കണ്ണൂർ- ലക്ഷദ്വീപിന് മേൽ കേന്ദ്ര സർക്കാർ നടത്തുന്ന അതിക്രമത്തെ ന്യായീകരിച്ച് മലയാളിയായ ബി.ജെ.പി നേതാവ് എ.പി അബ്ദുല്ലക്കുട്ടി. ലക്ഷദ്വീപിൽ അഡ്മിനിസ്‌ട്രേറ്ററെ ഉപയോഗിച്ച് കേന്ദ്ര സർക്കാർ നടത്തുന്ന നീക്കത്തിന് നേരിട്ടുള്ള പിന്തുണയാണ് അബ്ദുല്ലക്കുട്ടി നൽകുന്നത്. ഇന്ന് ലക്ഷദ്വീപിലെ ബി.ജെ.പി പ്രവർത്തകരുടെ വെർച്വൽ യോഗത്തിൽ പ്രഭാരി എന്ന നിലയിൽ പങ്കെടുത്ത അബ്ദുല്ലക്കുട്ടി കേന്ദ്രത്തിന്റെ നീക്കത്തിന് മുഴുവൻ പിന്തുണയും വാഗ്ദാനം ചെയ്തു. ഇതിന് പുറമെ, ലക്ഷദ്വീപിൽ കേന്ദ്രം നടത്തുന്ന നീക്കത്തെ ന്യായീകരിച്ച് അബ്ദുല്ലക്കുട്ടി ഫെയ്‌സ്ബുക്കിൽ കുറിപ്പ് പങ്കുവെക്കുകയും ചെയ്തു. ലക്ഷദ്വീപിൽ നടക്കുന്ന കേന്ദ്ര നീക്കത്തിന് ബി.ജെ.പി പ്രാദേശിക ഘടകത്തിന്റെ പിന്തുണ ഉറപ്പാക്കാൻ അബ്ദുല്ലക്കുട്ടിയെ ബി.ജെ.പി ദേശീയ നേതൃത്വം രംഗത്തിറക്കിയെന്ന് നേരത്തെ തന്നെ പ്രചാരണമുണ്ടായിരുന്നു. ഇത് ഉറപ്പാക്കുന്ന തരത്തിലാണ് അബ്ദുല്ലക്കുട്ടിയുടെ ന്യായീകരണം വന്നിരിക്കുന്നത്.
ലക്ഷദ്വീപിൽ ഒരു പ്രശ്‌നവുമില്ലെന്നും ലക്ഷദ്വീപിൽ ഇടംലഭിക്കാത്ത കമ്യൂണിസ്റ്റ്,മുസ്്‌ലിം ലീഗ്, ജിഹാദി ഗ്രൂപ്പുകളാണ് വ്യാജ പ്രചാരണത്തിന് പിന്നിലെന്നും അബ്ദുല്ലക്കുട്ടി ആരോപിച്ചു.
ലക്ഷദ്വീപിനെ ലോകോത്തര നിലവാരമുള്ള ടൂറിസ്റ്റ് ഡെസ്റ്റിനേഷനാക്കി മാറ്റുകയാണ് മോഡിയുടെ ലക്ഷ്യമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു. അതിന്റെ ഭാഗമായി 240 കോടി രൂപയ്ക്ക് അഗത്തി എയർപ്പോർട്ടിനെ വികസിപ്പിക്കുമെന്നും
സ്ഥലമെടുക്കുമ്പോൾ ചില സ്വകാര്യ റിസോർട്ടുകൾ പൊളിക്കേണ്ടിവരുമെന്നും അബ്ദുല്ലക്കുട്ടി പറഞ്ഞു.
കവരത്തി തലസ്ഥാനത്തെ സ്മാർട്ട് സിറ്റിയാക്കാൻ റോഡുകൾ വീതികൂട്ടേണ്ടിവരും. ലക്ഷദീപിലെ
മനോഹര കാഴ്ച ബീച്ചുകളാണ് അവിടെയുളള അനധികൃത കൈയേറ്റങ്ങൾ ആദ്യം തന്നെ പൊളിപ്പിച്ചു
മത്സ്യതൊഴിലാളികൾക്ക് പകരം നല്ല സൗകര്യങ്ങൾ ഒരുക്കാൻ തീരുമാനിച്ചിട്ടുണ്ടെന്നും അബ്ദുല്ലക്കുട്ടി വെളിപ്പെടുത്തി.