Sorry, you need to enable JavaScript to visit this website.

സോഷ്യൽ മീഡിയ ഉപയോഗം; ഒന്നാമൻ മുഖ്യമന്ത്രി, രണ്ട് എം.എൽ.എമാർക്ക് ഇ-മെയിൽ വിലാസമില്ല

  • മൊബൈൽ നമ്പർ പോലുമില്ലാതെ ഉമ്മൻചാണ്ടി

കൊച്ചി- സോഷ്യൽ മീഡിയ ഉപയോഗത്തിൽ മുൻപന്തിയിൽ നിൽക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയൻ. ഫെയ്‌സ്ബുക്കിൽ ഏറ്റവും കൂടുതൽ ഫോളോവേഴ്‌സുള്ളത് മുഖ്യമന്ത്രിയായ പിണറായി വിജയനാണ്. 1,317,257 പേർ അദ്ദേഹത്തിന്റെ ഔദ്യോഗിക എഫ്.ബി പേജ് ലൈക്ക് ചെയ്തിട്ടുണ്ട്. 1,508,236 പേർ പിണറായി വിജയനെ പിന്തുടരുന്നുണ്ട്. രണ്ടാം സ്ഥാനത്ത് രമേശ് ചെന്നിത്തലയാണ്. 1,201,336 പേർ രമേശ് ചെന്നിത്തലയുടെ ഔദ്യോഗിക എഫ്.ബി പേജ് ലൈക്ക് ചെയ്തിട്ടുണ്ട്. 1,210,860 പേർ പിന്തുടരുന്നു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ പേജ് 1,101,856 പേർ ലൈക്ക് ചെയ്തിട്ടുണ്ട്. മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറിന്റെ പേജിന് 762,496 പേരും ലൈക്ക് ചെയ്തിട്ടുണ്ട്. എന്നാൽ പിണറായി വിജയൻ, ഉമ്മൻചാണ്ടി, കെ. ബാബു എന്നിവർക്ക് മാത്രമാണ് യൂട്യൂബ് അക്കൗണ്ടുകൾ ഉള്ളത്. തെരെഞ്ഞടുപ്പുമായി ബന്ധപ്പെട്ട് സ്ഥാനാർഥികൾ നൽകിയ സത്യവാങ്മൂലം അപഗ്രഥിച്ച് ലീഡേഴ്സ് ആൻറ് ലാഡേഴ്സ് ടീം നടത്തിയ പഠനത്തിലാണ് ഈ കണ്ടെത്തലുകൾ. 


നിയമസഭാ തെരഞ്ഞെടുപ്പിൽ വിജയിച്ച രണ്ട് എം.എൽ.എമാർക്ക് ഇപ്പോഴും ഇ-മെയിൽ വിലാസമില്ലെന്ന് റിപ്പോർട്ട് പറയുന്നു. ആറ്റിങ്ങലിൽ നിന്ന് ജയിച്ച ഒ.എസ്. അംബിക, ചിറയൻകീഴിൽ നിന്നും വിജയിച്ച മുൻ ഡെപ്യൂട്ടി സ്പീക്കർ കൂടിയായ വി. ശശി എന്നിവരാണത്. ഉമ്മൻചാണ്ടിയ്ക്ക് ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, യൂട്യൂബ്, വെബ്‌സൈറ്റ് തുടങ്ങിയവ ഉണ്ടെങ്കിലും സ്വന്തമായി ഇതുവരെയും മൊബൈൽ നമ്പർ ഇല്ല.


പിണറായി വിജയൻ, ഉമ്മൻചാണ്ടി എന്നിവർക്ക് മാത്രമാണ് സാമൂഹ മാധ്യമങ്ങളായ ഫെയ്‌സ്ബുക്ക്, ഇൻസ്റ്റഗ്രാം, ട്വിറ്റർ, യൂട്യൂബ്, സ്വന്തം വെബ്സൈറ്റ് എന്നിവയുള്ളത്. കുട്ടനാട് എം.എൽ.എ. തോമസ് കെ. തോമസ്, ചെങ്ങന്നൂർ എം.എൽ.എ. സജി ചെറിയാൻ എന്നിവർക്ക് സ്വന്തം വെബ്സൈറ്റ് ഉണ്ടെങ്കിലും ട്വിറ്ററും യുട്യൂബുമില്ല. മലമ്പുഴ നിയോജകമണ്ഡലത്തിൽ നിന്നുള്ള എ. പ്രഭാകരൻ, പത്തനാപുരത്ത് നിന്നുള്ള കെ.ബി. ഗണേഷ് കുമാർ, കണ്ണൂരിൽനിന്നും വിജയിച്ച മുൻ മന്ത്രി കടന്നപള്ളി രാമചന്ദ്രൻ എന്നിവർക്ക് ഫെയ്‌സ്ബുക്കില്ലെന്ന് സത്യവാങ്മൂലത്തിൽ പറയുന്നു. എന്നാൽ കടന്നപ്പള്ളി രാമചന്ദ്രന് വേരിഫൈഡ് അക്കൗണ്ട് ഫെയ്‌സ്ബുക്കിലുണ്ട്. കെ.ബി. ഗണേഷ്‌കുമാറിന്റെ പേരിലുള്ള പേജും ഫെയ്‌സ്ബുക്കിലുണ്ട്. പക്ഷേ, ഇത് ഔദ്യോഗിക പേജ് അല്ല. ഈ പേജിന് ഫെയ്‌സ്ബുക്കിന്റെ വേരിഫൈഡ് അടയാളമില്ല. 40-ൽ 137 എം.എൽ.എമാർക്കും ഫെയ്‌സ്ബുക്ക് അക്കൗണ്ടും 64 എം.എൽ.എമാർക്ക് ഇൻസ്റ്റഗ്രാം അക്കൗണ്ടുകളുണ്ട്. 17 എം.എൽ.എമാർക്കാണ് ട്വിറ്റർ അക്കൗണ്ടുകളുള്ളത്. ഇവർ സ്ഥിരമായി ട്വീറ്റ് ചെയ്യാറുമുണ്ട്. 
സമൂഹ മാധ്യമങ്ങളിൽനിന്നും രാഷ്ട്രീയ നേതാക്കൾ പൊതുവിൽ പിന്നോക്കം നിൽക്കുന്ന സ്ഥിതിയാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ചാണ് പലരും ആക്ടീവായത്. 


 

Latest News