ഇടുക്കി- വരാനിരിക്കുന്നത് പെരുമഴക്കാലമാണെന്ന സൂചനയുമായി മറയൂർ മേഖലയിൽ തകരമുത്തി ശലഭക്കൂട്ടം പറന്നെത്തി. മറയൂർ, കോവിൽക്കടവ് ടൗൺ പ്രദേശങ്ങളിലും ജനവാസ കേന്ദ്രങ്ങളിലൂടെയും പലവർണങ്ങളിലുള്ള ശലഭങ്ങൾ പാറിപ്പറക്കുന്നു.
ലോക്ഡൗണിൽ തിരക്കൊഴിഞ്ഞ അഞ്ചുനാടിന്റെ പച്ചപ്പിന് മേലെ ആയിരക്കണക്കിന് ശലഭങ്ങൾ ഇടതടവില്ലാതെ പറന്നു പോകുന്നത് കർഷകർക്കും ശുഭപ്രതീക്ഷയാണ് നൽകുന്നത്. ശലഭങ്ങളുടെ ദേശാടന കാലത്തെല്ലാം മികച്ച വിളവ് ലഭിക്കും. ധാരാളം വനവിഭവങ്ങളും ലഭിക്കുമെന്ന് കാടിന്റെ മക്കളും അനുഭവത്തിൽനിന്ന് പറയുന്നു.
ചിന്നാർ വന്യജീവി സങ്കേതത്തിലും മറയൂർ മലനിരകളിലും ശലഭങ്ങളുടെ ദേശാടന യാത്രക്ക് പ്രത്യേകതയുമുണ്ട്. കേരളത്തിൽ ശലഭങ്ങളുടെ ദേശാടന യാത്രകൾ കാണപ്പെടുന്നത് തെക്ക് നിന്ന് വടക്ക് ദിശയിലേക്കാണ്. എന്നാൽ മറയൂർ മലനിരകളിലൂടെ കോടിക്കണക്കിന് ശലഭങ്ങൾ ദേശാടനം ചെയ്യുന്നത് വടക്ക് നിന്ന് തെക്കൻ ദിശയിലേക്കാണ്.
വംശം നിലനിർത്താനും കാലാവസ്ഥാ മാറ്റത്തെ അതിജീവിക്കുവാനുമാണ് തകരമുത്തികൾ ദേശാടനം നടത്താറുള്ളത്. ശക്തമായ മഴക്കാലത്തിന് മുന്നോടിയായാണ് മുത്തികൾ കൂട്ടമായി പറക്കാറുള്ളതെന്ന ആദിവാസികളുടെ വിശ്വാസം പരിസ്ഥിതി ശാസ്ത്രജ്ഞർ ശരിവെക്കുന്നു. കാടുകളിലെ കടുത്ത മഴ മുൻകൂട്ടി കണ്ട് അതിനെ അതിജീവിക്കാനായാണ് കൂട്ടമായി ഇവ സമതലങ്ങളിലേക്ക് പറക്കുന്നത്. ഏപ്രിൽ-മേയ് മാസങ്ങളിലാണ് ഈ കൂട്ടപലായനം. പറന്നു പോകുന്ന പാതകളിൽ കണിക്കൊന്ന, തകര ചെടികളിൽ പത്ത് മുട്ടകൾ വരെ ഇടും. ഈ ലാർവ വിരിഞ്ഞ് ഇതോടൊപ്പം പലായനം തുടർന്നാണ് വംശം നിലനിർത്തുന്നത്. മഴക്കാലം അവസാനിക്കുന്നതോടെ നവംബർ മാസത്തിൽ തിരികെ കാടുകളിലേക്കുമെത്തും.
ചിന്നാറിലെ ശലഭ ദേശാടനം പഠന വിധേയമാക്കിയത് 2005 ലാണ്. ഡോ. കൃഷ്ണ മേഘകുണ്ടേ നടത്തിയ നിരീക്ഷണത്തിൽ മൂന്ന് ദിവസം കൊണ്ട് 175,000 ശലഭങ്ങൾ കടന്നു പോയതായി രേഖപ്പെടുത്തിയിരുന്നു.