കോവിഡിനെ മറയാക്കി സി.പി.എം നടത്തുന്ന  സമര കോപ്രായങ്ങൾ അവസാനിപ്പിക്കണം -കണ്ണൂർ മേയർ

കണ്ണൂർ - കോവിഡിനെ മറയാക്കി സി.പി.എം നടത്തുന്ന സമര കോപ്രായങ്ങൾ അവസാനിപ്പിക്കണമെന്ന് കണ്ണൂർ കോർപറേഷൻ മേയർ അഡ്വ. ടി.ഒ. മോഹനൻ ആവശ്യപ്പെട്ടു. ലോക്ഡൗൺ നിലനിൽക്കുന്ന സമയത്ത് 250 കേന്ദ്രങ്ങളിൽ ആളെയിറക്കി സമരം സംഘടിപ്പിച്ച് എം.വി. ജയരാജൻ മരണത്തിന്റെ വ്യാപാരിയാവരുതെന്നും മോഹനൻ ഓർമിപ്പിച്ചു. ലോക്ഡൗണിൽ ഒരാൾ പോലും വീടിന് പുറത്തിറങ്ങരുതെന്ന് മുഖ്യമന്ത്രിയും സർക്കാരും ആവർത്തിച്ച് പറയുമ്പോഴാണ് കണ്ണൂർ ജില്ലയിൽ ഇത്രയധികം ആളുകളെ പുറത്തിറക്കി വസ്തുതാ വിരുദ്ധ കാര്യങ്ങൾ ഉന്നയിച്ച് ജയരാജന്റെ നേതൃത്വത്തിൽ സമരം സംഘടിപ്പിക്കുന്നത്. ഇതാണ് യഥാർഥ രാഷ്ടീയക്കളി. ലോക്ഡൗൺ മാനദണ്ഡങ്ങൾ ലംഘിച്ച് രാഷ്ട്രീയ യോഗങ്ങൾ സംഘടിപ്പിക്കുക വഴി ജയരാജനും കൂട്ടരും സമൂഹത്തിന് നൽകുന്ന സന്ദേശമെന്താണ്  -മേയർ ചോദിച്ചു.


സംസ്ഥാനത്തെ കോവിഡ് ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 23 ശതമാനത്തിലെത്തി നിൽക്കുമ്പോഴും സംസ്ഥാനത്തെ മറ്റു അഞ്ച് കോർപറേഷനുകളിലും 25 ശതമാനത്തിന് മുകളിലെത്തി നിൽക്കുമ്പോഴും കണ്ണൂർ കോർപറേഷനിലെ ടെസ്റ്റ് പോസറ്റിവിറ്റി നിരക്ക് 8.95 ശതമാനം മാത്രമാണ്. ആരോഗ്യ പ്രവർത്തകരുടെയും ജനങ്ങളുടെയും കൂട്ടായ പരിശ്രമമാണിതിന് പിന്നിൽ. ഇത് തകർക്കാനാണ് ജയരാജനും കൂട്ടരും ശ്രമിക്കുന്നതെന്ന് മേയർ പറഞ്ഞു.


കോവിഡ് രണ്ടാം ഘട്ട വ്യാപനം ആരംഭിച്ചയുടൻ പ്രത്യേക കൗൺസിൽ യോഗം വിളിച്ച്  പ്രതിരോധ നടപടികൾ ആരംഭിച്ചു. ജൂബിലി ഹാളിൽ ആരംഭിച്ച വാക്‌സിനേഷൻ കേന്ദ്രം ജില്ലയിലെമ്പാടുമുള്ളവർക്ക് പ്രയോജനപ്പെട്ടു. കൗൺസിലർമാരിൽ നിന്നും ലഭിച്ച ലിസ്റ്റ് അനുസരിച്ച് കക്ഷി രാഷട്രീയ ഭേദമെന്യേ വളണ്ടിയർ പാസ് അനുവദിച്ചു. കോർപറേഷനിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌ക് തുറന്നു. സംസ്ഥാനത്തെ തന്നെ ഏറ്റവും മികച്ച നിലയിൽ പ്രവർത്തിക്കുന്ന ഹെൽപ് ഡെസ്‌കും വാർ റൂമുമായി ഇത് മാറി. ജനങ്ങൾക്കായി 3 ആംബുലൻസ് ഉൾപ്പെടെ 10 വാഹനങ്ങൾ അനുവദിച്ചു. മരുന്നും ഭക്ഷണവും സൗജന്യമായി എത്തിച്ചു. കോവിഡ് ബാധിച്ച് മരിക്കുന്നവരെ വാഹനത്തിൽ സൗജന്യമായി എത്തിച്ചു സംസ്‌കരിക്കാനുള്ള സംവിധാനം ഒരുക്കി. ഇത്തരത്തിൽ സംസ്ഥാനത്തിന് തന്നെ മാതൃകയായി പ്രവർത്തിക്കുന്ന സംവിധാനത്തെ ചെളി വാരിയെറിയാനാണ് സി.പി.എമ്മിന്റെയും എൽ.ഡി.എഫിന്റെയും നീക്കം. ഇതിന് പിൻതുണ നൽകുന്ന ഇടതു കൗൺസിലർമാർ ഇരിക്കുന്ന കൊമ്പ് മുറിക്കുകയാണെന്ന കാര്യം മറക്കരുതെന്നും മേയർ ഓർമിപ്പിച്ചു.
 

Latest News