ഭോപാല്‍- ഇന്ത്യയില്‍ കോവിഡിന്റെ തീവ്രവ്യാപനത്തിന് ഇടയാക്കിയ പുതിയ B.1.617 വൈറസ് വകഭേദത്തെ ഇന്ത്യന്‍ വകഭേദമെന്ന് വിളിച്ചതിന് മുന്‍ മധ്യപ്രദേശ് മുഖ്യമന്ത്രിയും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവുമായ കമല്‍ നാഥിനെതിരെ പോലീസ് കേസെടുത്തു. തെറ്റായ വിവരം പ്രചരിപ്പിച്ചതിനും രാജ്യത്തെ അപകീര്‍ത്തിപ്പെടുത്തിയതിനും ദുരന്തനിവാരണ നിയമ പ്രകാരമാണ് കേസ്. കമല്‍നാഥിനെതിരെ ബിജെപിയാണ് പരാതി നല്‍കിയത്. ക്രൈം ബ്രാഞ്ച് കേസെടുക്കണമെന്നായിരുന്നു ബിജെപിയുടെ ആവശ്യം.
വെള്ളിയാഴ്ച നടത്തിയ വാര്‍ത്താസമ്മേളനത്തിനാണ് കമല്‍നാഥ് ഇന്ത്യന്‍ വകഭേദമെന്ന വാക്ക് ഉപയോഗിച്ചത്. ഇന്ത്യയില്‍ ആദ്യമായി കണ്ടെത്തിയ B.1.617 വകഭേദത്തെ മാധ്യമങ്ങളും ഇന്ത്യന്‍ വകഭേദമെന്നാണ് വിശേഷിപ്പിച്ചിരുന്നത്. എന്നാല്‍ ഇത് ഇന്ത്യയെ അപകീര്‍ത്തിപ്പെടുത്തുന്നതാണെന്നും ലോകാരോഗ്യ സംഘടന ഈ വൈറസിന് ഇങ്ങനെ വിശേഷണം നല്‍കിയിട്ടില്ലെന്നും ചൂണ്ടിക്കാട്ടി കേന്ദ്ര സര്‍ക്കാര്‍ രംഗത്തെത്തിയിരുന്നു. ഇങ്ങനെ പരാമര്‍ശിക്കുന്ന ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സമൂഹ മാധ്യമ കമ്പനികളോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് മാധ്യമങ്ങളും ഈ പ്രയോഗം ഒഴിവാക്കി.
ലോകത്തൊട്ടാകെയുള്ള ഇന്ത്യക്കാര്‍ ഇപ്പോള്‍ കോവിഡിന്റെ പര്യായമായി മാറിയിരിക്കുന്നു. നമ്മുടെ ഇന്ത്യയിപ്പോള്‍ കോവിഡിന്റെ പ്രഭവകേന്ദ്രമായിരിക്കുന്നു എന്നാണ് കമല്‍നാഥ് പറഞ്ഞത്. സര്‍ക്കാര്‍ പുറത്തുവിടുന്ന കോവിഡ് മരണക്കണക്കും കൃത്യമല്ലെന്ന് അദ്ദേഹം ആരോപിച്ചു. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ മാത്രം മധ്യപ്രദേശില്‍ 1,02,002 പേര്‍ കോവിഡ് ബാധിച്ച് മരിച്ചതായി അദ്ദേഹം പറഞ്ഞു. ഇന്ത്യന്‍ കൊറോണ എന്ന കമല്‍നാഥിന്റെ പരാമര്‍ശത്തിനെതിരെ കേന്ദ്ര മന്ത്രിമാരും രംഗത്തു വന്നിരുന്നു.






