ഈ നൂറ്റാണ്ട് പിറക്കുന്നതിന് മുമ്പ് ഇന്ത്യയിലെ ഇക്കണോമിക്‌സ് വിദ്യാർഥികൾ വേൾഡ് ബാങ്ക് അറ്റ്‌ലസിനെ സാക്ഷ്യപ്പെടുത്തി പഠിച്ചുകൊണ്ടേയിരുന്നത് ഏഷ്യയിലെ ദരിദ്ര രാജ്യങ്ങളിലൊന്നാണ് ബംഗ്ലാദേശ് എന്നാണ്. ഇന്ത്യയുടെ കിഴക്കു ഭാഗത്തെ കൊച്ചു അയൽരാജ്യമായ ബംഗ്ലാദേശ് കഴിഞ്ഞാൽ പട്ടികയിൽ വളരെ കുറച്ചു രാജ്യങ്ങളേ ഉണ്ടായിരുന്നുള്ളൂ. ഇതിന്റെ കാരണം അന്വേഷിച്ച് തല പുകഞ്ഞാലോചിക്കേണ്ട കാര്യമൊന്നുമില്ല. പാക്കിസ്ഥാനിൽ നിന്ന് ബംഗ്ലാദേശ് സ്വാതന്ത്ര്യം നേടിയത് 1971 ലാണ്. സ്വാതന്ത്ര്യ പോരാട്ടത്തിൽ ലക്ഷക്കണക്കിന് ബംഗാളികൾ മരിച്ചു വീണ നാട്ടിന്റെ മധുരമായ പ്രതികാരമാണിത്.
എന്നിട്ടും ബംഗ്ലാദേശിന് പ്രശ്‌നങ്ങളായിരുന്നു എപ്പോഴും. പ്രകൃതിക്ഷോഭങ്ങളും സംഘർഷങ്ങളും നാട്ടിന്റെ സൈ്വരം കെടുത്തിക്കൊണ്ടേയിരുന്നു. രാഷ്ട്രീയ പ്രശ്‌നങ്ങൾ ഒതുക്കി സമ്പദ്ഘടനയക്ക് കുതിക്കാനുള്ള അവസരമുണ്ടാക്കിയ ഭരണാധികാരികൾക്ക് അഭിമാനിക്കാം. ചുഴലിക്കാറ്റ്, ആളെ കുത്തി നിറച്ച ബോട്ട് ബ്രഹ്മപുത്രയിൽ മുങ്ങൽ, തീവ്രവാദി ഗ്രൂപ്പുകളുടെ വിധ്വംസക പ്രവർത്തനം... ഇത്തരം വാർത്തകളാണ് അയൽ രാജ്യത്തു നിന്ന് വാർത്താ ഏജൻസികൾ നൽകിക്കൊണ്ടിരുന്നത്. കുറച്ചു കാലമായി അസുഖകരമായ വാർത്തകൾ അയൽനാട്ടിൽ നിന്ന് കൂടുതലായി കേൾക്കാനില്ല. ആരോഗ്യം, വിദ്യാഭ്യാസം, അടിസ്ഥാന സൗകര്യ വികസനം, കയറ്റുമതി എന്നീ രംഗങ്ങളിൽ ബംഗ്ലാദേശ് ശ്രദ്ധ കേന്ദ്രീകരിച്ചതിന്റെ നേട്ടം കൂടിയാണിത്. ചെറിയ വരുമാനം ലഭിക്കുന്ന ജോലിയാണെങ്കിലും ബംഗ്ലാദേശ് പ്രവാസികൾ ലോകത്തിന്റെ എല്ലാ ഭാഗത്തുമുണ്ട്. അവരുടെ റെമിറ്റൻസ് ഏഷ്യയിലെ ദരിദ്ര രാജ്യത്തിന് പുത്തനുണർവ് പകർന്നു. മെയിഡ് ഇൻ ബംഗ്ലാദേശ് തുണത്തരങ്ങൾ സൗദി അറേബ്യയിലെ ജിദ്ദയിലുൾപ്പെടെ പ്രമുഖ വസ്ത്രാലയങ്ങളെ അലങ്കരിച്ചതും മാറിയ കാലത്തിന്റെ സൂചനയാണ്. ഈജിപ്തിനെയും പുറന്തള്ളിയാണ് ബംഗ്ലാദേശ് ഈ രംഗത്ത് പഴയ പ്രതാപം വീണ്ടെടുത്തത്. പ്രതിശീർഷ വരുമാന (പെർകാപ്പിറ്റ ഇൻകം) ത്തിന്റെ വിഷയത്തിൽ ബംഗ്ലാദേശ് ഇന്ത്യയെ മറികടന്നിരിക്കുകയാണിപ്പോൾ. കോവിഡ് വ്യാപനം രൂക്ഷമായ കഴിഞ്ഞ സാമ്പത്തിക വർഷത്തിൽ പ്രതിശീർഷ വരുമാനത്തിൽ ഒമ്പതു ശതമാനത്തിന്റെ വർധനയാണ് ബംഗ്ലാദേശിനുണ്ടായത്.

2020-21 ലെ കണക്ക് പ്രകാരം 2227 ഡോളറാണ് ബംഗ്ലാദേശിന്റെ പ്രതിശീർഷ വരുമാനം. 2019-20 ൽ ഇത് 2064 ഡോളർ ആയിരുന്നു. 2020-21 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ പ്രതിശീർഷ വരുമാനം 1947 ഡോളറാണ്. ബംഗ്ലാദേശ് വരുമാനത്തിന്റെ കാര്യത്തിൽ ഇന്ത്യയെ മറികടക്കുന്നത് സാങ്കേതികം മാത്രമാണെന്ന് സാമ്പത്തിക വിദഗ്ധർ പറയുന്നു. ക്രയശേഷിയുടെ കാര്യത്തിൽ ഇന്ത്യ ഏറെ മുന്നിലാണെന്നും ആ സ്ഥിതി തുടരുമെന്നും കേന്ദ്ര സർക്കാരിന്റെ മുൻ സാമ്പത്തിക ഉപദേഷ്ടാവ് അരവിന്ദ് സുബ്രഹ്മണ്യം പറഞ്ഞു.
കഴിഞ്ഞ വർഷം ഒക്‌ടോബറിലിറങ്ങിയ ലോകബാങ്ക് സാമ്പത്തിക അവലോകനമായ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് റിപ്പോർട്ടിൽ ബംഗ്ലാദേശിന്റെ പ്രതിശീർഷ വരുമാനം ഇന്ത്യയെ മറികടക്കുമെന്ന് പ്രവചിച്ചിരുന്നു.
ലോക്ഡൗൺ ആഘാതത്തിന്റെ ഫലമായി 2020 ൽ പ്രതിശീർഷ മൊത്ത ആഭ്യന്തര ഉൽപാദനത്തിൽ ഇന്ത്യ ബംഗ്ലാദേശിനേക്കാൾ താഴാൻ പോകുന്നുവെന്നായിരുന്നു ഐഎംഎഫ് റിപ്പോർട്ട്. ഇന്ത്യയുടെ പ്രതിശീർഷ ജിഡിപി 2020 ൽ 1,877 ഡോളറായി കുറഞ്ഞു. അതായത് 10.3 ശതമാനം ഇടിവ്. ബംഗ്ലാദേശിന്റേത് 1,888 ഡോളറായി ഉയർന്നു. അതായത് 4 ശതമാനം വർധന. പ്രതിശീർഷ ജിഡിപി കണക്കനുസരിച്ച്, കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഇന്ത്യ ബംഗ്ലാദേശിനേക്കാൾ വളരെ മുകളിലായിരുന്നു. 2007 ൽ ഇന്ത്യയുടെ നേർപാതിയായിരുന്നു ബംഗ്ലാദേശിന്റെ പ്രതിശീർഷ വരുമാനം.
അയൽ രാജ്യത്തിന്റെ അതിവേഗ കയറ്റുമതി കാരണം ഈ വിടവ് ഗണ്യമായി കുറഞ്ഞു. ഇതിനു പുറമെ, ഈ കാലയളവിൽ, ഇന്ത്യയുടെ സമ്പാദ്യവും നിക്ഷേപവും കുറഞ്ഞു. എന്നാൽ ബംഗ്ലാദേശിന്റെ സമ്പാദ്യത്തിൽ ഗണ്യമായ വർധനയുണ്ടായി.
ആദ്യ ലോക്ഡൗൺ പ്രഖ്യാപിച്ചത് മുതൽ ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ ബാധിച്ചു തുടങ്ങിയിരുന്നു. ഗ്രാമീണ ഇന്ത്യ കടുത്ത സാമ്പത്തിക പ്രതിസന്ധിയിലാണ്. കോവിഡ് രണ്ടാം തരംഗ വ്യാപനം രൂക്ഷമാകുന്നതോടെ ഗ്രാമീണ ഇന്ത്യയുടെ സ്ഥിതി കൂടുതൽ പരുങ്ങലിലാവും. സർക്കാർ കണക്കുകളേക്കാൾ സ്ഥിതി രൂക്ഷമാവുമെന്നാണ് ഐ.എംഎഫ് കണക്കാക്കുന്നത്. ഇന്ത്യയുടെ സങ്കോചം 10.3 ശതമാനമാവും. സ്‌പെയിനിനും ഇറ്റലിക്കും ശേഷം ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ ഇടിവായിരിക്കുമെന്നാണ് റിപ്പോർട്ടിൽ പറഞ്ഞത്. വികസ്വര രാജ്യങ്ങളിലും വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകളിലും വെച്ച് ഇത് ഏറ്റവും വലിയ ഇടിവായിരിക്കും. ചൈന ഒഴികെയുള്ള വളർന്നുവരുന്ന സമ്പദ്‌വ്യവസ്ഥകൾ 2020 ൽ 5.7 ശതമാനം സങ്കോചത്തിന് സാക്ഷ്യം വഹിക്കുമെന്ന് ഐഎംഎഫ് റിപ്പോർട്ടിലുണ്ടായിരുന്നു. ഇന്ത്യ, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ സമ്പദ്‌വ്യവസ്ഥ ടൂറിസം, ചരക്കുകൾ തുടങ്ങിയ മേഖലകളെയാണ് കൂടുതൽ ആശ്രയിക്കുന്നത്. 1990-91 ലെ പ്രതിസന്ധിക്കു ശേഷം ഇന്ത്യൻ സമ്പദ്‌വ്യവസ്ഥ ഏറ്റവും ഗുരുതര സാഹചര്യത്തെയാണ് നേരിടുന്നത്.
ശ്രീലങ്കക്കു ശേഷം ദക്ഷിണേഷ്യയിലെ ഏറ്റവും മോശം സമ്പദ്‌വ്യവസ്ഥ ഇന്ത്യയാകാനും സാധ്യതയുണ്ട്.
ആരോഗ്യ പ്രതിസന്ധി രാജ്യത്തിന്റെ സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്ന് ഫിച്ച് റേറ്റിങ്‌സ് ആവർത്തിച്ചു. 2021 മാർച്ചിൽ അവസാനിച്ച സാമ്പത്തിക വർഷത്തിൽ പൊതുസർക്കാർ കടം ജിഡിപിയുടെ 90.6 ശതമാനമായി ഉയർന്നു. ഇത് 2020 സാമ്പത്തിക വർഷത്തിൽ 70.9 ആയിരുന്നു. ഈ വിവരങ്ങൾ പരസ്പര പൂരകങ്ങളല്ല എന്നാണ് കേന്ദ്ര സർക്കാരിന്റെ വാദം. സാമ്പത്തിക വളർച്ച 11.5 ന് പകരം 10.5ൽ താഴെയായി മാറുമെന്നാണ് ഏജൻസികളുടെയും പ്രവചനം. മാത്രമല്ല, ഇത് ഒറ്റ അക്കത്തിലേക്ക് പോകാനും സാധ്യതയുണ്ടെന്ന് റേറ്റിംഗ് ഏജൻസികൾ മുന്നറിയിപ്പ് നൽകുന്നു.
അതേസമയം, കോവിഡ് വ്യാപനം ഇന്ത്യയുടെ സാമ്പത്തിക വളർച്ചയെ ബാധിച്ചെന്ന അന്താരാഷ്ട്ര ഏജൻസികളുടെ നിരീക്ഷണത്തെ കേന്ദ്ര സർക്കാർ തള്ളി. വളർച്ചാ നിരക്കിൽ കുറവ് വന്നിട്ടുണ്ടെങ്കിലും മറ്റു രാജ്യങ്ങളുടെ വളർച്ചാ നിരക്കുമായി താരതമ്യം ചെയ്യുമ്പോൾ രാജ്യത്തിന്റെ സാമ്പത്തിക പ്രക്രിയയെ അത് ബാധിക്കില്ലെന്ന് ധനമന്ത്രി നിർമല സീതാരാമൻ പ്രതികരിച്ചു.






