Sorry, you need to enable JavaScript to visit this website.

VIDEO പറക്കുന്ന വിമാനത്തില്‍ മിന്നുകെട്ടും ആഘോഷവും; പണികിട്ടിയത് വിമാന ജീവനക്കാര്‍ക്ക്

മധുരൈ- കോവിഡ് മഹാമാരിയാണെങ്കിലും ലോക്ഡൗണില്‍ എല്ലാവരും അടച്ചിരിക്കുകയാണെങ്കിലും വെറൈറ്റികള്‍ക്ക് ഒരു കുറവുമില്ല. ഒരു വിമാനം തന്നെ വാടകയ്‌ക്കെടുത്ത് മിന്നുകെട്ടും ആഘോഷവുമെല്ലാം ജോറാക്കിയാണ് തമിഴ്‌നാട്ടിലെ ദമ്പതികളുടെ പുതിയ ഐറ്റം. ഒരു സ്‌പൈസ് ജെറ്റ് വിമാനമാണ് വിവാഹ പാര്‍ട്ടി താലികെട്ടിനായി ചാര്‍ട്ടര്‍ ചെയ്തത്. ആകാശത്ത് വച്ച് ഗംഭീരമായി ചടങ്ങ് നടക്കുകയും ചെയ്തു. സംഭവം മിന്നിച്ചെങ്കിലും വിമാന ജീവനക്കാരുടെ അവസ്ഥ ഇപ്പോള്‍ കഷ്ടത്തിലായിരിക്കുകയാണ്. വിമാനത്തിനകത്ത് പാലിക്കേണ്ട കോവിഡ് സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിന് ഇവര്‍ക്കെതിരെ ഡിജിസിഎ അന്വേഷണത്തിന് ഉത്തരവിട്ടു. ഇവരെ എല്ലാവരേയും ഡ്യൂട്ടിയില്‍ നിന്ന് മാറ്റി നിര്‍ത്താന്‍ ഉത്തരവിടുകയും ചെയ്തു. 

യാത്രക്കാരോട് കോവിഡ് സുരക്ഷാ ചട്ടങ്ങള്‍ പാലിക്കണമെന്ന് ആവര്‍ത്തിച്ച് അറിയിപ്പ് നല്‍കിയെങ്കിലും അനുസരിച്ചില്ലെന്നാണ് സ്‌പൈസ് ജെറ്റിന്റെ വാദം. കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ വരനും വധുവിനും വിമാനത്തിലുണ്ടായിരുന്ന അവരുടെ ബന്ധുക്കള്‍ക്കുമെതിരേയും നടപടികള്‍ ഉണ്ടായേക്കും.  വിമാനത്തില്‍ ഏറെ പേരും മാസ്‌ക് ധരിച്ചിരുന്നില്ല. അകലം പാലിക്കാതെ കൂട്ടംകൂടി നടുത്തളത്തിലേക്കിറങ്ങുകയും ചെയ്തു. സംഭവത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റിയില്‍ നിന്നും സ്‌പൈസ് ജെറ്റില്‍ നിന്നും ഡിജിസിഎ റിപോര്‍ട്ട് തേടിയിട്ടുണ്ട്. കോവിഡ് ചട്ടങ്ങള്‍ പാലിക്കാതെ കൂട്ടംകൂടിയ യാത്രക്കാര്‍ക്കെതിരെ പരാതി നല്‍കാന്‍ സ്‌പൈസ് ജെറ്റിനോട് ഡിജിസിഎ ആവശ്യപ്പെട്ടിട്ടുണ്ട്. വിമാനത്തിലെ ആകാശ കല്യാണത്തെ കുറിച്ച് അറിയില്ലെന്നാണ് എയര്‍പോര്‍ട് അതോറിറ്റിയുടെ പ്രതികരണം. 

തമിഴ്‌നാട്ടിലെ ലോക്ഡൗണ്‍ നിയന്ത്രണങ്ങള്‍ കാരണമാണ് മധുരൈ സ്വദേശികളായ ദമ്പതികള്‍ വിമാനം വാടകയ്‌ക്കെടുത്ത് വിവാഹം ആകാശത്താക്കിയത്. മധുരൈയില്‍ നിന്നും ബെംഗളുരുവിലേക്കാണ് ഫ്‌ളൈറ്റ് ബുക്ക് ചെയ്തത്. യാത്രയ്ക്കിടെയായിരുന്നു മിന്നുകെട്ട്. സ്‌പൈസ് ജെറ്റിന്റെ ബോയിങ് 737 വിമാനത്തില്‍ യാത്ര ചെയ്തിരുന്നു വധുവരന്മാരുടെ കുടുംബങ്ങള്‍ ഫോട്ടോയും വിഡിയോയും പിടിച്ച് സമൂഹ മാധ്യമങ്ങളില്‍ പങ്കുവെച്ചതോടെ ആകാശക്കല്യാണം വൈറലുമായി. മിന്നുകെട്ട് ചിത്രീകരിക്കാന്‍ ക്യാമറാമാനും വിമാനത്തിലുണ്ടായിരുന്നു.

Latest News