Sorry, you need to enable JavaScript to visit this website.

വാക്‌സിനേഷനും വിമാനയാത്രയും; പ്രവാസികളുടെ ആശങ്കകൾ പരിഹരിക്കും- ഇന്ത്യൻ എംബസി

റിയാദ് -വാക്സിനേഷൻ സംബന്ധിച്ച് സൗദി അറേബ്യയിലെ ഇന്ത്യൻ സമൂഹത്തിന്റെ ആശങ്കകൾ ബന്ധപ്പെട്ട അധികൃതരെ അറിയിച്ചിട്ടുണ്ടെന്നും ഇക്കാര്യത്തിൽ ഉടൻ പരിഹാരമുണ്ടാവുമെന്നും ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദ്. സൗദിയിലെ ഇന്ത്യൻ മാധ്യമപ്രവർത്തകരുമായും കമ്മ്യൂണിറ്റി അംഗങ്ങളുമായും വെർച്വൽ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. 
ഇന്ത്യക്കാർക്ക് സൗദി അറേബ്യയിലേക്ക് വരുന്നതിന് തടസ്സമില്ല. വിമാനങ്ങൾ നേരിട്ട് വരുന്നതിനാണ് തടസ്സം. വിവിധ രാജ്യങ്ങൾ വഴി സൗദിയിലേക്ക് വരുമ്പോൾ ആ രാജ്യത്തിന്റെ വ്യവസ്ഥകൾ അറിഞ്ഞിരിക്കണം. അല്ലെങ്കിൽ അവിടെ പെട്ടുപോകും. നേപ്പാളിൽ കുടുങ്ങിക്കിടന്നവരെ കൊണ്ടുവരാൻ ആവശ്യമായ വിമാനങ്ങൾ എംബസി ഒരുക്കിയിരുന്നു.1500 ഓളം പേർ ബഹ്‌റൈനിൽ കുടുങ്ങിക്കിടക്കുന്നുണ്ട്. ഫുൾ ഡോസ് വാക്‌സിനെടുത്തവർക്ക് മാത്രമാണ് കോസ്‌വേ വഴി അനുമതി നൽകുക. ഇവരിലാരും ഫുൾഡോസ് എടുത്തിട്ടുമില്ല. ഇക്കാര്യത്തിൽ പരിഹാരം വേണമെന്നാവശ്യപ്പെട്ട് ബഹ്‌റൈനിലെയും റിയാദിലെയും എംബസികൾ ബന്ധപ്പെട്ട വകുപ്പുകളെ ബന്ധപ്പെട്ടിട്ടുണ്ട്. ആവശ്യമായ നടപടികളുണ്ടാകുമെന്നാണ് പ്രതീക്ഷ.

സിവിൽ ഏവിയേഷൻ അതോറിറ്റി സർക്കുലർ പ്രകാരം സൗദി അംഗീകരിച്ച വാക്‌സിനെടുത്തവർക്ക് ഇവിടെ വരുന്നതിന് തടസ്സമില്ല. വാക്‌സിനെടുക്കാതെ വരുന്നവർക്ക് പിസിആർ ടെസ്റ്റ് ഫലം വിമാനത്താവളത്തിൽ കാണിച്ച് ഏഴ് ദിവസത്തെ ഹോട്ടൽ ക്വാറന്റൈൻ വേണം. പോസിറ്റീവ് പോസിറ്റീവ് ആയാൽ 14 ദിവസത്തെ ക്വാറന്റൈൻ വേണ്ടിവരും.
ആരോഗ്യപ്രവർത്തകർക്ക് ക്വാറന്റൈൻ വ്യവസ്ഥകളിൽ ഇളവുണ്ടെങ്കിലും അവരുടെ കുടുംബങ്ങൾക്ക് ഈ ആനുകൂല്യങ്ങൾ ലഭിക്കില്ല. ഇത് കാരണം ഡോക്ടർമാരും നഴ്‌സുമാരും തിരിച്ചുവരാൻ മടിക്കുന്നു. ആരോഗ്യപ്രവർത്തകരുടെ കുടുംബത്തിന് കൂടി ഈ ആനുകൂല്യം ലഭ്യമാക്കണമെന്ന് എംബസി ആവശ്യപ്പെട്ടിട്ടുണ്ട്. രണ്ട് ഡോസ് വാക്‌സിനെടുക്കാത്ത ആരോഗ്യപ്രവർത്തകർക്കും ഇൻസ്റ്റിറ്റിയൂഷനൽ ക്വാറന്റൈൻ ആവശ്യമാണെന്നതാണ് സൗദി അധികൃതർ ആവശ്യപ്പെട്ടിരിക്കുന്നത്. 
കോവിഷീൽഡ് എന്ന ആസ്ട്രാസെനിക്ക രണ്ട് ഡോസ് എടുത്തവർക്ക് സൗദിയിലെത്തുമ്പോൾ ക്വാറന്റൈൻ ആവശ്യമില്ല. അല്ലാത്തവർക്ക് ഹോട്ടൽ ക്വാറന്റൈൻ വേണം. സൗദിയിൽ നിന്ന് ഒരു ഡോസ് എടുത്ത് ഇന്ത്യയിലേക്ക് പോയി രണ്ടാം ഡോസ് എടുത്തവരും ഇന്ത്യയിൽ ഒരു ഡോസ് എടുത്ത് സൗദിയിലെത്തി രണ്ടാം ഡോസ് എടുത്തവരും തവക്കൽനാ ആപ്ലിക്കേഷനിൽ എങ്ങനെ അപ്‌ഡേറ്റ് ചെയ്യുമെന്നതടക്കമുള്ള വിവിധ ആശങ്കകൾ നിലനിൽക്കുന്നുണ്ട്. ഇക്കാര്യം എങ്ങനെ പരിഹരിക്കുമെന്ന് ചർച്ച നടന്നുവരികയാണ്. വൈകാതെ തീരുമാനമുണ്ടാകും. സൗദിയിൽ സന്ദർശക വിസയിലുള്ള ഇന്ത്യക്കാർക്ക് വാക്‌സിൻ നൽകണമെന്ന ആവശ്യവും അധികൃതർക്ക് മുന്നിൽ വെച്ചിട്ടുണ്ട്. ഇന്ത്യയിൽ വാക്‌സിൻ സർട്ടിഫിക്കറ്റ് നൽകുന്നത് പ്രധാനമായും ആധാർ നമ്പർ ഉപയോഗിച്ചാണ്. എന്നാൽ ഇതിൽ പാസ്‌പോർട്ട് നമ്പറും കോവിഷീൽഡ് എന്നതിനോടൊപ്പം ആസ്ട്രാസെനിക്കയെന്നും ചേർക്കാൻ ഓരോ സംസ്ഥാനങ്ങൾക്കും സാധിക്കും. ഇക്കാര്യം എംബസി ബന്ധപ്പെട്ടവരെ അറിയിച്ചിട്ടുണ്ട്. സൗദിയിലെത്തുന്നവർക്ക് എയർപോർട്ടുകളിൽ തടസ്സങ്ങളില്ലാതിരിക്കാൻ ഇക്കാര്യത്തിൽ പ്രവാസി സംഘടനകളും ജനപ്രതിനിധികളും കൂടി ശ്രദ്ധിക്കണമെന്നും അംബാസഡർ ആവശ്യപ്പെട്ടു.
ഇന്ത്യയിലെ ആസ്ട്രാസെനിക്കയെന്ന കോവിഷീൽഡ് വാക്‌സിൻ തന്നെയാണ് സൗദി അറേബ്യയിൽ വിതരണം ചെയ്തിരിക്കുന്നത്. രണ്ടുരാജ്യത്തും ഒരേ വിതരണക്കാരാണ് കോവിഷീൽഡിനുള്ളത്. അതിനാൽ കോവിഷീൽഡ് രണ്ടുഡോസ് എടുത്തവർക്ക് ഇവിടെ വരുന്നതിന് തടസ്സമില്ല. ഇന്ത്യയുടെ കോവാക്‌സിന് ഡബ്ലിയുഎച്ച്ഒയുടെ അനുമതിയില്ലാത്തതിനാൽ സൗദി അറേബ്യയും അംഗീകരിച്ചിട്ടില്ല. എന്നാൽ ഇന്ത്യയിൽ ഭൂരിഭാഗം പേർക്കും കോവാക്‌സിനാണ് നൽകിയിട്ടുള്ളതെന്നും ഇക്കാര്യത്തിൽ തീരുമാനമുണ്ടാകണമെന്നും സൗദി ആരോഗ്യമന്ത്രാലയം ഉദ്യോഗസ്ഥരുമായുള്ള ചർച്ചയിൽ അറിയിച്ചിട്ടുണ്ട്.

വിവിധ മന്ത്രാലയവുമായി ബന്ധപ്പെട്ട് ഇന്ത്യയിലേക്ക് ഓക്‌സിജനും മരുന്നുകളും അയക്കുന്നതിന് എംബസി നേതൃത്വം നൽകി. 240മില്യൻ ടൺ ലിക്വിഡ് ഓക്‌സിജൻ, 6500 ഓക്‌സിജൻ സിലിണ്ടർ ഇന്ത്യയിലേക്ക് അയക്കാൻ നടപടികൾ സ്വീകരിച്ചു. 2000 ഓക്‌സിജൻ സിലിണ്ടറുകൾ കൂടി കഴിഞ്ഞ ദിവസം അയച്ചു. ബന്ധപ്പെട്ട മന്ത്രാലയങ്ങൾ, അദാനി, എൽആന്റ്ടി, റിലയൻസ്, ടാറ്റാ, ഇന്ത്യൻ ഓയിൽ കോർപറേഷൻ ഗ്രൂപുകളുമായി സഹകരിച്ചാണ് ഓക്‌സിജനും മരുന്നുകളും അയച്ചത്. ചില സാമൂഹിക സംഘടനകളും ഇതുമായി സഹകരിക്കാൻ മുന്നോട്ട് വന്നിട്ടുണ്ട്. ഇന്ത്യയിലെയും സൗദിയിലെയും കമ്പനികൾ തമ്മിലുള്ള ഇടപാടുകളാണിത്. ഇതിനാവശ്യമായ സഹകരണങ്ങൾ സർക്കാറുകളിൽ നിന്ന് ലഭിക്കുന്നു. എസ്എഫ്ഡിഎ, സൗദി ആരോഗ്യമന്ത്രാലയം എന്നിവയുമായി സഹകരിച്ച് എംബസി ഇനിയും അയക്കാനുള്ള ശ്രമത്തിലാണ്.
ബ്ലാക്ക് ഫംഗസിനുള്ള മരുന്നുകളും ഇഞ്ചക്ഷനുകളും അയക്കാൻ നടപടികൾ പൂർത്തിയായിട്ടുണ്ട്. ഇന്ത്യയിലെ ഏതെങ്കിലും സംസ്ഥാനങ്ങൾക്ക് സഹായം ആവശ്യമുണ്ടെങ്കിൽ സാധ്യമായതെല്ലാം ചെയ്തുതരും. ഡിസിഎം രാം പ്രസാദ്  ആണ് ഇതിനുള്ള നോഡൽ ഓഫീസർ. അംബാസഡർ പറഞ്ഞു. എംബസി, കോൺസുലേറ്റ് ഉദ്യോഗസ്ഥർ പങ്കെടുത്തു.
 

Latest News