കോഴിക്കോട് -ലക്ഷദ്വീപ് സമൂഹത്തിന് ഭരണഘടനാപരമായി ലഭിച്ചു കൊണ്ടിരിക്കുന്ന അവകാശങ്ങൾ ഹനിക്കുന്ന അവിടത്തെ അഡ്മിനിസ്‌ട്രേറ്ററുടെ അതിക്രമം അവസാനിപ്പിക്കാൻ കേന്ദ്ര സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ സംസ്ഥാന പ്രസിഡന്റ് പി .എൻ അബ്ദുൽ ലത്തീഫ് മദനി, ജന.സെക്രട്ടറി ടി.കെ. അഷ്‌റഫ് എന്നിവർ ആവശ്യപ്പെട്ടു.
ദ്വീപ് സമൂഹത്തിന്റെ പ്രത്യേകമായ പദവികളോ, സാംസ്‌കാരികമായ സവിശേഷതകളോ പരിഗണിക്കാതെയുള്ള അദ്ദേഹത്തിന്റെ ഇടപെടൽ ഒരു സമൂഹത്തെ സാംസ്‌കാരികമായി ഉന്മൂലനം ചെയ്യാനുള്ള നീക്കത്തിന്റെ ഭാഗമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പരമ്പരാഗത ഉപജീവന മാർഗങ്ങൾ നിർത്തലാക്കിയും അന്യായമായി സർക്കാർ മേഖലയിലെ തൊഴിലിൽ നിന്നും ജനങ്ങളെ പിരിച്ചുവിട്ടും അദ്ദേഹം നടത്തിയ ഉത്തരവുകൾ കടുത്ത അനീതിയാണ്.
ദ്വീപിന്റെ പ്രകൃതി സൗന്ദര്യം ഉൾക്കൊള്ളാതെയും ജനഹിതം മാനിക്കാതെയും ഉള്ള അദ്ദേഹത്തിന്റെ നീക്കങ്ങൾ അവസാനിപ്പിക്കാൻ ജനാധിപത്യ സമൂഹം അടിയന്തര നടപടി സ്വീകരിക്കണം. ജില്ലാ പഞ്ചായത്തിന്റെ വെട്ടിക്കുറച്ച അധികാരങ്ങൾ തിരിച്ചു നൽകാനും ദ്വീപ് സമൂഹത്തിന്റെ സൈ്വരവിഹാരത്തിന് വെല്ലുവിളിയായ അഡ്മിനിസ്‌ട്രേറ്ററെ തിരിച്ചുവിളിച്ച് രാഷ്ട്രീയ നിയമനത്തിന് പകരം ഐ എ എസ് ഉദ്യോഗസ്ഥനെ നിയമിക്കാനും കേന്ദ്ര സർക്കാർ തയാറാകണമെന്ന് ഭാരവാഹികൾ ആവശ്യപ്പെട്ടു.
ദ്വീപ് സമൂഹത്തോട് കാണിക്കുന്ന ഈ അനീതിക്കെതിരെ കേരളീയ സമൂഹം പ്രതികരിക്കണമെന്നും ഈ അനീതി അവസാനിപ്പിക്കാൻ കേരള സർക്കാർ കേന്ദ്ര സർക്കാരറിൽ സമ്മർദദ്ദം ചെലുത്തണമെന്നും വിസ്ഡം ഇസ്‌ലാമിക് ഓർഗനൈസേഷൻ ആവശ്യപ്പെട്ടു.