Sorry, you need to enable JavaScript to visit this website.

Error message

Notice: Undefined variable: app_root in include_once() (line 861 of /var/www/html/sites/default/settings.php).

കൊറോണ വ്യാപനം: ഈത്തപ്പന കർഷകർക്ക് ഭീമമായ നഷ്ടം

റിയാദ്- കൊറോണ വ്യാപനം സൗദിയിലും ആഗോള തലത്തിലും സൃഷ്ടിച്ച പ്രത്യാഘാതങ്ങൾ മൂലം രാജ്യത്തെ ഈത്തപ്പന കർഷകർക്കും ഈത്തപ്പഴ വ്യാപാരികൾക്കും ഫാക്ടറികൾക്കും ഭീമമായ നഷ്ടം നേരിടുന്നതായി പരിസ്ഥിതി, ജല, കൃഷി മന്ത്രാലയത്തിലെ മുൻ കാർഷിക വിദഗ്ധൻ അബ്ദുൽഹമീദ് അൽഹുലൈബി പറഞ്ഞു. സൗദിയിൽ പ്രതിവർഷം 15 ലക്ഷം ടൺ ഈത്തപ്പഴം ഉൽപാദിപ്പിക്കുന്നുണ്ട്. ഇതിന്റെ പകുതി വിൽക്കാൻ കഴിയാത്ത സാഹചര്യമാണുള്ളത്. 


കൊറോണ മഹാമാരി ഈത്തപ്പഴ വിപണനത്തെ സാരമായി ബാധിച്ചു. പ്രാദേശിക, അന്താരാഷ്ട്ര വിപണികളിലെ മാന്ദ്യവും ഈത്തപ്പഴം വലിയ തോതിൽ ഉപയോഗിക്കുകയും ഇറക്കുമതി നടത്തുകയും ചെയ്യുന്ന രാജ്യങ്ങളുടെ കറൻസികളുടെ മൂല്യശോഷണവുമെല്ലാം കർഷകരെയും ഈത്തപ്പഴ വ്യാപാരികളെയും ഫാക്ടറികളെയും ബാധിച്ചു. കൂടുതൽ ഈത്തപ്പഴം ഇറക്കുമതി ചെയ്യുന്ന രാജ്യങ്ങൾ ഗുണമേന്മ കുറഞ്ഞ ഇനങ്ങളാണ് ഇറക്കുമതി ചെയ്യുന്നത്. യൂറോപ്യൻ രാജ്യങ്ങളും അമേരിക്കയും വളരെ പരിമിതമായ അളവിലുള്ള ഈത്തപ്പഴമാണ് ഇറക്കുമതി ചെയ്യുന്നത്. 


ഈത്തപ്പഴവുമായി ബന്ധപ്പെട്ട സാമ്പത്തിക പഠനങ്ങൾ കർഷകരും വ്യാപാരികളും ഫാക്ടറി ഉടമകളും നടത്തുന്നില്ല. പ്രാദേശിക, അന്താരാഷ്ട്ര വിപണികളിൽ നിലനിൽക്കുന്ന മാന്ദ്യത്തിനിടെ സൗദിയിലെ ഈത്തപ്പഴ വിപണിക്ക് ചെലവ് വർധന താങ്ങാനാകില്ല. ഈത്തപ്പഴ വിപണികളെ സംബന്ധിച്ചിടത്തോളം ചെലവ് കുറക്കേണ്ടതും പാക്കിംഗ്, സ്റ്റോറേജ് ചെലവുകൾ കുറക്കേണ്ടതും ഉൽപന്നത്തിന്റെ ഗുണനിലവാരം ഉയർത്തേണ്ടതും ആവശ്യമാണ്. ഈത്തപ്പന കൃഷിക്ക് തന്ത്രം തയാറാക്കണം. കൃത്യവും വസ്തുനിഷ്ഠവുമായ പഠനങ്ങൾക്ക് അനുസൃതമായി ഈത്തപ്പഴ ഫാക്ടറികൾക്ക് ലൈസൻസുകൾ അനുവദിക്കാനും പദ്ധതി തയാറാക്കണം. അല്ലാത്ത പക്ഷം വിപണി കണ്ടെത്താനാകാതെ ഈത്തപ്പഴം നശിക്കുന്ന സാഹചര്യമുണ്ടാകും. ഈത്തപ്പനയുടെ മറ്റു ഭാഗങ്ങൾ പ്രയോജനപ്പെടുത്താനും പ്രായോഗിക നടപടികളുണ്ടാകണമെന്ന് അബ്ദുൽഹമീദ് അൽഹുലൈബി പറഞ്ഞു.


സൗദിയിൽ 3.1 കോടി ഈത്തപ്പനകളാണുള്ളത്. ലോകത്ത് ആകെ ഉൽപാദിപ്പിക്കപ്പെടുന്ന ഈത്തപ്പഴത്തിന്റെ 17 ശതമാനം സൗദി അറേബ്യയുടെ വിഹിതമാണ്. ലോകത്ത് ഏറ്റവുമധികം ഈത്തപ്പഴം ഉൽപാദിപ്പിക്കുന്ന രണ്ടാമത്തെ രാജ്യമാണ് സൗദി അറേബ്യ. ലോകത്ത് പ്രതിവർഷം 88 ലക്ഷം ടൺ ഈത്തപ്പഴമാണ് ഉൽപാദിപ്പിക്കുന്നത്. ഇന്ത്യ, മലേഷ്യ, സിങ്കപ്പൂർ, യെമൻ, ലെബനോൻ, ഫ്രാൻസ്, ജർമനി, തുർക്കി, ജോർദാൻ, ബ്രിട്ടൻ എന്നീ രാജ്യങ്ങളാണ് സൗദിയിൽ നിന്ന് പ്രധാനമായും ഈത്തപ്പഴം ഇറക്കുമതി ചെയ്യുന്നത്. 

Latest News