കഴിഞ്ഞ 15 വർഷക്കാലമായി ജിദ്ദയിൽ ജോലി ചെയ്യുന്നതിനിടയിൽ നിരവധി തവണ ഒഴിവ് സമയം ചെലവഴിക്കാനും വിവിധ വിനോദ സഞ്ചാരകേന്ദ്രങ്ങൾ സന്ദർശിക്കാനും തായിഫിൽ പോകാറുണ്ടെങ്കിലും ഇത് വരെ സന്ദർശനപ്പട്ടികയിൽ ഇടം പിടിക്കാതിരുന്ന ഒന്നായിരുന്നു അൽ ശരീഫ് മ്യൂസിയം. ഈ ചെറിയ പെരുന്നാൾ അവധിക്ക് ഞാനും എന്റെ ഒരുകൂട്ടുകാരനും കുടുംബത്തോടൊപ്പം അബഹയിലേക്ക് പ്ലാൻ ചെയ്ത യാത്ര അവസാന നിമിഷം കൂട്ടുകാരൻ പിന്തിരിഞ്ഞതിനാൽ മാറ്റി വെക്കേണ്ട സാഹചര്യമുണ്ടായപ്പോഴാണ് അൽ ശരീഫ് മ്യൂസിയം മനസ്സിൽ തെളിഞ്ഞത്. തുടർന്ന് പെരുന്നാൾ കഴിഞ്ഞു മൂന്നാം ദിവസം കുടുംബത്തോടൊപ്പം അതിരാവിലെ തായിഫിലേക്ക് പുറപ്പെടുകയായിരുന്നു.
മ്യൂസിയത്തിലേക്കെത്തുന്നതിന്റെ മുമ്പുള്ള ഒരു പക്ഷി സങ്കേതത്തെക്കുറിച്ച് നേരത്തെ വിവരം കിട്ടിയിരുന്നതിനാൽ അതും സന്ദർശനപ്പട്ടികയിൽ ഉൾപ്പെടുത്താൻ ഞങ്ങൾ തീരുമാനിച്ചിരുന്നു. തായിഫ് ചുരം കയറി ചെക്ക് പോയന്റിന്റെ തൊട്ട് മുമ്പിലായി വലത്തോട്ട് തിരിഞ്ഞു ഹദ റോഡിൽ ഒരു കിലോമീറ്റർ സഞ്ചരിച്ച് പക്ഷി പാർക്കിലെത്തി. മുതിർന്നവർക്കും കുട്ടികൾക്കും ഒരു പോലെ ഉല്ലസിക്കാനും പക്ഷികളെ കുറിച്ച് പഠിക്കാനും സഹായകരമാകുന്ന മനോഹരമായ സ്വകാര്യ പക്ഷി പാർക്ക്. ഒരാൾക്ക് 20 റിയാലാണു എൻട്രി ഫീസ്. പാർക്കിനുള്ളിലുള്ള സ്‌ട്രോബറി കൃഷിയോടനുബന്ധിച്ച് ഫ്രഷ് സ്‌ട്രോബ്രറി ജ്യൂസ് സന്ദർശകർക്ക് ലഭിക്കും.
ശേഷം പക്ഷി പാർക്കിൽനിന്നും ഞങ്ങളുടെ ലക്ഷ്യ സ്ഥാനമായ മ്യൂസിയത്തിലേക്കുള്ള യാത്ര തുടർന്നു. വഴിയിൽ ഒരു കടയിൽ കയറി മൊബൈൽ റീച്ചാർജ് കൂപ്പൺ വാങ്ങുന്ന സമയത്താണു ഒരു പാക്കിസ്ഥാനി കുടുംബം തായിഫിലെ റോസ് ഫാക്ടറി അന്വേഷിച്ചു ഞങ്ങളുടെ മുന്നിൽ പെട്ടത്.
കാലങ്ങളായി കാണാൻ ആഗ്രഹിച്ച റോസ് ഫാക്ടറിലേക്കുള്ള വഴി ഞങ്ങൾക്ക് അറിയില്ലെങ്കിലും കടക്കാരൻ വഴി പറഞ്ഞു കൊടുക്കുന്നത് കണ്ടപ്പോൾ പാക്കിസ്ഥാനി ഫാമിലിയുടെ കൂടെ പിറകിലായി ഞങ്ങളും കാറുമായി പിന്തുടർന്നു.
റോസ് പൂവ് കൊണ്ട് നിർമിക്കുന്ന എല്ലാ വിധ സുഗന്ധ ദ്രവ്യങ്ങളും ഈ ഫാക്ടറിയിൽ ഉത്പാദിപ്പിക്കുന്നുണ്ട്. വർഷത്തിൽ മാർച്ച് ഏപ്രിൽ മാസങ്ങളിൽ മാത്രമാണ് സീസൺ. ഒരു സ്റ്റാളിൽ അവിടെ നിർമിച്ച സുഗന്ധ ദ്രവ്യങ്ങൾ വിൽക്കാൻ വെച്ചിടുണ്ട്. റോസ് ഫാക്ടറിയിലെ കാഴ്ചകൾ കണ്ട് ലക്ഷ്യ സ്ഥാനമായ മ്യൂസിയത്തിലേക്കുള്ള യാത്ര തുടർന്നു.
തായിഫ് ടൗണിൽനിന്നും റിയാദ് റൂട്ടിൽ അരമണിക്കൂർ യാത്ര ചെയ്താൽ പഴയ കാല ചന്തയെ ഓർമ പെടുത്തും വിധമുള്ള ഒരു ചെറിയ അങ്ങാടിയിൽ എത്തും. അവിടെ നിൽക്കുമ്പോൾ നമ്മൾ ഏതോ ഒരു പുരാതന യുഗത്തിലാണെന്ന് തോന്നിപ്പോകും. അങ്ങാടിയുടെ ഭംഗി ആസ്വദിച്ച ശേഷം അൽ ശരീഫ് മ്യൂസിയത്തിലേക്ക് കയറി. കയറി ചെല്ലുമ്പോൾ തന്നെ പഴകാല മജ്‌ലിസ്, പലതരം തോക്കുകൾ, കത്തികൾ, യുദ്ധത്തിന് ഉപയോഗിച്ചിരുന്ന ആയുധങ്ങൾ, പലതരം പാത്രങ്ങൾ, ചെമ്പ്, ചന്ത, തോൽ പാത്രങ്ങൾ, ബാർബർ ഷോപ്പ്, സ്റ്റുഡിയോ, അങ്ങനെ നീളുന്ന നിരവധി വസ്തുക്കൾ.
അതോടൊപ്പം കല്ലിൽ കൊത്തിയ മുസ്ഹഫ്, ഖുർആന്റെ ആദ്യ കാല കോപ്പികൾ. പുരാതന വാഹനങ്ങളുടെ ശേഖരം തുടങ്ങി ഈ സ്വകാര്യ മ്യൂസിയം ഏതൊരു സന്ദർശകനും നയന വിരുന്നൊരുക്കാനും ചിന്തകളെ ചരിത്രത്തിലേക്ക് പായിക്കാനും പര്യാപ്തമാണ്.
30 വർഷത്തോളം അൽ ശരീഫ് അലിബിൻ മാൽബാസ് എന്ന വ്യക്തി ചരിത്ര പരമായ വസ്തുക്കൾ തേടി രാജ്യത്ത് സഞ്ചരിക്കാൻ സ്വയം തീരുമാനിച്ചതിന്റെ ഫലമാണ് ഇന്ന് കാണുന്ന വിപുലമായ ഈ മ്യൂസിയം.
പുരാതന ചരിത്രത്തിന്റെ ഉള്ളറകളിലേക്ക് സഞ്ചരിക്കണം എന്നാഗ്രഹമുള്ളവർക്ക് ഈ മ്യൂസിയം സന്ദർശിക്കുന്നത് വലിയ മുതൽക്കൂട്ടാകുമെന്ന് തീർച്ച. ഒരാൾക്ക് 20 റിയാൽ സന്ദർശന ഫീസ് നിശ്ചയിച്ചിട്ടുള്ള ഇവിടത്തെ സന്ദർശന സമയം വൈകുന്നേരം നാല്മണി മുതൽ രാത്രി പത്തു മണി വരെയാണ്.