ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നതില്‍ പകുതിയോളം കോവിഡ് വാക്‌സിനും ജനങ്ങള്‍ക്ക് ലഭിക്കുന്നില്ല 

കൊച്ചി- ലോകത്തെ ഏറ്റവും വലിയ വാക്‌സിന്‍ ഉല്‍പ്പാദകരെന്ന് മേനി നടിക്കുന്ന ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന കോവിഡ് വാക്‌സിന്‍ ഡോസുകളില്‍ 57 ശതമാനം മാത്രമെ ഇന്ത്യയിലെ ജനങ്ങള്‍ക്ക് ലഭിക്കുന്നുള്ളൂവെന്ന് കേന്ദ്ര സര്‍ക്കാരിന്റെ തന്നെ കണക്കുകള്‍. ഒരു മാസം ഇന്ത്യ ഉല്‍പ്പാദിപ്പിക്കുന്നത് 8.5 കോടി ഡോസ് കോവിഡ് വാക്‌സിന്‍. ഒരു ദിവസം 28.33 ലക്ഷത്തോളം ഡോസുകള്‍. എന്നാല്‍ ഇന്ത്യയിലുനീളം പൊതുജനങ്ങള്‍ക്ക് വിതരണം ചെയ്യുന്നത് വെറും 12- 13 ലക്ഷം ഡോസുകള്‍ മാത്രം. കേന്ദ്ര സര്‍ക്കാര്‍ കേരള ഹൈക്കോടതിയില്‍ ഇന്ന് സമര്‍പ്പിച്ച സത്യവാങ്മൂലത്തിലെ കണക്കുകളാണിത്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന ആകെ വാക്‌സിന്‍ ഡോസുകളില്‍ 57 ശതമാനം മാത്രമാണ് ഒരു ദിവസം ജനങ്ങളിലെത്തുന്നതെന്ന് കേന്ദ്ര സര്‍ക്കാര്‍ തന്നെ ഈ കണക്കുകളിലൂടെ വ്യക്തമാക്കുന്നു. സംസ്ഥാനങ്ങള്‍ക്കും കേന്ദ്ര ഭരണപ്രദേശങ്ങള്‍ക്കും വാക്‌സിന്‍ വിതരണം ചെയ്യുന്നതിന് നിശ്ചിത പരിധി വച്ചിട്ടില്ലെന്നും കേന്ദ്രം ഹൈക്കോടതിയില്‍ പറഞ്ഞു.

മഹാരാഷ്ട്ര, ദല്‍ഹി തുടങ്ങി പല സംസ്ഥാനങ്ങള്‍ക്കും കോവിഡ് വാക്‌സിന്‍ ലഭിക്കാതെ വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ പൂട്ടേണ്ടി വരുമ്പോഴാണ് ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന പുതിയോളം വാക്‌സിനും ജനങ്ങളിലെത്താതെ പോകുന്നത്. ഇന്ത്യയിലെ വാക്‌സിന്‍ ക്ഷാമം കാരണം കേരളം ഉള്‍പ്പെടെ പല സംസ്ഥാനങ്ങളും വിദേശങ്ങളില്‍ നിന്ന് വാക്‌സിന്‍ വാങ്ങാനുള്ള ശ്രമങ്ങളും തുടരുകയാണ്. 

പൂനെയിലെ സിറ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ഒരു ദിവസം 6.5 കോടി ഡോസ് കോവിഷീല്‍ഡ് വാക്‌സിന്‍ ഒരു മാസം ഉല്‍പ്പാദിപ്പിക്കുന്നു. കോവാക്‌സിന്‍ ഉല്‍പ്പാദകരായ ഹൈദബാദിലെ ഭാരത് ബയോടെക്ക് എന്ന കമ്പനി രണ്ടു കോടി ഡോസും ഒരു മാസം നിര്‍മ്മിക്കുന്നു. റഷ്യന്‍ വാക്‌സിനായ സ്പുട്‌നിക്-V ഇന്ത്യയില്‍ ഒരു മാസം 30 ലക്ഷം ഡോസുകളാണ് നിര്‍മിക്കുന്നതെന്നും ഇത് ഉടന്‍ ഒരു കോടിയിലെത്തിക്കുമെന്നും കേന്ദ്രം കോടതിയില്‍ അറിയിച്ചു.

Latest News