VIDEO കുതിരയുടെ ശവസംസ്‌ക്കാരത്തില്‍ പങ്കെടുത്തത് ആയിരങ്ങള്‍; കോവിഡ് നിയന്ത്രണങ്ങള്‍ക്ക് പുല്ലുവില

ബെലഗാവി- കോവിഡ് നിയന്ത്രിക്കാന്‍ സമ്പൂര്‍ണ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തിയ കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ ഒരു കുതിരയുടെ ശവസംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ ആയിരങ്ങള്‍ കോവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച് ഒത്തുകൂടി. ഒരു പ്രാദേശിക മതസംഘടനയുടെ ഉടമസ്ഥതയിലുള്ളതായിരുന്നു ചത്ത കുതിര. മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ച് നാട്ടുകാരെല്ലാം സാമൂഹിക അകല നിയന്ത്രണം ലംഘിച്ച് കുതിരയുടെ അന്ത്യകര്‍മങ്ങള്‍ക്കായി ഒത്തുചേര്‍ന്നതോടെ അധികൃതര്‍ ഗ്രാമം താല്‍ക്കാലികമായി പൂട്ടിയിരിക്കുകയാണ്. പുതിയ കോവിഡ് കേസുകള്‍ കണ്ടെത്താനായി എല്ലാവരേയും പരിശോധന നടത്തിവരികയാണിപ്പോള്‍ ജില്ലാ ഭരണകൂടം. 

ബെലഗാവിയിലെ മരഡിമഠില്‍ കുതിരയുടെ വിലാപയാത്രയില്‍ ആയിരക്കണക്കിന് ആളുകളാണ് കൂട്ടമായി പങ്കെടുത്തത്. പലരും മാസ്‌ക്കു ധിരിച്ചിരുന്നില്ല. ഞായറാഴ്ച രാവിലെയാണ് കുതിര ചത്തത്. ഗ്രാമം 14 ദിവസത്തേക്ക് സീല്‍ ചെയ്തതായും ആര്‍ക്കും ഇവിടേക്ക് പ്രവേശിക്കാനോ ഇവിടെ നിന്നു പുറത്തു പോകാനോ അനുവാദമില്ലെന്നും ബെലഗാവി ജില്ലാ പോലീസ് മേധാവി ലക്ഷമണ്‍ നിംബര്‍ഗി അറിയിച്ചു. എല്ലാവരേയും ആര്‍ടി-പിസിആര്‍ ടെസ്റ്റ് ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.

Latest News