റിയാദ്- ബിസിനസ് അന്തരീക്ഷത്തിന്റെ മത്സരാധിഷ്ഠിത സൂചകങ്ങൾ മെച്ചപ്പെടുത്താനും ഇതിലൂടെ സൗദിയിലേക്ക് വിദേശ നിക്ഷേപം ആകർഷിക്കാനും പരിഷ്‌കരിച്ച നിതാഖാത്തിലൂടെ ലക്ഷ്യമിടുന്നതായി മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു. അടുത്ത മൂന്നു വർഷത്തിനുള്ളിൽ ക്രമാനുഗതമായി തൊഴിലില്ലായ്മ നിരക്ക് കുറക്കാൻ പരിഷ്‌കരിച്ച നിതാഖാത്തിലൂടെ ഉന്നമിടുന്നു. പ്രവർത്തന മേഖലകൾക്കനുസരിച്ച് സ്ഥാപനങ്ങളെ തരംതിരിക്കുന്ന ഗ്രൂപ്പുകളുടെ എണ്ണം കുറച്ചും ഗ്രൂപ്പുകളെ പരസ്പരം ലയിപ്പിച്ചും നിതാഖാത്ത് ലളിതമാക്കൽ, ജീവനക്കാരുടെ എണ്ണത്തിന്റെ അടിസ്ഥാനത്തിൽ നിർദിഷ്ടവും സ്ഥായിയായതുമായ വലുപ്പ ഘടനകളെ അടിസ്ഥാനമാക്കിയുള്ള അനുപാതങ്ങൾക്കു പകരം സൗദിവൽക്കരണം കണക്കാക്കുന്നതിന് ഗണിത സമവാക്യം ഉപയോഗിക്കൽ എന്നിവയും പരിഷ്‌കരിച്ച നിതാഖാത്തിന്റെ പ്രത്യേകതകളാണ്.
സ്‌കൂളുകൾ, ഇൻസ്റ്റിറ്റിയൂട്ടുകൾ, യൂനിവേഴ്‌സിറ്റികൾ എന്നിവയിൽ നിന്ന് പഠനം പൂർത്തിയാക്കി പുതുതായി പുറത്തിറങ്ങുന്ന ബിരുദധാരികളുടെ എണ്ണം കണക്കിലെടുത്തു കൊണ്ട്, മൂന്നു വർഷത്തിനുള്ളിൽ 3,40,000 ലേറെ തൊഴിലവസരങ്ങൾ പരിഷ്‌കരിച്ച നിതാഖാത്ത് ലഭ്യമാക്കും. സ്വദേശികൾക്കിടയിലെ തൊഴിലില്ലായ്മ നിരക്ക് കുറക്കാൻ ഇത് സഹായിക്കും. മൂന്നു വർഷം വരെ നീളുന്ന കാലയളവിൽ പാലിക്കേണ്ട സൗദിവൽക്കരണ അനുപാതം എളുപ്പത്തിൽ അറിയാൻ സ്ഥാപനങ്ങളെ സഹായിക്കുന്ന പ്രത്യേക കാൽകുലേറ്ററും പരിഷ്‌കരിച്ച നിതാഖാത്തിന്റെ ഭാഗമായി വികസിപ്പിച്ചിട്ടുണ്ട്.
തൊഴിൽ വിപണി സ്ഥാപനങ്ങൾക്ക് കൂടുതൽ വഴക്കവും സ്ഥിരതയും നൽകാൻ ലക്ഷ്യമിട്ട് പ്രവർത്തന മേഖലാ ഗ്രൂപ്പുകളെ പ്രത്യേക മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിൽ പരിഷ്‌കരിച്ച നിതാഖാത്തിൽ ലയിപ്പിച്ചിട്ടുണ്ട്. ഐ.എസ്.ഐ.സി-4 ൽ അംഗീകരിച്ച പ്രവർത്തന മേഖലകളെ നിർദിഷ്ട മാനദണ്ഡങ്ങളെ അടിസ്ഥാനമാക്കി മറ്റു ഗ്രൂപ്പുകളിൽ പുനർവിന്യസിച്ചിട്ടുണ്ട്. നിതാഖാത്ത് രൂപകൽപന ലളിതമാക്കാനും സുതാര്യത വർധിപ്പിക്കാനും ഇതിലൂടെ സാധിക്കും. ഇത് തങ്ങൾ പാലിക്കേണ്ട സൗദിവൽക്കരണ അനുപാതം എളുപ്പത്തിൽ മനസ്സിലാക്കാൻ സ്ഥാപനങ്ങളെ സഹായിക്കും.
തൊഴിൽ വിപണിയിലെ മുഴുവൻ സ്ഥാപനങ്ങൾക്കും നിതാഖാത്ത് ബാധകമാണ്. നിതാഖാത്ത് പ്രകാരമുള്ള സൗദിവൽക്കരണം പാലിക്കാതെ ചുവപ്പിലാകുന്ന സ്ഥാപനങ്ങൾക്ക് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെ സേവനങ്ങൾ പ്രയോജനപ്പെടുത്താൻ സാധിക്കില്ല. അഞ്ചും അതിൽ കുറവും ജീവനക്കാർ മാത്രമുള്ള ചെറുകിട സ്ഥാപനങ്ങൾ ഒരു സൗദി ജീവനക്കാരനെ ജോലിക്കു വെച്ചാൽ മതിയെന്നും മന്ത്രാലയം പറഞ്ഞു. പരിഷ്‌കരിച്ച നിതാഖാത്തിൽ സ്ഥാപനങ്ങളുടെ പ്രവർത്തന മേഖലക്ക് അനുസരിച്ച് വർഗീകരിച്ചുള്ള ഗ്രൂപ്പുകളുടെ എണ്ണം 85 ൽ നിന്ന് 32 ആയി കുറച്ചിട്ടുണ്ട്. പരിഷ്‌കരിച്ച നിതാഖാത്ത് ഡിസംബർ ഒന്നു മുതൽ നിലവിൽ വരുമെന്നും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം വ്യക്തമാക്കി.