തബൂക്ക് - വധശിക്ഷ നടപ്പാക്കുന്നതിന് നിമിഷങ്ങൾ മാത്രം ബാക്കിനിൽക്കെ മകന്റെ ഘാതകന് നിരുപാധികം മാപ്പ് നൽകിയ സൗദി പൗരൻ അവദ് അൽഅംറാനിക്ക് തബൂക്ക് ഗവർണർ ഫഹദ് ബിൻ സുൽത്താൻ രാജകുമാരന്റെ അനുമോദനം. തബൂക്ക് ഗവർണറേറ്റ് ആസ്ഥാനത്തു വെച്ച് അവദ് അൽഅംറാനിയെ സ്വീകരിച്ചാണ് ഗവർണർ പ്രശംസിക്കുകയും അനുമോദിക്കുകയും ചെയ്തത്. കരുതിക്കൂട്ടിയല്ല ആരും കൊലപാതകം നടത്തുന്നതെന്നും ഇത്തരം കേസുകളിലെ പ്രതികൾക്ക് നിരുപാധികം മാപ്പ് നൽകുന്നതിലൂടെ ഇഹപരലോകങ്ങളിൽ പുണ്യവും അനുഗ്രഹവും ലഭിക്കുമെന്നും ഫഹദ് ബിൻ സുൽത്താൻ രാജകുമാരൻ അനുമോദന ചടങ്ങിൽ പറഞ്ഞു.
തിങ്കളാഴ്ച രാവിലെ വധശിക്ഷ നടപ്പാക്കുന്ന സ്ഥലത്തു വെച്ചാണ് മകന്റെ ഘാതകനായ സൗദി യുവാവ് നായിൽ ദൈഫുല്ല അൽഅതവിക്ക് അവദ് സുലൈമാൻ അൽഅംറാനി നിരുപാധികം മാപ്പ് പ്രഖ്യാപിച്ചത്. അഞ്ചു വർഷം മുമ്പ് സംഘർഷത്തിനിടെ അവദ് അൽഅംറാനിയുടെ മകനെ നായിൽ അൽഅതവി കൊലപ്പെടുത്തുകയായിരുന്നു. മുഴുവൻ നടപടിക്രമങ്ങളും പൂർത്തിയായതിനെ തുടർന്ന് ശിക്ഷ നടപ്പാക്കാൻ പ്രതിയെ ശിക്ഷ നടപ്പാക്കുന്ന സ്ഥലത്ത് എത്തിക്കുകയും ശിക്ഷ നടപ്പാക്കുന്നത് കാണാൻ നിരവധി പേർ തടിച്ചുകൂടുകയും ശിക്ഷ നടപ്പാക്കാനുള്ള ഒരുക്കങ്ങൾ അധികൃതർ ആരംഭിക്കുകയും ചെയ്തതോടെയാണ് പ്രതിക്ക് മാപ്പ് നൽകുന്നതായി അവദ് അൽഅംറാനി വിളിച്ചുപറഞ്ഞത്.
ഇത് കേട്ട് ജനക്കൂട്ടം തക്ബീർ ധ്വനികൾ മുഴക്കി ആഹ്ലാദം പ്രകടിപ്പിക്കുകയും അവദ് അൽഅംറാനിക്ക് നന്ദി പ്രകടിപ്പിക്കുകയും ചെയ്തു. വാൾമുനയിൽ നിന്ന് അവസാന നിമിഷം ജീവൻ തിരിച്ചുകിട്ടിയതിൽ സാഷ്ടാംഗ പ്രണാമം നടത്തിയാണ് സന്തോഷവും സർവശക്തനോടുള്ള നന്ദിയും യുവാവ് നായിൽ ദൈഫുല്ല അൽഅതവി പ്രകടിപ്പിച്ചത്.






