സൗദിയിലേക്കുള്ള പ്രവാസികൾ ബഹറൈനിൽ കുടുങ്ങിയ സംഭവം; പ്രശ്നം ഉടൻ പരിഹരിക്കുമെന്ന് സൂചന

ദമാം- കോവിഡ് മഹാമാരിയുടെ വ്യാപനം ശക്തമായതോടെ ഏർപ്പെടുത്തിയ യാത്ര നിയന്ത്രണങ്ങളെ തുടർന്ന് സൗദിയിലേക്ക് പുറപ്പെട്ട നിരവധി മലയാളികളുൾപ്പടെ പ്രവാസികൾ ബഹറൈനിൽ കുടുങ്ങി. ഇന്ത്യയിൽനിന്നും സൗദിയിലെത്താൻ ഏക ആശ്രയമായിരുന്ന ബഹ്റൈൻ വഴി 14 ദിവസത്തെ ക്വാറന്റൈൻ പൂർത്തിയാക്കി മടങ്ങാനുള്ള മാർഗമാണ് പുതിയ നിബന്ധനകൾ കാരണം മുടങ്ങിയത്. ബഹ്‌റൈനിൽ നിന്നും സൗദിയെ ബന്ധിപ്പിക്കുന്ന കിംഗ് ഫഹദ് കോസ്‌വെ വഴി സൗദിയിലേക്ക് മടങ്ങാനുള്ള കരമാർഗം രണ്ടു ഡോസ് വാക്‌സിൻ സ്വീകരിച്ചവർക്ക് മാത്രം പരിമിതപ്പെടുത്തിയതിലൂടെയാണ് പ്രവാസികളുടെ മടക്കം കഷ്ടപ്പാടിലാക്കിയത്. 

ഒരു ലക്ഷം രൂപയോളം ചിലവഴിച്ചാണ് ഇവർ 14 ദിവസത്തെ താമസവും ഭക്ഷണവും സൗദിയിലേക്ക് കരമാർഗം മടങ്ങാനുള്ള യാത്രയും ഉൾപ്പടെയുള്ള പാക്കേജിൽ ബഹറൈനിൽ എത്തിയിട്ടുള്ളത്. കോവിഡ് ആദ്യ ഘട്ടത്തിൽ നാട്ടിലെത്തിയവരും കഴിഞ്ഞ ഏതാനും മാസങ്ങളിൽ അടിയന്തിരമായി നാട്ടിലെത്തിയവരും സൗദിയിലേക്ക് മടങ്ങാനുള്ള ഏക വഴിയായ ബഹ്റൈൻ തെരഞ്ഞെടുക്കുകയും ഇതിൽ തന്നെ നിരവധി സാധാരണക്കാരായ പ്രവാസികൾ നിത്യ ചിലവിനു പോലും വകയില്ലാതെ നാട്ടിൽ പ്രയാസപ്പെട്ടിരിക്കെയാണ് പലരിൽ നിന്നും കടം വാങ്ങിയും കിടപ്പാടം പണയം വെച്ചും ഇപ്പോൾ ബഹറൈനിൽ എത്തിയത്. 

കോസ്‌വെ അടയുകയും വിമാന മാർഗം സൗദിയിലെത്തി ഏഴു ദിവസം ക്വാറന്റൈൻ ചെയ്യുന്നതിന് അയ്യായിരം റിയാൽ മുതൽ പാക്കേജുകൾ പ്രഖ്യാപിച്ചു സ്വകാര്യ ട്രാവൽസ് എജൻസികൾ ഇതിനകം പ്രവർത്തനം തുടങ്ങിയിട്ടുണ്ട്. നിത്യ ചിലവിനു പോലും വകയില്ലാതെ ബുദ്ധിമുട്ടുന്ന ഇവർ എങ്ങിനെ ഇത്രയും ഭീമമായ തുക കണ്ടെത്താനാവുമെന്ന ചിന്തയിലാണ്. ഇത് സംബന്ധിച്ച് നിരവധി സാമൂഹ്യ സാംസ്‌ക്കാരിക പ്രവർത്തകരും സംഘടനകളും കേന്ദ്ര കേരള സർക്കാരുകളെ സമീപിച്ചിട്ടുണ്ട്. ബഹ്്്‌റൈനിലെ പാക്കേജ് കാലാവധി കഴിഞ്ഞവരെ ഇവർ താമസിക്കുന്ന ചില ഹോട്ടലുകളിൽ നിന്നും ഇറക്കി വിട്ടതായും റിപ്പോർട്ടുകൾ ഉണ്ട്. നിരവധി ആളുകൾ ബഹറൈനിൽ നിന്നും താമസ സൗകര്യം ഏർപ്പെടുത്തുന്നതിനും ഭക്ഷണത്തിനുമായി ബന്ധപ്പെട്ടിരുന്നതായി ദമാമിലെ സാമൂഹ്യ പ്രവർത്തകനും പ്രവാസി വ്യവസായിയുമായ ഷഫീഖ് കൊടുങ്ങല്ലൂർ മലയാളം ന്യൂസിനോട് പറഞ്ഞു. ബഹ്‌റൈനിലെ ചില സുഹൃത്തുക്കൾ വഴി അറിയാവുന്ന നിരവധി പ്രവാസികൾക്ക് സഹായം എത്തിക്കാൻ കഴിഞ്ഞതായും ഇത്തരം മറ്റു ചില ആളുകൾക്ക്്് സഹായം എത്തിക്കാൻ മറ്റുള്ള സഹൃദയരുമായി ബന്ധപ്പെട്ടു സൗകര്യങ്ങൾ ഒരുക്കിയതായും അദ്ദേഹം അറിയിച്ചു. 

ബഹറൈനിൽ കുടുങ്ങിയ സൗദി പ്രവാസികളെ സഹായിക്കുന്നതിനായി ബഹ്‌റൈനിലെ സാമൂഹ്യ പ്രവർത്തകരും, മാധ്യമ പ്രവർത്തകരും, ഹോട്ടൽ, ട്രാവൽസ് തുടങ്ങിയ മേഖലയിൽ ഉള്ളവരും ചേർന്ന് ഹെൽപ് ഡെസ്‌ക് ആരംഭിച്ചിട്ടുണ്ട്. സൗദിയിലേക്ക് പോകേണ്ടവർ 33838666 (അബ്ദുറഹ്മാൻ മാട്ടൂൽ),  33052485 (അമൽ ദേവ് ഒ.കെ) എന്നീ നമ്പറുകളിൽ ബന്ധപ്പെടാനാവുമെന്നും ഭാരവാഹികൾ അറിയിച്ചു. കൂടാതെ പ്രശ്‌നം പരിഹരിക്കുന്നതിനായി കിംഗ് ഫഹദ് കോസ്‌വെ അധികൃതരുമായി ബഹ്റൈൻ ഇന്ത്യൻ എംബസി അധികൃതർ ചർച്ച നടത്തിയതായും സാമൂഹ്യ പ്രവർത്തകർ അറിയിച്ചു. കോസ്‌വെ വഴി യാത്ര സുഗമാമാക്കുന്നതിനുള്ള നടപടി ക്രമങ്ങൾ പുരോഗമിക്കുന്നതായും വരും ദിവസങ്ങളിൽ പ്രശ്‌നത്തിന് പരിഹാരമാകുമെന്നും സാമൂഹ്യ പ്രവർത്തകർ അറിയിച്ചു.


 

Latest News