തിരുവനന്തപുരം- മലപ്പുറം ജില്ലയിൽ കോവിഡ് കൂടാനുള്ള കാരണം വിശദമാക്കി മുഖ്യമന്ത്രി പിണറായി വിജയൻ. മലപ്പുറത്ത് കോവിഡ് പകരുന്നതിൽ ഭൂരിഭാഗവും വീടുകളുടെ ഉള്ളിൽനിന്ന് തന്നെയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കൂട്ടുകുടുംബ വ്യവസ്ഥയിൽ എല്ലാവരും ഒന്നിച്ചു കഴിയുന്നതു കൊണ്ടാണ് കോവിഡ് വ്യാപനത്തിന് കാരണം. കോവിഡ് ബാധിച്ച് ക്വാറന്റൈനിൽ കഴിയുന്നവരും ഒരു വീട്ടിൽ താമസിക്കുന്നതാണ് രോഗബാധ കൂടാൻ കാരണമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ടെസ്റ്റ് പോസിറ്റീവിറ്റി ഉയർന്നു നിൽക്കുന്നതിനാൽ മലപ്പുറത്ത് കൂടുതൽ നടപടികളുമായി മുന്നോട്ടുപോകും. കൂടുതൽ ഉയർന്ന പോലീസുകാരെ വിന്യസിച്ച് നിയമലംഘനം ചെറുക്കും. ട്രിപ്പിൾ ലോക്ഡൗൺ ലംഘിച്ച് പുറത്തിറങ്ങുന്നവരെ കോവിഡ് പരിശോധനക്ക് വിധേയമാക്കി അവർ പോസിറ്റീവാണെങ്കിൽ കോവിഡ് ചികിത്സാ കേന്ദ്രത്തിലേക്ക് മാറ്റും. പിഴ അടക്കമുള്ള ശിക്ഷാ നടപടികൾ സ്വീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മഞ്ചേരി ജില്ലാ ആശുപത്രിയിൽ ഓക്സിജൻ ടാങ്ക് ഫിറ്റ് ചെയ്തു. ഇവിടെ നേരത്തെയുണ്ടായിരുന്ന ടാങ്ക് തിരൂർ, പെരിന്തൽമണ്ണ എന്നിവടങ്ങളിലെ സർക്കാർ ആശുപത്രികളിലേക്ക് മാറ്റിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.






