കൊച്ചി- ലക്ഷദ്വീപിന്റെ പേരില്‍ ചിലര്‍ നടത്തുന്നത് ടൂള്‍കിറ്റ് പ്രചാരണമാണെന്ന് ബി.ജെ.പി സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. മുസ്ലിം ഭൂരിപക്ഷ പ്രദേശമായതുകൊണ്ട് മോഡി ദ്വീപിനെ ഇല്ലാതാക്കുന്നുവെന്നത് അടിസ്ഥാനമില്ലാത്ത ആരോപണമാണ്. ലക്ഷദ്വീപും ബേപ്പൂരുമായുളള ബന്ധം തകര്‍ത്ത് മംഗലാപുരത്തെ ബേപ്പൂരിന് പകരമാക്കുകയാണെന്ന ആരോപണം അവിടുത്തെ എം.പി തന്നെ നിഷേധിച്ചുവെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടി സര്‍ക്കാരിനോടും പിണറായി വിജയന്‍ സര്‍ക്കാരിനോടും ബേപ്പൂര്‍ തുറമുഖത്ത് അടിസ്ഥാന സൗകര്യവികസനം നടത്തണമെന്നും പണം മുടക്കാന്‍ തയാറാണെന്നും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്‍ പറഞ്ഞിട്ടും കേരള സര്‍ക്കാര്‍ നടപടിയെടുത്തില്ല.
80,000 പേരുളള ലക്ഷദ്വീപില്‍ നിലവിലെ ഡയറിഫാമില്‍ നിന്നു ദിവസേന ലഭിക്കുന്നത് പരമാവധി 100 ലിറ്റര്‍ പാലാണ്. അത് ലഭിക്കുന്നത് ചിലര്‍ക്ക് മാത്രവും. ഒരു ലിറ്റര്‍ പാലിനായി സര്‍ക്കാരിന് ചെലവ് വരുന്നത് 800 രൂപയിലധികമാണ്. ഈ പാഴ്ചെലവും ദൗര്‍ലഭ്യവും അവസാനിപ്പിക്കാനാണ് അമുല്‍ കമ്പനി കവര്‍ പാല്‍ കപ്പല്‍മാര്‍ഗം കൊണ്ടുവരാന്‍ അഡ്മിനിസ്ട്രേറ്റര്‍ നിര്‍ദ്ദേശം വച്ചതെന്നും കെ. സുരേന്ദ്രന്‍ പറഞ്ഞു. ലോകോത്തര നിലവാരമുളള അമുല്‍ നരേന്ദ്രമോഡിയുടെ കമ്പനിയല്ലെന്നും വിമര്‍ശകര്‍ മനസിലാക്കണമെന്ന് ബി.ജെ.പി അധ്യക്ഷന്‍ അഭിപ്രായപ്പെട്ടു.






