റിയാദ് - സൗദിയിൽ കൊറോണ വാക്‌സിൻ സ്വീകരിച്ചവർക്കിടയിൽ ഇതുവരെ കൊറോണ വൈറസ് ബാധിച്ചതു മൂലമുള്ള മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് ആരോഗ്യ മന്ത്രാലയം പറഞ്ഞു. പ്രായംചെന്നവരിലും വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചവരിലും കൊറോണ പ്രത്യാഘാതങ്ങൾ പലമടങ്ങ് കൂടുതലാണ്. രോഗബാധയുടെ അപകട സാധ്യത കുറക്കാനും സംരക്ഷണം നൽകാനും പ്രായംചെന്നവർക്കും വിട്ടുമാറാത്ത രോഗങ്ങൾ ബാധിച്ചവർക്കും വാക്‌സിൻ നൽകേണ്ടത് ഏറെ പ്രധാനമാണ്.
ഒരേസമയം പ്രമേഹം, രക്തസമ്മർദം, അമിതവണ്ണം എന്നീ രോഗങ്ങൾ ബാധിച്ചവർ കൊറോണ ബാധിച്ച് മരണപ്പെടാനുള്ള സാധ്യത ആരോഗ്യമുള്ളവരെ അപേക്ഷിച്ച് 66 ഇരട്ടിയിലേറെ കൂടുതലാണെന്ന് പഠനങ്ങൾ സ്ഥിരീകരിക്കുന്നു. സൗദിയിൽ കൊറോണ ബാധിച്ച് മരണപ്പെടുന്നവരിൽ 78 ശതമാനവും 50 ഉം അതിൽ കൂടുതലും പ്രായമുള്ളവരാണ്. ആരോഗ്യമുള്ളവരെ അപേക്ഷിച്ച് പ്രമേഹ രോഗികൾ മരണപ്പെടാനുള്ള സാധ്യത ആറിരട്ടിയിലേറെയും രക്തസമ്മർദ രോഗികളും വൃക്കരോഗികളും അമിതവണ്ണക്കാരും മരണപ്പെടാനുള്ള സാധ്യത അഞ്ചിരട്ടിയിലേറെയുമാണെന്നും ആരോഗ്യ മന്ത്രാലയം പറഞ്ഞു. സൗദിയിലെ 587 വാക്‌സിൻ സെന്ററുകൾ വഴി ഇതിനകം 1.3 കോടിയിലേറെ ഡോസ് വാക്‌സിൻ വിതരണം ചെയ്തതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.






