VIDEO കോവിഡ് മാറാന്‍ യേശുവിനോട് പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥിച്ച ആരോഗ്യ പ്രവര്‍ത്തകയ്‌ക്കെതിരെ അന്വേഷണം

രത്‌ലാം- വീടുകള്‍ തോറും കയറിയിറങ്ങി യേശു ക്രിസ്തുവിനോട് പ്രാര്‍ത്ഥിക്കാന്‍ അഭ്യര്‍ത്ഥന നടത്തിയ ആരോഗ്യ പ്രവര്‍ത്തയക്കെതിരെ മധ്യപ്രദേശ് പോലീസ് അന്വേഷണം ആരംഭിച്ചു. കോവിഡ് സുഖപ്പെടാനും വരാതിരിക്കാനും യേശുവിനോട് പ്രാര്‍ത്ഥിച്ചാല്‍ മതിയെന്ന പ്രചരിപ്പിച്ച ഇവര്‍ മതപരിവര്‍ത്തന ലക്ഷ്യത്തോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് ബിജെപി ആരോപണം ഉന്നയിച്ചതിനു പിന്നാലെയാണ് അന്വേഷണം. ആരോഗ്യ പ്രവര്‍ത്തക വീടുകള്‍ സന്ദര്‍ശിക്കുന്ന വിഡിയോയും സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചു. ബിജെപി എംഎല്‍എ രാമേശ്വര്‍ ശര്‍മയും ഈ വിഡിയോ ട്വീറ്റ് ചെയ്തു. 

മധ്യപ്രദേശിലെ രത്‌ലാം ജില്ലയിലെ ഒരു ഗ്രാമത്തിലാണ് ആരോഗ്യ പ്രവര്‍ത്തക വീടുകള്‍ തോറും കയറി പ്രചരണം നടത്തിയത്. ചിലര്‍ ഇവരെ ചോദ്യം ചെയ്യുന്നതാണ് വിഡിയോ ഉള്ളടക്കം. എന്തിനാണ് യേശുവിനോട് പ്രാര്‍ത്ഥിക്കാന്‍ ആവശ്യപ്പെടുന്നതെന്നും ആരാണ് താങ്കളെ ഇങ്ങോട്ടയച്ചതെന്നും ഏതു ആശുപത്രിയില്‍ നിന്നാണ് എന്നുമെല്ലാം ഒരാള്‍ ചോദിക്കുന്നതും വിഡിയോയില്‍ കേള്‍ക്കാം. യേശുവിനോട് പ്രാര്‍ത്ഥിച്ചവര്‍  സുഖംപ്രാപിക്കുന്നുണ്ട് എന്നായിരുന്നു ആരോഗ്യ പ്രവര്‍ത്തകയുടെ മറുപടി. സര്‍ക്കാരിനു കീഴില്‍ ജോലി ചെയ്യുന്ന ഒരു ആരോഗ്യ പ്രവര്‍ത്തക മതപ്രചരണം നടത്തുന്നതായി പരാതി ലഭിച്ചിട്ടുണ്ടെന്ന് രത്‌ലാം ജില്ലാ തഹസില്‍ദാര്‍ ബി എസ് ഠാക്കൂര്‍ പറഞ്ഞു. അവരുടെ പക്കല്‍ നിന്നും മതപരമായ ലഘുലേഖകള്‍ കണ്ടെടുത്തിട്ടുണ്ടെന്നും അദ്ദേഹം പറയുന്നു.

Latest News