റിയാദ് - വ്യത്യസ്ത കമ്പനികളുടെ കോവിഡ് വാക്‌സിൻ സ്വീകരിക്കാമോ എന്നത് സംബന്ധിച്ച് സൗദിയിൽ പഠനം നടന്നുവരികയാണെന്ന് ആരോഗ്യവകുപ്പ് അധികൃതർ വ്യക്തമാക്കി. സൗദിയിൽ വ്യത്യസ്ത ഇനത്തിൽ പെട്ട രണ്ടു ഡോസ് വാക്‌സിൻ നൽകുന്നത് എത്രമാത്രം സുരക്ഷിതമാണ് എന്നതിനെ കുറിച്ച് ആരോഗ്യ മന്ത്രാലയം പഠിക്കുന്നുണ്ട്. ഒരു ഡോസ് ഫൈസർ വാക്‌സിൻ സ്വീകരിച്ച ഒരാൾ രണ്ടാമത്തെ ഡോസ് അസ്ട്രാസെനിക്ക വാക്‌സിൻ സ്വീകരിക്കുന്നതു കൊണ്ട് ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ലെന്ന് ആഗോള തലത്തിലെ പഠനങ്ങൾ സ്ഥിരീകരിക്കുന്നുണ്ട്. രണ്ടു വാക്‌സിനുകളും ഒരുമിച്ച് ഉപയോഗിക്കുന്നത് എത്രമാത്രം ഫലപ്രദമാണ് എന്നതിനെ കുറിച്ച് സൗദി ആരോഗ്യ മന്ത്രാലയം പഠിച്ചുവരികയാണ്.
സൗദിയിൽ അംഗീകാരം നൽകുന്ന വാക്‌സിനുകളുമായി ബന്ധപ്പെട്ട പഠനത്തിൽ നിന്ന് വ്യത്യസ്തമായി, ഹജ്, ഉംറ, സിയാറത്ത് വിസകളിൽ രാജ്യത്തെത്തുന്നവർക്ക് ബാധകമായ നടപടികളെ കുറിച്ച് പ്രത്യേകം പഠിക്കുന്നുണ്ടെന്നും അധികൃതർ അറിയിച്ചു. രണ്ടു കമ്പനികളുടെ വാക്‌സിൻ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ഇതേവരെ തീരുമാനം എടുത്തിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
പതിനെട്ടു വയസിൽ കൂടുതൽ പ്രായമുള്ള 70 ശതമാനം പേർക്കും ചുരുങ്ങിയത് ഒരു ഡോസ് വാക്‌സിൻ എങ്കിലും രണ്ടു മാസത്തിനുള്ളിൽ നൽകാൻ ആരോഗ്യ മന്ത്രാലയം ലക്ഷ്യമിടുന്നതായി ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി അബ്ദുല്ല അസീരി പറഞ്ഞു. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് സൗദിയിൽ വാക്‌സിൻ സ്വീകരിക്കാൻ ആളുകൾ വലിയ തോതിൽ മുന്നോട്ടുവരുന്നുണ്ട്. രണ്ടു മാസത്തിനുള്ളിൽ 1.8 കോടി മുതൽ 1.9 കോടി വരെ ആളുകൾക്ക് വാക്‌സിൻ നൽകാനാണ് ലക്ഷ്യമിടുന്നത്. ഇതുവരെ 1.3 കോടി പേർക്ക് വാക്‌സിൻ നൽകിയിട്ടുണ്ടെന്നും ആരോഗ്യ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറി പറഞ്ഞു.