റിയാദ് - ചെറുകിട, ഇടത്തരം സ്ഥാപനങ്ങളില്‍ സൗദിവല്‍ക്കരണം 34 ശതമാനമായി ഉയര്‍ന്നതായി തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. മൊത്തം ആഭ്യന്തരോല്പാദനത്തില് ചെറുകിട, ഇടത്തരം മേഖലയുടെ സംഭാവന ഇരുപതു ശതമാനമാണ്. വരും വര്‍ഷങ്ങളില്‍ സൗദി യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ ലഭ്യമാക്കുന്ന പ്രധാന മേഖലയായി ചെറുകിട മേഖല മാറുമെന്നാണ് കരുതുന്നതെന്ന് സാമ്പത്തിക വിദഗ്ധന്‍ വലീദ് അല്‍ഉതൈബി പറഞ്ഞു.
സൗദി അറേബ്യയുടെ പെട്രോളിതര കയറ്റുമതിയില്‍ ചെറുകിട, ഇടത്തരം മേഖലയുടെ പങ്ക് അഞ്ചു ശതമാനം മാത്രമാണ്. വികസിത രാജ്യങ്ങളില്‍ ഇത് 31 ശതമാനം മുതല്‍ 60 ശതമാനം വരെയാണ്. ഒന്നു മുതല്‍ അഞ്ചു വരെ ജീവനക്കാരും വര്‍ഷത്തില്‍ മുപ്പതു ലക്ഷം റിയാല്‍ വരെ വിറ്റുവരവുമുള്ള സ്ഥാപനങ്ങളെ ഏറ്റവും ചെറിയ സ്ഥാപനങ്ങളായും ഒമ്പതു മുതല്‍ 49 വരെ ജീവനക്കാരും പ്രതിവര്‍ഷം 30 ലക്ഷം റിയാല്‍ മുതല്‍ നാലു കോടി റിയാല്‍ വരെ വിറ്റുവരവുമുള്ള സ്ഥാപനങ്ങളെ ചെറുകിട സ്ഥാപനങ്ങളായും 50 മുതല്‍ 249 വരെ ജീവനക്കാരും വര്‍ഷത്തില്‍ നാലു കോടി റിയാല്‍ മുതല്‍ ഇരുപതു കോടി റിയാല്‍ വരെ വിറ്റുവരവുമുള്ള സ്ഥാപനങ്ങളെ ഇടത്തരം സ്ഥാപനങ്ങളായും ഇതില്‍ കൂടുതല്‍ ജീവനക്കാരും വിറ്റുവരവുമുള്ള സ്ഥാപനങ്ങളെ വന്‍കിട സ്ഥാപനങ്ങളായുമാണ് സൗദിയില്‍ പരിഗണിക്കുന്നതെന്ന് വലീദ് അല്‍ഉതൈബി പറഞ്ഞു.






