Sorry, you need to enable JavaScript to visit this website.

ഈ വർഷം അവസാനത്തോടെ സൗദിയിൽ രജിസ്റ്റർ ചെയ്യുക 90 ലക്ഷം കരാർ

റിയാദ് - ഈ വർഷാവസാനത്തോടെ ഓൺലൈൻവൽക്കരിച്ച തൊഴിൽ കരാറുകളുടെ എണ്ണം 90 ലക്ഷമായി ഉയർത്താൻ ലക്ഷ്യമിടുന്നതായി ഡെപ്യൂട്ടി മാനവശേഷി, സാമൂഹിക വികസന മന്ത്രി ഡോ. അബ്ദുല്ല അബൂസ്‌നൈൻ പറഞ്ഞു. സ്വകാര്യ മേഖലയിൽ സൗദിവൽക്കരണം ക്രാനുഗതമായി വർധിച്ചുവരികയാണ്. സൗദിവൽക്കരണം ചരിത്രത്തിലെ ഏറ്റവും ഉയർന്ന തോതിലേക്ക് ഉയർന്നിട്ടുണ്ട്. 
ബന്ധപ്പെട്ട സർക്കാർ വകുപ്പുകളുമായി സഹകരിച്ച് തൊഴിൽ വിപണിയുമായി ബന്ധപ്പെട്ട 25 തന്ത്രപരമായ പദ്ധതികൾ നടപ്പാക്കുന്നതിന് അതിവേഗ നടപടികൾ ആരംഭിച്ചിട്ടുണ്ട്. ആസൂത്രിത സമയപരിധി അനുസരിച്ച് സൗദിവൽക്കരണ പദ്ധതികൾ ലക്ഷ്യം കൈവരിച്ചിട്ടുണ്ട്. അക്കൗണ്ടിംഗ് മേഖലയിൽ 20 തൊഴിലുകൾ സൗദിവൽക്കരിക്കാനുള്ള തീരുമാനം മന്ത്രാലയം പ്രഖ്യാപിച്ചിട്ടുണ്ട്. സ്വദേശികളുടെ തൊഴിൽ നൈപുണ്യം വർധിപ്പിക്കാനും പരിശീലനത്തിലൂടെ അവരെ പ്രാപ്തരാക്കി മാറ്റാനും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തന്ത്രപരമായ ദിശാബോധം സ്വീകരിച്ചിട്ടുണ്ട്. 
സൗദിവൽക്കരണവും, കരിയർ വികസനത്തിന്റെയും ഉൽപാദനക്ഷമതയുടെയും നിലവാരം ഉയർത്താനും ലക്ഷ്യമിട്ടുള്ള നിരവധി പദ്ധതികൾ മന്ത്രാലയം അംഗീകരിച്ചിട്ടുണ്ട്. തൊഴിൽ വിപണി മേൽനോട്ടം കൂടുതൽ ഫലപ്രദമാക്കാൻ നിരവധി പ്രോഗ്രാമുകളിലൂടെയും പദ്ധതികളിലൂടെയും മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം ശ്രമങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. സമഗ്ര പരിശോധനാ സംവിധാനം, വേതന സുരക്ഷാ പദ്ധതി, സ്വയം വിലയിരുത്തൽ പദ്ധതി, തൊഴിൽ നിയമ ലംഘനങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനുള്ള പോർട്ടലും ആപ്പും, തൊഴിൽ കരാർ രജിസ്‌ട്രേഷൻ പദ്ധതി എന്നിവ ഇതിൽ പെടുന്നു. മുപ്പതു ലക്ഷത്തിലേറെ തൊഴിൽ കരാറുകൾ ഇതിനകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ വർഷാവസാനത്തോടെ 90 ലക്ഷത്തിലേറെ തൊഴിൽ കരാറുകൾ രജിസ്റ്റർ ചെയ്യാനാണ് ലക്ഷ്യമിടുന്നതെന്നും ഡെപ്യൂട്ടി മാനവശേഷി, സാമൂഹിക വികസന മന്ത്രി ഡോ. അബ്ദുല്ല അബൂസ്‌നൈൻ പറഞ്ഞു.
 

Latest News