റിയാദ് - വാഹനാപകടങ്ങളുണ്ടാക്കാത്ത ഡ്രൈവര്‍മാര്‍ക്ക് പ്രോത്സാഹനമെന്നോണം നല്കുന്ന ഇന്‍ഷുറന്‍സ് പോളിസി ഇളവ് ആറു മാസത്തേക്ക് കൂടി ദീര്‍ഘിപ്പിക്കാന്‍ സൗദി അറേബ്യന്‍ മോണിട്ടറി അതോറിറ്റി (സാമ) രാജ്യത്തെ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് നിര്‍ദേശം നല്കി.
തൊട്ടു മുമ്പുള്ള ഒരു വര്‍ഷക്കാലം അപകടങ്ങളുണ്ടാക്കാത്ത ഡ്രൈവര്‍മാര്‍ക്ക് പതിനഞ്ചു ശതമാനം വരെ ഇളവ് നല്കുന്ന ഓഫര്‍ 2018 ജൂണ്‍ 30 വരെ ദീര്‍ഘിപ്പിക്കുന്നതിനാണ് സാമ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അപകടങ്ങളുണ്ടാക്കിയ ചരിത്രമില്ലാത്ത ഡ്രൈവര്‍മാര്‍ക്ക് പോളിസി നിരക്കില്‍ പ്രത്യേക ഇളവ് നല്കുന്ന പദ്ധതി ഇന്‍ഷുറന്‍സ് കമ്പനികള്‍ ഏപ്രില്‍ ഒന്നു മുതല്‍ നടപ്പാക്കുന്നുണ്ട്.
ഒരു വര്‍ഷം ക്ലെയിമുകള്‍ ഉന്നയിക്കാത്തവര്ക്ക് പതിനഞ്ചു ശതമാനവും രണ്ടു വര്‍ഷം ക്ലെയിമുകള്‍ ഉന്നയിക്കാത്തവര്ക്ക് 25 ശതമാനവും തുടര്‍ച്ചയായി മൂന്നു വര്‍ഷം ക്ലെയിമുകള്‍ ഉന്നയിക്കാത്തവര്ക്ക് 30 ശതമാനവും ഇളവാണ് കമ്പനികള്‍ നല്‍കുന്നത്. ഇതിനു പുറമെ ഒരേ കമ്പനിയില്‍ ഉപയോക്താക്കളായി തുടരുന്നവര്‍ക്ക് പത്തു ശതമാനം അധിക ഇളവ് ലഭിക്കും. പുതിയ വാഹനങ്ങളായതിനാലോ മുമ്പ് ഇന്‍ഷുറന്‍സ് പോളിസി എടുക്കാത്തതിനാലോ പഴയ പോളിസിയുടെ കാലാവധി ഒരു മാസം മുമ്പ് അവസാനിച്ചതിനാലോ ഈ ആനുകൂല്യത്തിന് അവകാശമില്ലാത്തവരെ ലക്ഷ്യമിട്ടാണ് പതിനഞ്ചു ശതമാനം വരെ ഇളവ് നല്കുന്ന പുതിയ പദ്ധതി നടപ്പാക്കുന്നത്.
ഇന്‍ഷുറന്‍സില്ലാത്തതിന് പിഴ ചുമത്തതപ്പെടുത്തുന്ന സാഹചര്യം ഒഴിവാക്കുന്നതിന്, ഇളവ് പദ്ധതി പ്രയോജനപ്പെടുത്തി വാഹനങ്ങള്‍ക്ക് ഇന്‍ഷുറന്‍സ് പരിരക്ഷ ഏര്‍പ്പെടുത്തുന്നതിന് വാഹന ഉടമകളോട് സാമയും ട്രാഫിക് ഡയറക്ടറേറ്റും ആവശ്യപ്പെട്ടു. വാഹന ഇന്‍ഷുറന്‍സ് മേഖലയിലെ പ്രവര്‍ത്തനം നവീകരിക്കുന്നതിനുള്ള സഹകരണ കരാറില്‍ സാമയും ട്രാഫിക് ഡയറക്ടറേറ്റും കഴിഞ്ഞ ദിവസം ഒപ്പുവെച്ചു. ഇന്‍ഷുറന്‍സ് നിര്‍ബന്ധമാക്കി, ഇന്‍ഷുറന്‍സ് പരിരക്ഷയുള്ള വാഹനങ്ങളുടെ എണ്ണം ഉയര്‍ത്തിയും ഇന്‍ഷുറന്‍സ് പോളിസി നിരക്കുകളെയും ഡ്രൈവര്‍മാരുടെ ഡ്രൈവിംഗ് സ്വഭാവത്തെയും ബന്ധിപ്പിക്കുകയും ചെയ്യുന്നത് അടക്കമുള്ള നടപടികളിലൂടെ ഗതാഗത സുരക്ഷ വര്‍ധിപ്പിക്കുന്നതിനാണ് ധാരണാപത്രത്തിലൂടെ സാമയും ട്രാഫിക് ഡയറക്ടറേറ്റും ലക്ഷ്യമിടുന്നത്.






