സ്‌കൂൾ അവധി തുടങ്ങുകയും എന്റെ വെക്കേഷൻ ആരംഭിക്കുകയും ചെയ്തതിനാൽ ഇക്കുറി കുട്ടികൾ വളരെ സന്തോഷത്തിലായിരുന്നു. കുറച്ചു ദൂരം സഞ്ചരിച്ചു എവിടേക്കെങ്കിലും ഒന്നുപോകാം എന്ന് ഞാനും ഉറപ്പിച്ചു. അങ്ങനെയാണ് ആലപ്പുഴയിലെ കുട്ടനാട്ടിലേക്ക് തന്നെയെന്ന് തീർച്ചപ്പെടുത്തിയത്. അത്രക്കും നിറപ്പകിട്ടാർന്നതും സഞ്ചാരികളെ ആകർഷിക്കുന്നതുമാണ് കായലുകളാൽ സമ്പന്നമായ ആലപ്പുഴ.
യാത്രക്കുള്ള വാഹനം ഏർപ്പാടാക്കി കാലത്ത് തന്നെ ലക്ഷ്യസ്ഥാനത്തേക്ക് കുതിച്ചു. കൊച്ചി എയർപോർട്ടും എറണാകുളവും പിന്നിലാക്കി ദേശീയ പാതയിലൂടെ ആലപ്പുഴ ലക്ഷ്യമാക്കി അതിശീഘ്രം കുതിച്ചു.
ദേശീയപാത 47 ൽ ഹരിപ്പാടിനും ആലപ്പുഴയ്ക്കും ഇടയിൽനിന്ന് കുട്ടനാട്ടേക്കെത്തിച്ചേരാം. അങ്ങനെ ഞങ്ങൾ എത്തിപ്പെട്ടത് വളരെ തിരക്കുള്ള ഒരു റോഡിലേക്കായിരുന്നു. അൽപ ദൂരം ഒരു ചെറിയ കൈവഴിയിലൂടെ ഓടിയപ്പോൾ കായലുകളുടെയും കാനലുകളുടെയും സംഗമ ഭൂമിയിൽ ഞങ്ങളും എത്തിപ്പെട്ടു.

വാഹനം നിർത്തി നേരെ മുന്നോട്ട് ജെട്ടിയുടെ ഭാഗത്തേക്ക് നീങ്ങിയപ്പോഴാണ് കണ്ണഞ്ചിപ്പിക്കുന്ന കാഴ്ച കണ്ടത്. വ്യത്യസ്ത വലിപ്പത്തിലും വർണത്തിലുമുള്ള ഹൗസ് ബോട്ടുകളുടെ ഒരു നീണ്ട നിര തന്നെ സഞ്ചാരികളെ മാടിവിളിക്കുന്നു.
ഏകദേശം കാലത്ത് 11 മണിയോടെ ബോട്ടുകൾ ഓരോന്നായി സാവധാനം യാത്രക്കാരെയും കൊണ്ട് യാത്ര ആരംഭിച്ചു. എല്ലാ വിധ സൗകര്യങ്ങളോടെയുള്ള ആഡംബര നൗക വരെയുണ്ട്. വളരെ കാലങ്ങളായുള്ള ഒരു ആഗ്രഹമായിരുന്നു ഹൗസ് ബോട്ടിലൂടെയുള്ള ഒരു കായൽ യാത്ര. കണ്ടാൽ നിശ്ചലമാണന്ന് തോന്നുമാറ് തലങ്ങും വിലങ്ങും നിറഞ്ഞൊഴുകുന്ന മനോഹരമായ കായലുകളും കനാലുകളും! മറുഭാഗത്ത് പച്ച പരവതാനി വിരിച്ചിട്ട പോലെ കുട്ടനാടിന്റെ നെൽവയലുകൾ.
സമയം ഉച്ചയോടടുത്തു. അതിനിടക്ക് രുചി മുകുളങ്ങളെ ത്രസിപ്പിച്ച് വേമ്പനാട് കായലിലെ പ്രസിദ്ധമായ കരിമീൻ ഉൾപ്പെടെ വിഭവ സമൃദ്ധമായ ഊൺ ഞങ്ങൾക്കായി തയാറായിരുന്നു. ചുറ്റുമുള്ള കാഴ്ച കണ്ടാസ്വദിച്ചു സ്വാദിഷ്ടമായ ഭക്ഷണം കഴിച്ചു. വീണ്ടും കാഴ്ചകൾ കാണാനായി മുകൾ ഡക്കിലെ തുറസ്സായ ബാൽക്കണിയിൽ പോയി ഇരുന്നു. കണ്ണെത്താ ദൂരത്തോളം വേമ്പനാട്ടു കായലിനെ നോക്കിക്കൊണ്ടിരുന്നു. മിക്ക ബോട്ടുകളിലും ഒരു പ്രോഗ്രാം നടത്താൻ പറ്റിയ സൗകര്യങ്ങൾ മുകൾ തട്ടിലുള്ളതിനാൽ സഞ്ചാരികൾ അത് നന്നായി ഉപയോഗിച്ച് ഉല്ലസിക്കുന്നുണ്ടായിരുന്നു.
തോണിയിലൂടെ തനിച്ചു സഞ്ചരിച്ചു കക്ക വാരുന്നവരെ നോക്കി നിൽക്കുന്നതിനിടയിലാണ് പെട്ടെന്നൊരു ശബ്ദം ബോട്ടിൽ നിന്ന് മുഴങ്ങിക്കേട്ടത്. ആശങ്കാഭരിതമായ നിമിഷങ്ങൾ. ക്രൂ ചങ്ങലയും കയറും എടുക്കുകയായിരുന്നെന്നറിഞ്ഞപ്പോൾ ആശ്വാസമായി. ഇടത്താവളമെന്നു തോന്നുന്ന ഒരു കായൽകരയിൽ ബോട്ട് നങ്കൂരമിട്ടു. ഞങ്ങൾ ബോട്ടിൽനിന്നിറങ്ങി നേരെ കായലിൽനിന്ന് പിടിച്ച പുത്തൻ മീൻ കാണാൻ വേണ്ടി മത്സ്യവിൽപനക്കാരന്റെ അടുത്തേക്ക് നീങ്ങി. കണ്ണഞ്ചിപ്പിക്കുന്ന പിടക്കുന്ന കരിമീൻ! മറുഭാഗത്ത് പല നിറത്തിലും രൂപത്തിലുമുള്ള ചെമ്മീനും. പറഞ്ഞ വിലക്ക് കരിമീനുകൾ വാങ്ങി വിദേശികൾ സമീപത്തെ നാടൻ ഭക്ഷണശാലയിൽ കൊടുത്തു ചൂടോടെ പൊരിച്ചു കഴിക്കുന്നു. നാവിൽ വെള്ളമൂറിയ നിമിഷങ്ങൾ. കുട്ടികൾക്ക് അപ്പോഴും വേണ്ടത് ഐസ്‌ക്രീമും ലൈസും! നങ്കൂരമഴിച്ചു വഞ്ചി വീണ്ടും ഞങ്ങളുമായി കായലിന്റെ നടുപ്പരപ്പിലൂടെ ഊളിയിടാൻ തുടങ്ങി.

ജലാശയത്തിലെ മീനുകളെ ലക്ഷ്യം വെച്ചു കായലിന്റെ കുഞ്ഞോള പരപ്പിൽ തെന്നി മാറുന്ന പൊന്മാനുകളും അവക്ക് പിടികൊടുക്കാതെ പുളച്ചു നീന്തുന്ന മീനുകളുടെ കാഴ്ച ആരുടെയും മനസ്സു കുളിർപ്പിക്കും. നെൽപാടങ്ങളിൽ നൂറുകണക്കിന് വെള്ള കൊക്കുകൾ കൂട്ടത്തോടെ പറന്നിറങ്ങുന്നത് കാണേണ്ട കാഴ്ചയാണ്. ആകാശത്ത് ചിറകടിച്ചു പറക്കുന്ന അഴകാർന്ന തത്തകൾ മുതൽ വിവിധയിനം കടൽകാക്കകളെ വരെ കാണാമായിരുന്നു. ഇടക്കിടെ ഇരയെത്തേടി വാനിൽ വട്ടമിട്ടു പറക്കുകയും ശരവേഗത്തിൽ ലക്ഷ്യസ്ഥാനത്തെത്തി ഇരയെ റാഞ്ചുകയും ചെയ്യുന്ന പരുന്തുകളുമുണ്ട്. സഞ്ചാരികളോടോന്നും ഒരു സൗമനസ്യവും കാണിക്കാതെ ഞങ്ങളാണ് ഈ കായലിലെ അന്തേവാസികൾ എന്ന ഗർവ് അവരുടെ ചിറകടി ശബ്ദത്തിൽ പ്രതിധ്വനിക്കുന്നതു പോലെ.
സമയം സന്ധ്യയോടടുക്കുന്നുണ്ടായിരുന്നു. സൂര്യൻ പടിഞ്ഞാറൻ ചക്രവാളത്തിലേക്ക് ചായാൻ തുടങ്ങിയതിനാൽ മാനത്ത് ഒരു ചെമ്പരത്തിപ്പൂവിന്റെ നിറം പരക്കുന്ന പോലെ. നിമിഷങ്ങൾക്കകം സൂര്യൻ അറബിക്കടലിൽ പതിയെ മുത്തമിട്ടു വിടചൊല്ലി. അപ്പോഴേക്കും സ്ട്രീറ്റ് ലൈറ്റുകൾ മിഴി തുറക്കാൻ തുടങ്ങിയിരുന്നു. അങ്ങനെ ഒരു ഉൾനാടൻ പ്രദേശത്ത് കായൽകരയിൽ ഞങ്ങൾ തമ്പടിച്ചു. ബോട്ട് നന്നായി ബന്ധിച്ചതിനാൽ ബോട്ടിൽ നിന്നിറങ്ങി കായലിന്റെ കരക്കുള്ള കർഷക തൊഴിലാളികളുടെ ജീവിത രീതിയെ കുറിച്ചറിയാൻ തിടുക്കത്തിൽ പുറപ്പെട്ടു. ചാറ്റൽമഴ ഉള്ളതിനാൽ വഴി വഴുക്കുന്നതായിരുന്നു.
ജലമാർഗമല്ലാതെ എത്തിച്ചേരാൻ കഴിയാത്ത അത്തരം ഉൾപ്രദേശങ്ങളിൽ പോലും വളരെ ഭംഗിയായി നിർമിച്ച ചില വീടുകൾ കണ്ടപ്പോൾ അത്ഭുതം തോന്നി. വീടുമുറ്റത്ത് റോഡുകളില്ലാത്ത പരിഭവം ഉണ്ടോ എന്ന് അന്വേഷിച്ചപ്പോൾ ഞങ്ങളുടെ ഹൈവേ റോഡുകൾ ഈ കാണുന്ന കായലുകളാണ്' എന്നായിരുന്നു മറുപടി. ശശിയുടെ ആ മറുപടിയിൽ എല്ലാം അടങ്ങിയിട്ടുണ്ട്.

കുട്ടികൾക്കും കാഴ്ചയുടെ ഹരം കിട്ടിയ പോലെ. സൂര്യനുണരുന്നതിന്റെ മുമ്പായി എഴുന്നേറ്റ് എന്റെ കൂടെ വന്നു. അപ്പോഴേക്കും കുളിർകാറ്റ് ഞങ്ങളെ തലോടി സ്വാഗതം ചെയ്തു. രാത്രിയിലെ ചാറ്റൽമഴ കാരണം വരമ്പ് വഴുക്കുന്നതിനാൽ ഞങ്ങൾ ശ്രദ്ധയോടെ നടന്നു. ഞാൻ കുട്ടിക്കാലത്തെ ഓരോ കഥ പറഞ്ഞു മുന്നിൽ നടക്കുകയായിരുന്നു. കുറെ കഴിഞ്ഞപ്പോൾ ഒരു റെസ്‌പോൺസ് കേൾക്കാത്തതിനാൽ വെറുതെ ഒന്ന് ശാലുവിനെ തിരിഞ്ഞു നോക്കിയപ്പോൾ അവൻ അങ്ങ് പിറകിലായി പരലുകൾ തൊട്ടുകളിക്കുന്നത് കണ്ടുകൊണ്ടിരിക്കുകയായിരുന്നു. ചെറുപ്പം മുതലേ വളർത്തു മീനുകളോട് എന്തെന്നില്ലാത്ത ഭ്രമമാണ് അവന്. അന്നേരമതാ ആരോ വിളിക്കുന്നതു പോലെ, തിരിഞ്ഞു നോക്കിയപ്പോൾ വണ്ടിക്കാരൻ ഞങ്ങളെ മാടി വിളിക്കുന്നു. അപ്പോഴേക്കും മിന്നുമോൾ കുറച്ചു ഫോട്ടോകളൊക്കെ ക്യാമറയിലാക്കിയതിനാൽ രക്ഷപ്പെട്ടു. കണ്ടു തീരാത്ത കൊതിയുമായി കുട്ടനാടിന്റെ നെൽപ്പാടങ്ങളോട് വിടചൊല്ലി ഞങ്ങൾ നേരെ ബോട്ടിലേക്ക് കുതിച്ചു. പ്രാതൽ കഴിച്ചയുടനെ വള്ളം കരയോട് വിട ചൊല്ലി മന്ദംമന്ദം വീണ്ടും കായൽനടുവിലേക്ക് ഊളിയിട്ടു. ഹൗസ് ബോട്ടുകൾ സാവധാനത്തിലേ സഞ്ചരിക്കൂ എന്നാൽ കായലിനെ ഇളക്കി മറിച്ചുള്ള സ്പീഡ് ബോട്ടിന്റെ യാത്രക്കാരെയും കൊണ്ടുള്ള ഓട്ടം കണ്ടാൽ കായലിലെ രാജാവാണെന്നു തോന്നും! അങ്ങനെ ആദ്യമായി ഒരു രാത്രി മുഴുവനും വള്ളത്തിൽ രാപ്പാർത്ത സന്തോഷത്താൽ ഞങ്ങൾ ആ തീരത്തോട് വിട ചൊല്ലി.
ബോട്ടു തിരിച്ച് ജെട്ടിയിലെത്തി നങ്കൂരമിട്ടു. ബാഗുകളുമായി ലാലുവും സോനുവും മിന്നുവും സുമിയും ശാലുവും ഓരോരുത്തരായി ബോട്ടിൽനിന്ന് പുറത്തേക്കു കടന്നു. ഞങ്ങളുടെ കായൽ യാത്രയെ ഒരു അവിസ്മരണീയ അനുഭവമാക്കിത്തന്ന വഞ്ചിക്കാരായ മൂന്നുപേരോടും നന്ദി പറഞ്ഞ് ഞങ്ങൾ ബോട്ടിൽ നിന്നിറങ്ങി കാറിന്റെ അടുത്തേക്ക് നടന്നു. വീണ്ടും ഗൂഗിൾ മാപ്പിൽ കയറി റോഡുകൾ പരതി ലുലുവും ഫോർട്ട് കൊച്ചിയും ജൂതപ്പള്ളിയും ചുറ്റിക്കറങ്ങി പിറ്റേന്ന് പുലർച്ചെ നാട്ടിലേക്ക് തിരിച്ചു.






