Sorry, you need to enable JavaScript to visit this website.

യുപിയില്‍ മുസ്‌ലിം യുവാവിനെ ഗോരക്ഷാ ഗുണ്ടകള്‍ മര്‍ദിച്ചു, പിന്നാലെ പോലിസ് കേസും അറസ്റ്റും

മുറാദാബാദ്- ഉത്തര്‍ പ്രദേശിലെ മുറാദാബാദ് ജില്ലയില്‍ പശു സംരക്ഷകര്‍ എന്ന് സ്വയം വിശേഷിപ്പിച്ച ഒരു സഘം മുസ്‌ലിം യുവാവിനെ കൂട്ടംചേര്‍ന്ന് മര്‍ദിച്ചു. ഇറച്ചി കച്ചവടക്കാരനായ മുഹമ്മദ് ശാക്കിര്‍ ആണ് ആക്രമിക്കപ്പെട്ടത്. സഹോദരന്റെ പരാതിയില്‍ ആക്രമികള്‍ക്കെതിരെ പോലീസ് കേസെടുത്തു. തൊട്ടുപിന്നാലെ അക്രമിസംഘവും ശാക്കിറിനെതിരെ പരാതി നല്‍കി. മൃഗത്തെ കൊന്നതിനും രോഗം പടര്‍ത്തുന്ന പ്രവര്‍ത്തനത്തിലേര്‍പ്പെട്ടതിനും കോവിഡ് ലോക്ഡൗണ്‍ മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചതിനും പോലീസ് ശാക്കിറിനെതിരെ കേസെടുത്ത് അറസ്റ്റും രേഖപ്പെടുത്തി. ജയിലിലടച്ചിട്ടില്ലെന്നും ചുമത്തിയ കേസുകള്‍ ജാമ്യം ലഭിക്കുന്നവയാണെന്നും മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥന്‍ അറിയിച്ചു. മര്‍ദനമേറ്റ ശാക്കിര്‍ വീട്ടിലാണ്. ആക്രമി സംഘത്തെ നയിച്ച മനോജ് ഠാക്കൂറിനെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ആറു പേര്‍ പ്രതികളായുണ്ടെന്നും ഇവര്‍ക്കു വേണ്ടി തിരച്ചില്‍ നടത്തിവരികയാണെന്നും മുറാദാബാദ് പോലീസ് മേധാവി പ്രഭാകര്‍ ചൗധരി പറഞ്ഞു. 

സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ഉടന്‍ നടപടി വേണമെന്ന് സമാജ് വാദി പാര്‍ട്ടി നേതാവും മുറാദാബാദ് എംപിയുമായ എസ് ടി ഹസന്‍ ആവശ്യപ്പെട്ടു. മര്‍ദനത്തിനിരയായ ആള്‍ ഒരു ഫാക്ടറിയില്‍ നിന്നും ഇറച്ചി വാങ്ങി പോകുകയായിരുന്നുവെന്നും ഇതിന്റെ രേഖ കൈവശമുണ്ടായിരുന്നെന്നും എംപി പറഞ്ഞു. പശു സംരക്ഷണത്തിന്റെ പേരിലുള്ള ഈ വിദ്വേഷം നിര്‍ത്തണമെന്നും ദൈവാനുഗ്രഹം കൊണ്ടു മാത്രമാണ് ഈ യുവാവ് കൊല്ലപ്പെടാതിരുന്നതെന്നും എംപി പറഞ്ഞു. 

മുറാദാബാദിലെ കട്ഘര്‍ പോലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 50 കിലോ പോത്തിറച്ചി സ്‌കൂട്ടറില്‍ കൊണ്ടു പോകുന്നതിനിടെ മനോജ് ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘം തടയുകയും 50,000 രൂപ നല്‍കിയില്ലെങ്കില്‍ പോലീസിനെ കൊണ്ട് പിടിപ്പിക്കുമെന്നു ഭീഷണിപ്പെടുത്തുകയുമായിരുന്നെന്ന് ശാക്കിറിന്റെ സഹോദരന്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

ഠാക്കൂറിന്റെ നേതൃത്വത്തിലുള്ള സംഘം ശാക്കിറിനെ വളയുകയും ലാത്തി ഉപയോഗിച്ച് അടിച്ച് താഴെ വീഴ്ത്തുന്നതും വിഡിയോയിലുണ്ട്. അക്രമികള്‍ക്കു വേണ്ടി പോലീസ് തിരച്ചില്‍ നടത്തുന്നതിനിടെ ഒളികേന്ദ്രത്തില്‍ നിന്നുള്ള ഠാക്കൂറിന്റെ വിഡിയോയും പുറത്തു വന്നു. ശാക്കിറിനെ തടയാന്‍ ശ്രമിക്കുന്നതനിടെ വാഹനം ഇടിപ്പിക്കാന്‍ ശ്രമിച്ചുവെന്നും തങ്ങളെ കൊല്ലാന്‍ ശ്രമിച്ചയാളെ രണ്ട് ലാത്തി കൊണ്ട് അടിച്ചതാണോ കുറ്റമെന്നും വിഡിയോയില്‍ ഠാക്കൂര്‍ ചോദിക്കുന്നു. പശുവിനെ കൊന്നയാളെ തടഞ്ഞ തന്നെ ഇപ്പോള്‍ പോലീസ് ഭീഷണിപ്പെടുത്തുകയാണെന്നും ഠാക്കൂര്‍ പറയുന്നു.

Latest News