Sorry, you need to enable JavaScript to visit this website.

സൗദി കമ്പനികളുടെ  ലാഭത്തിൽ വൻ വളർച്ച

റിയാദ്- സൗദി ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ലാഭത്തിൽ ഈ വർഷം ആദ്യ പാദത്തിൽ വൻ വളർച്ച. ജനുവരി, ഫെബ്രുവരി, മാർച്ച് മാസങ്ങളിൽ സൗദി കമ്പനികൾ 110.7 ബില്യൺ റിയാൽ അറ്റാദായം നേടി. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ ഇത് 75.2 ബില്യൺ റിയാലായിരുന്നു. ഈ വർഷം ആദ്യ പാദത്തിൽ കമ്പനികളുടെ ലാഭത്തിൽ 35.5 ബില്യൺ റിയാലിന്റെ വളർച്ച രേഖപ്പെടുത്തി. ഈ വർഷം കമ്പനികളുടെ ലാഭം 47 ശതമാനം തോതിൽ വർധിച്ചു. ദേശീയ എണ്ണ കമ്പനിയായ സൗദി അറാംകൊ ആദ്യ പാദത്തിൽ 81.44 ബില്യൺ റിയാൽ ലാഭം നേടി.

കഴിഞ്ഞ കൊല്ലം ആദ്യ പാദത്തെ അപേക്ഷിച്ച് 30.3 ശതമാനം കൂടുതലാണിത്. അസംസ്‌കൃത എണ്ണ വിൽപന കുറഞ്ഞിട്ടും ആഗോള വിപണിയിൽ എണ്ണ വില ഉയർന്നതിന്റെയും റിഫൈനറി മേഖലയിൽ നിന്നുള്ള വരുമാനം മെച്ചപ്പെട്ടതിന്റെയും ഫലമായാണ് കമ്പനി ആദ്യ പാദത്തിൽ മികച്ച ലാഭം കൈവരിച്ചത്. ഏഴു പാദങ്ങൾക്കിടെ സൗദി അറാംകൊ ഏറ്റുമധികം ലാഭം കൈവരിച്ചത് ഈ വർഷം ആദ്യ പാദത്തിലായിരുന്നു. പെട്രോകെമിക്കൽസ് കമ്പനികൾ പത്തു പാദങ്ങൾക്കിടയിലെ ഏറ്റവും ഉയർന്ന ലാഭം കൈവരിച്ചു. പെട്രോകെമിക്കൽസ് കമ്പനികൾ 8.47 ബില്യൺ റിയാൽ ലാഭമുണ്ടാക്കി. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ ഈ മേഖലയിലെ കമ്പനികൾ 3.2 ബില്യൺ റിയാൽ നഷ്ടം രേഖപ്പെടുത്തിയിരുന്നു. എണ്ണ വില വർധനക്ക് അനുസൃതമായി പെട്രോകെമിക്കൽസ് ഉൽപന്നങ്ങളുടെ വില മെച്ചപ്പെട്ടത് മികച്ച ലാഭം നേടാൻ കമ്പനികളെ സഹായിച്ചു. ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്ത ബാങ്കുകൾ മൂന്നു മാസത്തിനിടെ 11.99 ബില്യൺ റിയാൽ ലാഭം നേടി.

ബാങ്കുകളുടെ ലാഭം 20 ശതമാനം തോതിൽ വർധിച്ചു. 2019 നാലാം പാദത്തിനു ശേഷം ബാങ്കുകൾ നേടുന്ന ഏറ്റവും ഉയർന്ന ലാഭമാണിത്. ഈ വർഷം ആദ്യ പാദത്തിൽ എട്ടു മേഖലകൾ ലാഭം കൈവരിച്ചു. ഏറ്റവും ഉയർന്ന ലാഭം നേടിയത് ഗതാഗത മേഖലയാണ്. ഗതാഗത മേഖലയുടെ ലാഭം 200 ശതമാനത്തിലേറെ വർധിച്ചു. ആറു മേഖലകൾ നഷ്ടത്തിൽ നിന്ന് ലാഭത്തിലേക്ക് മാറി. മൂന്നു മേഖലകളുടെ ലാഭം കുറഞ്ഞു. ഭക്ഷ്യവസ്തു ചില്ലറ മേഖലയുടെ ലാഭമാണ് ഏറ്റവുമധികം കുറഞ്ഞത്. ഈ മേഖയുടെ ലാഭം 48 ശതമാനം തോതിൽ ആദ്യ പാദത്തിൽ കുറഞ്ഞു. കഴിഞ്ഞ വർഷം ആദ്യ പാദത്തിൽ ലാഭം കൈവരിച്ച രണ്ടു മേഖലകൾ ഈ കൊല്ലം ആദ്യ പാദത്തിൽ നഷ്ടം രേഖപ്പെടുത്തുകയും ചെയ്തു. റിയൽ എസ്റ്റേറ്റ് മേഖലയുടെ നഷ്ടം കൂടി. തുടർച്ചയായി ആറാം പാദത്തിലാണ് ഈ മേഖല നഷ്ടം രേഖപ്പെടുത്തുന്നത്. ഈ വർഷം ആദ്യ പാദത്തിൽ സൗദി കമ്പനികൾ നേടിയ ആകെ ലാഭത്തിന്റെ 73.7 ശതമാനവും സൗദി അറാംകൊയുടെ വിഹിതമാണ്.

ലാഭത്തിൽ രണ്ടാം സ്ഥാനത്ത് സാബിക് ആണ്. സാബിക് ആദ്യ പാദത്തിൽ 4.86 ബില്യൺ റിയാൽ ലാഭം നേടി. മൂന്നാം സ്ഥാനത്തുള്ള അൽഅഹ്‌ലി ബാങ്ക് 3.41 ബില്യൺ റിയാലും നാലാം സ്ഥാനത്തുള്ള അൽറാജ്ഹി ബാങ്ക് 3.34 ബില്യൺ റിയാലും അഞ്ചാം സ്ഥാനത്തുള്ള സൗദി ടെലികോം കമ്പനി 2.95 ബില്യൺ റിയാലും ആറാം സ്ഥാനത്തുള്ള സൗദി ഇലക്ട്രിസിറ്റി കമ്പനി 1.69 ബില്യൺ റിയാലും ഏഴാം സ്ഥാനത്തുള്ള അൽറിയാദ് ബാങ്ക് 1.35 ബില്യൺ റിയാലും എട്ടാം സ്ഥാനത്തുള്ള സൗദി ബ്രിട്ടീഷ് ബാങ്ക് (സാബ്) 97 കോടി റിയാലും ഒമ്പതാം സ്ഥാനത്തുള്ള സൗദി ഫ്രാൻസി ബാങ്ക് 78 കോടി റിയാലും പത്താം സ്ഥാനത്തുള്ള പെട്രോ റാബിഗ് കമ്പനി 64.9 കോടി റിയാലും ആദ്യ പാദത്തിൽ അറ്റാദായം നേടി.
 

Latest News