Sorry, you need to enable JavaScript to visit this website.

ചെറുകിട കച്ചവടക്കാർ പട്ടിണിയിൽ;  വഴിവിട്ട ഓൺലൈൻ വ്യാപാരം തകൃതി

ആലപ്പുഴ- ലോക്ഡൗൺ മൂലം അനധികൃത ഓൺലൈൻ വ്യാപാരം തകൃതിയായി നടക്കുമ്പോൾ, ചെറുകിട കച്ചവടക്കാർ പട്ടിണിയിലാണ്. ഓരോ ദിവസവും കിട്ടുന്ന ചെറിയ വരുമാനത്തിൽ ജീവിക്കുന്ന ചെറുകിട കച്ചവടക്കാരുടെ പ്രശ്‌നങ്ങൾ സർക്കാർ ചെവിക്കൊള്ളുന്നില്ലെന്ന പരാതി നിലനിൽക്കെ കുത്തക ഭീമന്മാരുടെ ഉടമസ്ഥതയിലുള്ള ഓൺലൈൻ വ്യാപാരം തകൃതിയായിരിക്കുകയാണ്. ഇത് പലയിടത്തും വ്യാപാര മേഖലയിൽ സംഘർഷത്തിന് വഴിതെളിച്ചിട്ടുണ്ട്. 


ഓൺലൈൻ വ്യാപാരം നടത്താമെന്ന സർക്കാർ ഉത്തരവിന്റെ മറവിൽ വൻതോതിലാണ് ഇത്തരം വ്യാപാരം നക്കുന്നത്. സാധനങ്ങളുമായി വീടുവീടാന്തരം എത്തുന്ന ഓൺലൈൻ സപ്ലയർമാർ കോവിഡ് പരത്തുന്നതായും ആക്ഷേപമുണ്ട്. കോവിഡ് വാക്‌സിൻ എടുക്കാത്തവരും കോവിഡ് പരിശോധന കൃത്യമായി നടത്താത്തവരുമാണ് ഓൺലൈൻ ഉൽപ്പന്നങ്ങളുമായി വീടുകളിൽ കയറിയിറങ്ങുന്നത്. ഓൺലൈൻ വ്യാപാരികളുടെ ഗോഡൗണുകളിൽ കോവിഡ് മാനദണ്ഡങ്ങൾ പാലിക്കാതെ നിരവധി ജോലിക്കാരെ വെച്ചുകൊണ്ട് ഉൽപ്പന്നങ്ങൾ പായ്ക്കു ചെയ്യുകയും വേർതിരിച്ച് വീടുകളിലേക്ക് വിടുകയും ചെയ്യുന്നു. 


എറണാകുളം, മലപ്പുറം, കോഴിക്കോട്, കോട്ടയം തുടങ്ങിയ കേന്ദ്രങ്ങളിൽ ഓൺലൈൻ ഗോഡൗണുകളിലേക്ക് ചെറുകിട വ്യാപാരികളെത്തി പ്രവർത്തനം തടസ്സപ്പെടുത്തുന്ന സ്ഥിതിയുണ്ടായി. സമീപ പ്രദേശങ്ങളിലെ ചെറുകിട കച്ചവടക്കാർക്ക് കട തുറക്കാൻ സാധിക്കാത്ത സ്ഥിതിയിൽ ഓൺലൈൻ സ്ഥാപനങ്ങളുടെ ഗോഡൗണുകൾ യാതൊരു മാനദണ്ഡവും പാലിക്കാതെ പ്രവർത്തിക്കുന്നത് അനുവദിക്കാനാകില്ലെന്നാണ് വ്യാപാരി കൂട്ടായ്മകൾ പറയുന്നത്. കോവിഡ് പ്രോട്ടോക്കോളിൽ ഇളവു നൽകിയ ബിൽഡിംഗ് കൺസ്ട്രക്ഷൻ മെറ്റീരിയൽസ് വിൽക്കുന്ന കടകൾ പോലും പ്രാദേശിക തലത്തിലെ പോലീസും മറ്റധികാരികളും തുറക്കാൻ അനുവദിക്കുന്നില്ലെന്നാണ് ആക്ഷേപം. 


ഹോട്ട് സ്‌പോട്ടിന്റെ എണ്ണം വർധിപ്പിച്ച് ഒരു തരത്തിലുള്ള സ്ഥാപനങ്ങളും തുറക്കാത്ത സ്ഥിതിയുമുണ്ടാക്കുന്നുണ്ട്. അതേസമയം, ഹോട്ട് സ്‌പോട്ടുകളിൽപ്പോലും ഓൺലൈൻ വ്യാപാരികളുടെ വിതരണക്കാർ യഥേഷ്ടം സഞ്ചരിക്കുന്നു. 30 നു ശേഷം വ്യാപാര സ്ഥാനപങ്ങൾ തുറക്കാൻ അനുവദിച്ചില്ലെങ്കിൽ ചെറുകിട കച്ചവടക്കാരും അവരെ ആശ്രയിച്ച് കഴിയുന്ന അനേകായിരം തൊഴിലാളികളും പട്ടിണിമൂലം കടുത്ത ദുരിതത്തിലാകുമെന്ന് അവർ പറഞ്ഞു. 


അന്യസംസ്ഥാന തൊഴിലാളികളെ ഉൾപ്പെടെ ഉപയോഗപ്പെടുത്തി പണിയെടുപ്പിക്കുന്ന നിരവധി വ്യാപാര മേഖലകൾ സ്തംഭിച്ചതോടെ ഇവരെയെല്ലാം സംരക്ഷിക്കേണ്ട ചുമതല വ്യാപാരികൾക്കാണ്. ജോലിയില്ലാതെയും വരുമാനമില്ലാതെയും ജീവിതച്ചെലവും താമസ സൗകര്യവും തൊഴിലാളികൾക്ക് ചെയ്തു കൊടുക്കേണ്ടി വരുന്നത് ഏറെയും വ്യാപാരികളെ ബുദ്ധിമുട്ടിലാക്കിയിട്ടുണ്ട്. 
കോവിഡ് പ്രോട്ടോക്കോൾ കർശനമായി പാലിച്ച് വ്യാപാര സ്ഥാപനങ്ങൾ തുറക്കുന്നതിന് അനുമതി നൽകണമെന്നതാണ് ചെറുകിട കച്ചവടക്കാരുടെ ആവശ്യം. ലോക്ഡൗണിന്റെ പേരിൽ വ്യാപാരികൾക്ക് തൊഴിലെടുക്കാൻ കഴിയാത്ത സാഹചര്യം തുടർന്നാൽ ചെറുകിട വ്യാപാര മേഖലയിൽ ആത്മഹത്യ വർധിക്കുമെന്നും അവർ പറയുന്നു. 


ലോക്ഡൗൺ കാലത്ത് അടച്ചിട്ട കടകളുടെ വാടകയും വ്യാപാരികൾക്ക് വലിയ തലവേദനയാണ്. കഴിഞ്ഞ ലോക്ഡൗൺ സമയത്ത് വാടകയിൽ ഇളവ് നൽകണമെന്ന് മുഖ്യമന്ത്രി കെട്ടിട ഉടമകളോട് അഭ്യർഥിച്ചിരുന്നു. ഇതംഗീകരിച്ച പല സുമനസ്സുകളും അക്കാലത്ത് വാടക ഒഴിവാക്കിയെങ്കിലും ചിലർ അംഗീകരിച്ചില്ല. ഇളവ് ചോദിച്ച വ്യാപാരികളോട് കട ഒഴിഞ്ഞു കൊടുക്കാനാണ് മധ്യ തിരുവിതാംകൂറിലെ പല കെട്ടിട ഉടമകളും ആവശ്യപ്പെട്ടത്. ഇത്തവണ സർക്കാർ തലത്തിൽ നിന്ന് ഇത്തരമൊരു നിർദേശം ഉയർന്നിട്ടില്ല. വാകട ഇളവ് നൽകാൻ സർക്കാർ കെട്ടിട ഉടമകളോട് നിർദേശിക്കണമെന്നാണ് വ്യാപാരികളുടെ ആവശ്യം. 

Latest News