11 കേന്ദ്ര മന്ത്രിമാരുടെ ട്വീറ്റുകൾക്ക് 'വ്യാജം' ടാഗ് നല്‍കണമെന്ന് ട്വിറ്ററിനോട്‌ കോണ്‍ഗ്രസ്

ന്യൂദല്‍ഹി- കെട്ടിച്ചമച്ച രേഖയുണ്ടാക്കി അത് കോണ്‍ഗ്രസിന്റെ പേരില്‍ ആരോപിച്ച് 'കോണ്‍ഗ്രസ് ടൂള്‍കിറ്റ്' എന്ന പേരില്‍ ട്വീറ്റ് ചെയ്ത 11 കേന്ദ്ര മന്ത്രിമാരുടെ ട്വീറ്റുകള്‍ക്കും 'വ്യാജം' എന്ന ടാഗ് നല്‍കണമെന്ന് കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. വസ്തുതാ വിരുദ്ധവും ദുരുദ്ദേശത്തോടെയുള്ള പ്രചാരണവുമാണ് ഇവര്‍ നടത്തിയതെന്നും മന്ത്രിമാരുടെ ട്വീറ്റുകളുടെ ലിങ്ക് സഹിതം കോണ്‍ഗസ് ട്വിറ്ററിനു നല്‍കിയ പരാതിയില്‍ പറയുന്നു. പാര്‍ട്ടിക്കെതിരെ ഗുരുതരമായ ആരോപണം ഉന്നയിക്കുന്നതിനു വേണ്ടി ഏതാനും ബിജെപി നേതാക്കളാണ് ടൂള്‍കിറ്റെന്ന പേരില്‍ വ്യാജരേഖ കെട്ടിച്ചമച്ചുണ്ടാക്കിയതെന്ന് കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജെവാല പറഞ്ഞു. വിശ്വസനീയമായ ഫാക്ട് ചെക്കിങ് പോര്‍ട്ടലായ ഓള്‍ട്ട്‌ന്യൂസ് ഈ രേഖ വ്യാജമാണെന്നതിന് തെളിവുകളും പുറത്തു വിട്ടിരുന്നു. കോണ്‍ഗ്രസിന്റെ മറ്റൊരു രേഖ എടുത്ത് അതിലെ ഉള്ളടക്കം വെട്ടിത്തിരുത്തി തയാറാക്കിയതായിരുന്നു ടൂള്‍ക്കിറ്റ് എന്ന പേരില്‍ പ്രചരിപ്പിച്ചത്. ബിജെപി ഹാന്‍ഡിലുകളാണ് ഇത് വ്യാപകമായി പ്രചരിപ്പിച്ചത്. 

ബിജെപി വക്താവ് സാംപിത് പത്രയാണ് ആദ്യമായി കോണ്‍ഗ്രസ് ടൂള്‍ക്കിറ്റ് എന്ന പേരില്‍ വ്യാജ രേഖ ട്വീറ്റ് ചെയ്തത്. സാംപിത് പത്രയ്‌ക്കെതിരെ കോണ്‍ഗ്രസ് പോലീസില്‍ പരാതി നല്‍കിയിരുന്നു. ഈ വ്യാജ രേഖ പിന്നീട് കേന്ദ്ര മന്ത്രിമാരും ഏറ്റുപിടിക്കുകയായിരുന്നു. കേന്ദ്ര മന്ത്രിമാരായ ഗിരിരാജ് സിങ്, പിയൂഷ് ഗോയല്‍, സ്മൃതി ഇറാനി, രവി ശങ്കര്‍ പ്രസാദ്, പ്രഹ്ലാദ് ജോഷി, ധര്‍മേന്ദ്ര പ്രധാന്‍, രമേശ് പ്രൊഖ്രിയാല്‍ നിഷാങ്ക്, തവര്‍ചന്ദ് ഗെലോട്ട്, ഹര്‍ഷ് വര്‍ധന്‍, മുഖ്താര്‍ അബ്ബാസ് നഖ്വി, ഗജേന്ദ്ര സിങ് ശെഖാവത്ത് എന്നിവരുടെ ട്വീറ്റുകള്‍ക്ക് വ്യാജം എന്ന ടാഗ് നല്‍കണമെന്നാണ് കോണ്‍ഗ്രസ് ആവശ്യപ്പെട്ടത്. സര്‍ക്കാരിന്റെ ഭാഗമായ മന്ത്രിമാര്‍ പോസ്റ്റ് ചെയ്യുന്നത് വസ്തുതാപരമായിരിക്കും എന്ന പൊതുധാരണയുള്ളതിനാല്‍ ഈ വ്യാജ പ്രചരണം ആളുകള്‍ വിശ്വസിക്കാനിടയുണ്ടെന്നും കോണ്‍ഗ്രസ് ചൂണ്ടിക്കാട്ടി. 

വ്യാജ വിവരങ്ങള്‍ അടങ്ങിയ ട്വീറ്റുകള്‍ക്ക് തെളിവു ലഭിച്ചാല്‍ ട്വിറ്റര്‍ 'Manipulated Media' എന്ന പ്രത്യേക ടാഗ് നല്‍കി ഇതിലടങ്ങിയ വിവരം വസ്തുതാ പരമല്ലെന്ന് മുന്നറിയിപ്പ് നല്‍കാറുണ്ട്. ഈ മന്ത്രിമാരുടെ ട്വീറ്റുകളുടെ ഉള്ളടക്കടവും ട്വിറ്റര്‍ നേരത്തെ ടാഗ് ചെയ്ത ഉള്ളടക്കത്തിന് സമാനമാണെന്നും ഇവര്‍ക്കെതിരേയും നടപടി സ്വീകരിക്കണമെന്നുമാണ് കോണ്‍ഗ്രസ് ആവശ്യം. 
 

Latest News