ന്യൂദല്‍ഹി- കോവിഡ് വാക്സിന്റെ നികുതി പൂര്‍ണമായും ഒഴിവാക്കണമെന്ന ആവശ്യത്തില്‍ ജി.എസ്.ടി കൗണ്‍സില്‍ യോഗം വെള്ളിയാഴ്ച തീരുമാനമെടുക്കും. കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന സാധനങ്ങളുടെ നികുതിയിലും ഇളവ് വരുത്തുന്നതിനെക്കുറിച്ചും യോഗത്തില്‍ തീരുമാനമായേക്കും.
നിലവില്‍ അഞ്ച് ശതമാനം നികുതിയാണ് കോവിഡ് വാക്സിന് ഏര്‍പ്പെടുത്തിയിരിക്കുന്നത്. ഇത് പൂര്‍ണമായി ഒഴിവാക്കണമെന്ന് കേന്ദ്ര സര്‍ക്കാരിനോട് വിവിധ സംസ്ഥാന സര്‍ക്കാരുകള്‍ ആവശ്യപ്പെട്ടിട്ടുണ്ട്. നികുതി നിരക്ക് 0.1 ശതമാനമായി കുറയ്ക്കണമെന്ന നിര്‍ദേശവും കേന്ദ്ര ധനകാര്യ മന്ത്രാലയത്തിന്റെ പരിഗണനയിലുണ്ട്. ഈ രണ്ട് നിര്‍ദേശങ്ങളിലെയും ഗുണദോഷ ഫലങ്ങള്‍ വെള്ളിയാഴ്ച ചേരുന്ന ജി.എസ്.ടി കൗണ്‍സില്‍ യോഗത്തില്‍ കേന്ദ്ര ധനകാര്യ മന്ത്രാലയം അവതരിപ്പിക്കും.






