ഗൂഗിള്‍ ഏറെ കാലമായി പിന്തുടരുന്നതാണ്. ഇന്ത്യയുടെ നിയമങ്ങളെ മാനിക്കുന്നു. പ്രാദേശിക നിയമങ്ങളും ഞങ്ങളുടെ നയങ്ങളും ലംഘിക്കുന്ന ഉള്ളടക്കം നീക്കം ചെയ്യാനുള്ള സര്‍ക്കാരിന്റെ അപേക്ഷകളോട് നേരത്തേയും അനുകൂലമായി പ്രതികരിച്ചിട്ടുണ്ടെന്നും ഗുഗിള്‍ പ്രസ്താവനയില്‍ പറഞ്ഞു.
കേന്ദ്ര ഇലക്ട്രോണിക്‌സ്, ഐടി മന്ത്രാലയം ഫെബ്രുവരിയിലാണ് പുതിയ നിയമങ്ങള്‍ മൂന്ന് മാസത്തിനകം അംഗീകരിക്കണമെന്ന് കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. ഈ കാലാവധി ഇന്നലെ അവസാനിച്ചതോടെ സമൂഹ മാധ്യമങ്ങള്‍ക്കെതിരെ കേന്ദ്ര സര്‍ക്കാരിന്റെ നടപടി വരുമെന്ന് വാര്‍ത്തകളും പ്രചരിച്ചു. സര്‍ക്കാരിന്റെ പുതിയ നിയമങ്ങള്‍ക്കെതിരെ നിയമ പോരാട്ടങ്ങളും നടക്കുന്ന പശ്ചാത്തലത്തില്‍ കമ്പനികള്‍ക്കെതിരെ നടപടി ഉണ്ടാകില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്.