ദമാം - ദശകങ്ങൾക്കു മുമ്പ് ആശുപത്രികളിൽ നിന്ന് നവജാതശിശുക്കളെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയായ സൗദി വനിതക്ക് വിചാരണ കോടതി വിധിച്ച വധശിക്ഷ സുപ്രീം കോടതി ശരിവെച്ചു. നേരത്തെ അപ്പീൽ കോടതിയും കീഴ്‌ക്കോടതി വിധി ശരിവെച്ചിരുന്നു. പത്തു മാസം മുമ്പാണ് പ്രതിക്ക് ദമാം ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചത്. നാലു മാസം മുമ്പ് കിഴക്കൻ പ്രവിശ്യ അപ്പീൽ കോടതി ഈ വിധി ശരിവെച്ചു. ഇതാണിപ്പോൾ സുപ്രീം കോടതിയും ശരിവെച്ചിരിക്കുന്നത്.
സ്വന്തം മക്കളാണെന്ന വ്യാജേന വളർത്തി വലുതാക്കിയ കുട്ടികൾക്ക് തിരിച്ചറിയൽ കാർഡ് സംഘടിപ്പിക്കാൻ പ്രതി രണ്ടു വർഷം മുമ്പ് ശ്രമിച്ചതാണ് ദശകങ്ങൾക്കു മുമ്പുള്ള തട്ടിക്കൊണ്ടുപോകൽ കേസുകൾക്ക് തുമ്പുണ്ടാക്കാൻ ബന്ധപ്പെട്ട വകുപ്പുകളെ സഹായിച്ചത്. ദീർഘ കാലത്തിനു ശേഷം കുട്ടികൾക്ക് തിരിച്ചറിയൽ രേഖകൾക്ക് സമീപിച്ചതിൽ സംശയം തോന്നി കിഴക്കൻ പ്രവിശ്യ ഗവർണറേറ്റ് സംഭവത്തിൽ വിശദമായ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. വൈകാതെ സൗദി വനിതയെയും രണ്ടു കൂട്ടുപ്രതികളെയും സുരക്ഷാ വകുപ്പുകൾ അറസ്റ്റ് ചെയ്തു.
വിശദമായ അന്വേഷണത്തിലും ഡി.എൻ.എ പരിശോധനയിലും കുട്ടികളുടെ മാതാവ് മുഖ്യപ്രതിയല്ലെന്നും മറ്റു രണ്ടു സൗദി കുടുംബങ്ങളിലെ കുട്ടികളാണെന്നും വ്യക്തമായിരുന്നു. കുട്ടികളെ ആശുപത്രികളിൽ നിന്ന് തട്ടിക്കൊണ്ടുപോയതായി ഇരുപതു വർഷത്തിലേറെ മുമ്പ് ഇരു കുടുംബങ്ങളും പരാതികളും നൽകിയിരുന്നു. മൂവർക്കും വധശിക്ഷ വിധിക്കണമെന്നാണ് കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ പബ്ലിക് പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നത്. കേസിൽ മറ്റു രണ്ടു പ്രതികൾക്ക് കോടതി വ്യത്യസ്ത കാലത്തേക്കുള്ള തടവു ശിക്ഷകളാണ് വിധിച്ചിരുന്നത്.






